1 GBP = 103.12

മമ്മിയ്ക്ക് വിങ്ങുന്ന നെഞ്ചുമായി രാജകീയ യാത്രയയപ്പുനൽകി വാം കുടുംബം

മമ്മിയ്ക്ക് വിങ്ങുന്ന നെഞ്ചുമായി രാജകീയ യാത്രയയപ്പുനൽകി വാം കുടുംബം

സുനിൽ ജോസഫ് 

കാൽ നൂറ്റാണ്ടോളം ആകുന്ന മലയാളിയുടെ രണ്ടാം ഘട്ട യുകെ കുടിയേറ്റ ചരിത്രത്തിൽ നിരവധി വ്യക്തികളുടെ വിയോഗം തദ്ദേശത്തെ മലയാളി സമൂഹത്തെ വേദനയിൽ ആഴ്ത്തിയിട്ടുണ്ട്.താരതമ്യേന മധ്യവയസ്സിൽ എത്തിയവരുടെ അകാല വിയോഗത്തിൽ കുടുംബത്തോടൊപ്പം ചേർന്ന് നിന്ന് അവർക്ക് തണലാകുന്ന മലയാളികൾ യുകെയിലെ വിവിധ ഭാഗങ്ങളിൽ പതിവു കാഴ്ചയുമാണ്.എന്നാൽ എൺപത്തഞ്ചു വയസിൽ നിര്യാതയായ ഒരമ്മയ്ക്ക് തദ്ദേശത്തെ മലയാളി സമൂഹം വിങ്ങുന്ന നെഞ്ചുമായി ഒരേ മനസോടെ നൽകിയ രാജകീയ യാത്രയയപ്പ്‌ ഒരു പക്ഷേ അപൂർവത ആയിരിക്കാം.

ഇത്തരത്തിലെ അപൂർവതയ്ക്കാണ് വെസ്റ്റ് മിഡ്ലാൻഡ്‌സിലെ ബർമിംഗ് ഹാമിനടുത്തുള്ള ചെറുനഗരമായ വെഡ്നെസ്ഫീൽഡ് ഇക്കഴിഞ്ഞ വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്. 2021 മാർച്ച്‌ 16-ന് നിര്യാതയായ അന്നമ്മ തോമസിന്റെ(ഗ്ളാക്സിൻ തോമസിന്റെ മാതാവ് ) പൊതു ദർശനവും മൃതസംസ്ക്കാര ചടങ്ങുകളും ഇക്കഴിഞ്ഞ ബുധൻ,വ്യാഴം ദിവസങ്ങളിലായി നടന്നു. ഇരുപതോളം മലയാളി കുടുംബങ്ങൾ അംഗങ്ങളായ വാം എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷനിലെ അംഗങ്ങളാണ് തങ്ങളുടെ പ്രിയ മമ്മിയ്ക്ക് അവരുടെ കുടുംബത്തോടും ബന്ധുക്കളോടും തോളോട് തോൾ ചേർന്നു നിന്ന് അവിസ്മരണീയമായ അവസാന യാത്ര ഒരുക്കിയത് .

മമ്മിയുടെ വേർപാടിന്റെ നൊമ്പരം മനസ്സിൽ പേറുമ്പോഴും മമ്മിയോടൊപ്പം ചിലവഴിച്ച സുന്ദര കാലഘട്ടത്തിൻറെ മറക്കാത്ത സ്മരണകളാണ് മമ്മിയുടെ അവസാന യാത്രയിൽ ഓരോരുത്തരും പ്രകടമാക്കിയത്. പരിചയപ്പെടുന്ന ഓരോ വ്യക്തികളുടെയും ഹൃദയത്തിൽ ഒരു കയ്യൊപ്പ് കോരിയിട്ട് കടന്നുവന്ന ജീവിത വഴിത്താരകളിലെല്ലാം സ്വന്തമായ പാദമുദ്രപതിപ്പിച്ച കടന്നു പോയ ഒരു ജീവിതം. സഹനങ്ങളുടെ മരുഭൂമിയിൽ തളർന്നുവീഴാതെ അവയെ അനുഭൂതികളാക്കി മാറ്റിയ ജീവിതമായിരുന്നു മമ്മിയുടേത്. കണ്ടുമുട്ടുന്ന വ്യക്തികളിലൊക്കെ ദൈവസ്നേഹത്തിൻറെ സ്നേഹ ചക്ഷകം പകർന്നുനൽകി മറ്റുള്ളവർക്കായി സ്വയം എരിഞ്ഞമർന്ന ജീവിതം.ഒരു പ്രാവശ്യമെങ്കിലും പരിചയപെട്ടവർക്ക് ജീവിതാവസാനം വരെ നീണ്ടുനിൽക്കുന്ന സ്മരണകൾ സമ്മാനിക്കുന്നതായിരുന്നു മമ്മിയെ ഇടപെടലുകൾ. 

പന്ത്രണ്ടാമത്തെ വയസ്സിൽ പറക്കമറ്റാത്ത മൂന്ന് ഇളയ സഹോദരങ്ങൾക്ക് വേണ്ടി പെറ്റമ്മയുടെ സ്ഥാനം സ്വയം ഏറ്റെടുക്കേണ്ടിവന്ന കൗമാരം. സഹോദരങ്ങളോടുള്ള ഉത്തരവാദിത്യം പൂർണമായി നിർവഹിച്ചു ഒരു സഹോദരനെ ദൈവവിളിക്കായി സമർപ്പിച്ചതിനു ശേഷം വളരെ വൈകി മനസ്സിന്റെ കോണിൽ അടുക്കിവെച്ചിരുന്ന ആതുരസേവനം എന്ന മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടി നഴ്‌സായി മഹാരാഷ്ട്രയ്യിലെ അക്കോള എന്ന കുഗ്രാമത്തിലേക്ക്.ജീവിതത്തിന്റെ നല്ലൊരു ഭാഗവും അവിടെ സേവനം ചെയ്ത മമ്മി, അവിടുത്തെ നിരവധിപേരുടെ ആശ്രയവും ആലംബവുമായിരുന്നു. തന്റെ ആരോഗ്യവും സമ്പത്തും ആ കൊച്ചുഗ്രാമത്തിലെ സാധാരണക്കാർക്കായി മമ്മി പങ്കുവെച്ചു. അക്കോള എന്നാ ദരിദ്ര ഗ്രാമത്തിലെ നൂറുകണക്കിന് പിഞ്ചു കുഞ്ഞുങ്ങളെ ആ മാറോട് ചേർത്തു വെച്ചു ഭക്ഷണം നൽകി വിദ്യാഭ്യാസം നൽകി പ്രാർത്ഥിക്കാൻ പഠിപ്പിച്ചു ദൈവസ്നേഹം പകർന്നു കൊടുത്തു പ്രേക്ഷിത ദൗത്യത്തിന് പുതിയ മാനം നൽകിയ വ്യക്തിത്വമായിരുന്നു മമ്മിയുടേത് .

കാലചക്രം സമ്മാനിച്ച ദാമ്പത്യത്തിൽ ഏക മകന്റെ ചെറുപ്രായത്തിൽ തന്നെ സംഭവിച്ച ഭർത്താവിന്റെ രോഗാവസ്ഥയിലും . പിന്നീടുണ്ടായ വേർപാടിലും സഹനങ്ങളുടെ തീച്ചൂളയിലും പതറാത്ത മനസ്സും അടിയുറച്ച ദൈവആശ്രയവും സ്വന്തമായിരുന്ന മമ്മി കുരിശിന്റെ വഴിയിൽ മറ്റുള്ളവർക്ക് എക്കാലവും പ്രജോദനമായിരുന്നു.

ഏറെക്കാലത്തെ നഴ്‌സിംഗ് സേവനത്തിനു ശേഷം ഹെഡ് നഴ്സ് ആയി റിട്ടയർ ചെയ്ത മമ്മി വിശ്രമ ജീവിതം നയിക്കവെയാണ് പതിനാറു വർഷങ്ങൾക്കു മുൻപ് മകൻ ഗ്ളാക്സിനും കുടുംബത്തിനോടും ഒപ്പം ചേരുവാൻ യുകെയിൽ വരുന്നത്. തുടർന്ന് ഇങ്ങോട്ടുള്ള വർഷങ്ങളിൽ വാമിലെ ഓരോ കുടുംബത്തിനും മാതൃ സ്ഥാനീയ ആയിരുന്നു മമ്മി നൽകിയ മാർഗ നിർദേശങ്ങൾ സംഘടനയിലെ ഓരോ കുടുംബത്തെയും കൂട്ടായി ചേർത്തു നിർത്തുവാൻ ഏറെ സഹായകരമായിട്ടുണ്ട്.മരണത്തിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് നൽകിയ വീഡിയോ സന്ദേശത്തിലും സമൂഹത്തിന്റെ ഒത്തൊരുമ നില നിർത്തുവാനുള്ള ആഹ്വാനം മമ്മി നൽകിയിട്ടുണ്ട്. ജപമാലയുടെ ഒരു ജീവിതമായിരുന്നു മമ്മിയുടേത്. അതുകൊണ്ടുതന്നെ ഹീലിയം ബലൂണുകളാൽ നിർമ്മിച്ച മനോഹരമായ ജപമാല ആകാശങ്ങളിലേക്ക് പറത്തിവിട്ടാണ് കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കുമൊപ്പം വാമിലെ കുടുംബങ്ങൾ മമ്മിയെ യാത്രയാക്കിയത്. 

ആദ്യ കൂടികാഴ്‌ചയിൽ തന്നെ മമ്മിയിലെ വിശുദ്ധജീവിതം മനസ്സിലാക്കിയ ബർമിംഗ്ഹാം അതിരൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ഡേവിഡ് എംസി ഗൗഗ്, തന്റെ ആരോഗ്യ പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുവാൻ എത്തുകയും പൊതുദർശന ദിവസം വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അനുശോചന സന്ദേശം അറിയിച്ചു. സെന്റ് പാട്രിക് ഇടവക വികാരി ഫാദർ ഡേവിഡ്, മുൻ വികാരി ഫാദർ ഈമോൻ, സീറോ മലബാർ മിഷൻ ഫാദർ തോമസ്, ഫാദർ ടെറിൻ, ഫാദർ സഞ്ജു തുടങ്ങിയവർ സംസ്ക്കാര ദിവസത്തെ ശുഷ്രൂഷകളിൽ പങ്കെടുത്തു.ഫാദർ സോജി ഓലിക്കൽ, ഫാദർ സജി തോട്ടം ,ഫാദർ സിറിൽ ഇടമന തുടങ്ങിയവർ വീഡിയോ സന്ദേശങ്ങൾ വഴിഅനുശോചന സന്ദേശം അറിയിച്ചു.മമ്മിയുടെ സ്നേഹത്തിന്റെ കിരണങ്ങൾ അനുഭവിച്ച നിരവധിപേരാണ് രണ്ടുദിവസങ്ങളിലായി എത്തികൊണ്ടിരുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു എല്ലാം ക്രമീകരിക്കപെട്ടിരുന്നത്

ഏറെ മധുരതരമായ ഓർമ്മകൾ സമ്മാനിച്ച മമ്മിയെന്ന നന്മമരം വിട വാങ്ങുമ്പോൾ വാം എന്ന കൂട്ടു കുടുംബത്തിന് ഇത് ഇലപൊഴിയും കാലമാണ് .ചക്രവാള സീമകൾക്കപ്പുറം താരാപഥങ്ങൾക്കിടയിൽ പ്രശോഭിക്കുന്ന നക്ഷത്രമായി മമ്മിയെ കാണാനാകുമെന്നതാണ് ഇനിയുള്ള പ്രത്യാശ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more