1 GBP = 104.24

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വാൽസിംഗ്ഹാം തീർത്ഥാടനം ഇന്ന്; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികൻ….

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വാൽസിംഗ്ഹാം തീർത്ഥാടനം ഇന്ന്; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികൻ….

വാൽസിംഗ്ഹാം:-ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വാൽസിംഗ്ഹാം തീർത്ഥാടനം ഇന്ന് നടക്കും. ഇംഗ്ലണ്ടിലെ പുണ്യ പുരാതന മരിയൻ തീർത്ഥാടനകേന്ദ്രമായ  വാൽസിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള മരിയൻ തീർത്ഥാടനം ഇന്ന് (17/7/21 )  ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 PM മുതൽ 5 PM വരെയുള്ള സമയങ്ങളിലായിരിക്കും നടക്കുന്നത്. തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തീർത്ഥാടന കോർഡിനേറ്റർ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ.ഫാ.ജിനോ അരിക്കാട്ട് (എംസിബിഎസ്) അറിയിച്ചു.

ഉച്ചകഴിഞ്ഞ് 1.30 ന് ജപമാല സമർപ്പണത്തോടെ തീർത്ഥാടനം ആരംഭിക്കും. തുടർന്ന്  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ്  സ്രാമ്പിക്കലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ  നടക്കുന്ന വിശുദ്ധ ബലിയിലും  മറ്റു തിരുക്കർമ്മങ്ങളിലുംനിരവധി വൈദികർ സഹകാർമ്മികരാകും. തുടർന്ന് പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. ആരാധനയോടെയാണ് ഈ വർഷത്തെ തീർത്ഥാടനം അവസാനിക്കുന്നത്. രൂപത കുടുംബം മുഴുവൻ ഒരു മനസ്സോടെ, കൃപ നിറഞ്ഞ തീർത്ഥാടന അനുഭവത്തോടെ പങ്കെടുക്കും.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ  അഞ്ചാമത്  വാൽസിംഗ്ഹാം മരിയൻ തീർത്ഥാടനത്തിൻ്റെ എല്ലാ ഒരുക്കങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് റവ.ഫാ. തോമസ് പാറക്കണ്ടത്തിലും ഹേവർഹിൽ  സീറോ മലബാർ കമ്മ്യൂണിറ്റിയുമാണ്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗവണ്മെന്റിന്റെ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഇത്തവണയും തീർത്ഥാടനം നടത്തുന്നത്. പരമാവധി 300 പേർക്കാണ് ഇത്തവണത്തെ  വാൽസിംങ്ഹാംതീർത്ഥാടനത്തിൽ   പ്രവേശനം ലഭിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക്  മാത്രമേ തിരുനാളിൽപങ്കെടുക്കുവാൻ സാധിക്കുയുള്ളൂ.

കഴിഞ്ഞുപോയ വർഷങ്ങളിൽ വളരെ ആഘോഷപൂർവ്വം കൂടുതൽ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി നടത്തിയിരുന്ന രൂപതാ തീർത്ഥാടനം ഇന്നത്തെ പ്രത്യേകസാഹചര്യങ്ങളാൽ 300 പേരെ വച്ചു മാത്രം നടത്തുകയാണ്. എന്നാൽ ഏവരുടേയും ആത്മീയ സാന്നിദ്ധ്യം ഇന്നത്തെ തീർത്ഥാടന തിരുക്കർമ്മങ്ങൾക്ക് ഉണ്ടാകണമെന്ന്  സംഘാടകർ അഭ്യർത്ഥിച്ചു.

 രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും/ മിഷനുകളിലും  കഴിഞ്ഞ ഒരാഴ്ച പ്രത്യേകമായി  തീർത്ഥാടന ദിവസത്തിനായി പ്രാർത്ഥിച്ചൊരുങ്ങുകയായിരുന്നു. ഭവനങ്ങളിലിരുന്ന് തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ  രൂപതയുടെ യുട്യൂബ്, ഫെയ്സ് ബുക്ക് പേജുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ലൈവ് പ്രോഗ്രാം പ്രയോജനകരമാകും. മുൻകൂട്ടി പേരുകൾ നൽകിയവർക്ക് എൻട്രി പാസുകൾ ഇതിനകം നൽകിയിട്ടുള്ളതാണ്. 
വാൽസിംങ്ഹാം മരിയൻ തീർത്ഥാടനത്തിൽ നേരിട്ടും ഓൺലൈനിലുമായി പങ്കു ചേർന്ന് പരിശുദ്ധ ദൈവമാതാവിൻ്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സംഘാടകർ ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more