മാഞ്ചസ്റ്ററിലെ വിഗനിൽ ചങ്ങനാശ്ശേരി സ്വദേശി മരണമടഞ്ഞു; വിടവാങ്ങിയത് സാമൂഹികരംഗത്ത് സജീവ സാന്നിധ്യമായ ജോയ്മോൻ തോമസ്….
Apr 27, 2022
വിഗൻ: ഗ്രെറ്റർ മാഞ്ചസ്റ്ററിലെ വിഗനിൽ മലയാളികളെയെല്ലാം ദുഃഖത്തിലാഴ്ത്തി ചങ്ങനാശ്ശേരി സ്വദേശി മരണമടഞ്ഞു. സാമൂഹിക രംഗങ്ങളിലെല്ലാം സജീവ സാന്നിധ്യമായ ജോയ്മോൻ തോമസാണ് വിടവാങ്ങിയത്. മുന്‍പ് രണ്ടു വട്ടം മരണത്തിനടുത്തെത്തി മടങ്ങിയ ജോമോന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ആശുപത്രിയും വീടും ആയി കഴിഞ്ഞിരുന്നതിനാല്‍ ഇത്തവണയും അദ്ദേഹം തങ്ങള്‍ക്കിടയിലേക്കു തന്നെ മടങ്ങി വരും എന്ന വിഗാന് മലയാളികളുടെ പ്രതീക്ഷയാണ് ഇന്നലെ ഉച്ചയോടെ അസ്തമിച്ചത്.
വിഗൻ മലയാളി അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു ജോയ്മോൻ തോമസ്. ഇന്നലെ വീട്ടില്‍ വിഗനിലെ സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ അസ്വസ്ഥത തോന്നിയതിനാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുക ആയിരുന്നു. ഭാര്യക്കും യൂണിവേഴ്സിറ്റി വിദ്യാഭ്യസം പൂര്‍ത്തിയാക്കിയ ഏക മകൾക്കൊപ്പമാണ് 58 കാരനായ ജോയ്മോൻ തോമസ് താമസിച്ചിരുന്നത്. വിഗനിലെ മലയാളികൾക്കൊപ്പം എന്നും പ്രവർത്തിച്ചിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ ജോയ്മോൻ തോമസ് നാട്ടിലും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. തൃക്കൊടിത്താനം കോ ഓപറേറ്റിവ് ബാങ്കിൽ ദീർഘകാലം പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന ജോയ്മോൻ സിപിഎം ലോക്കല്‍ സെക്രട്ടറി ആയും പ്രവർത്തിച്ചിരുന്നു.
വീൽ ചെയറിലായിരുന്നു ജോയ്മോൻ തോമസ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പക്ഷാഘാതം വന്നാണ് അദ്ദേഹത്തിന്റെ കാലുകള്‍ തളര്‍ത്തി കളഞ്ഞത്. എന്നാല്‍ മരണത്തെ തോല്പിച്ച താന്‍ ജീവിതത്തില്‍ തോല്ക്കാന് തയ്യാറല്ലെന്ന ഭാവത്തില്‍ അദ്ദേഹം വീല്‍ ചെയറില്‍ വീണ്ടും സജീവമായി. മലയാളി കൂട്ടായ്മകളിലും പള്ളിയിലും നിരന്തര സാന്നിധ്യമായി. കാലുകള്‍ തളര്‍ന്നെങ്കിലും വാക്കുകള്‍ ഒട്ടും തളരാതെ സൂക്ഷിക്കാനും അദ്ദേഹത്തിനായി. പിന്നീട് വൃക്കകള്‍ പിണക്കം കാട്ടിയപ്പോഴും ഡയാലിസിസ് നടത്തി പിടിച്ചു നില്ക്കുക ആയിരുന്നു.
സംസ്കാരം സംബന്ധിച്ച് അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. മുപ്പതു വര്‍ഷത്തെ ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ഭാര്യ സില്വിയയോടും ഏകമകൾ അനു ജോമോനോടും യാത്ര പറയുന്നത്.
ജോയ്മോൻ ചേട്ടൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ജാക്സൺ തോമസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ, വിഗൻ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് മിജോസ് സേവ്യർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….
റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ചാരിറ്റി ഫൗണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും /
click on malayalam character to switch languages