1 GBP = 103.91

സ്ത്രീവിരുദ്ധ നിലപാടുകള്‍ : അമ്മയ്‌ക്കെതിരെ പ്രതിഷേധം കടുക്കുന്നു

സ്ത്രീവിരുദ്ധ നിലപാടുകള്‍ : അമ്മയ്‌ക്കെതിരെ പ്രതിഷേധം കടുക്കുന്നു

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയില്‍ തിരികെയെടുത്തതിന്റെ പശ്ചാത്തലത്തില്‍ സംഘടനയ്‌ക്കെതിരെ പ്രതിഷേധം കടുക്കുന്നു. സംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധം അറിയിച്ച് നാല് നടിമാര്‍ രാജിവെക്കുക കൂടി ചെയ്തതോടെയാണ് അമ്മയ്‌ക്കെതിരെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് വനിതാ കമ്മീഷന്‍ പ്രതികരിച്ചിരിക്കുന്നത്.

അമ്മയുടെ പുരുഷാധിപത്യ പ്രവണതയ്‌ക്കെതിരെ ആരോഗ്യ മന്ത്രി കെ കെ ശൈലജയും രംഗത്തെത്തിയിട്ടുണ്ട്. മലയാളസിനിമാ മേഖലയിലെ ഒട്ടും ആശാസ്യമല്ലാത്ത പ്രവര്‍ത്തികളാണ് ഉന്നത നീതി ബോധം പുലര്‍ത്തേണ്ട ഒരു സംഘടനയില്‍ നിന്നുണ്ടായിരിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്ത്രീപക്ഷ നിലപാടുകളെ ഉള്‍ക്കൊള്ളാനും ഉയര്‍ത്തിപ്പിടിക്കാനും കഴിയാത്തിടത്തോളം കാലം സംഘടന ഒറ്റപ്പെട്ടു പോകുമെന്ന് വ്യക്തമാക്കിയ ശൈലജ, അക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മനസറിയാനും കൂടെ നില്‍ക്കാനും കഴിയാത്തവര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തകരാകാന്‍ അവകാശമില്ലെന്ന വിമര്‍ശനവും ഉന്നയിച്ചു. പ്രതികരിക്കാന്‍ തീരുമാനിച്ച് രാജിവെച്ച സഹോദരിമാര്‍ക്ക് പിന്തുണ അറിയിച്ച മന്ത്രി സാംസ്‌കാരിക കേരളം അവര്‍ക്കൊപ്പം നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു.

അമ്മയില്‍ നടക്കുന്നത് പണാധിപത്യമാണെന്ന വിമര്‍ശനമാണ് മന്ത്രി ജി സുധാകരന്‍ ഉന്നയിച്ചത്. ദിലീപിനെ കുറിച്ച് ഒരുകാലത്തും നല്ല അഭിപ്രായമില്ലെന്നും തിലകനോടും ചെയ്തത് മറക്കാനാകില്ലെന്നും വ്യക്തമാക്കിയ ഇദ്ദേഹം ദിലീപിനെ സംഘടനയില്‍ തിരികെയെടുക്കാനുള്ള തീരുമാനം ആലോചിച്ച് വേണമായിരുന്നുവെന്നും അറിയിച്ചു. എറണാകുളം കേന്ദ്രീകരിച്ച് ഒരു ലോബി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപണവും സുധാകരന്‍ ഉന്നയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more