1 GBP = 103.92

വാല്‍സിംഗ്ഹാം തീര്‍ത്ഥാടനത്തിനൊരുങ്ങി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ജൂലൈ 16 ന് ….. ഇതള്‍ വിരിയുന്നത് സഭാ ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷങ്ങള്‍ …

വാല്‍സിംഗ്ഹാം തീര്‍ത്ഥാടനത്തിനൊരുങ്ങി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ജൂലൈ 16 ന് ….. ഇതള്‍ വിരിയുന്നത് സഭാ ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷങ്ങള്‍ …

സോണി ജോസഫ്

യുറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദിയായ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ഈ വര്‍ഷം ജൂലൈ പതിനാറിന് ഏറെ ആഘോഷപൂര്‍വ്വം നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. യുകെയില്‍ സീറോ മലബാര്‍ സഭക്ക് സ്വന്തമായി ഒരു രൂപതയും ഇടയന്‍ നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ തീര്‍ത്ഥാടനം എന്ന നിലയില്‍ ഇക്കുറി ഈ മഹാ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ ഒരു നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പായ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ഔദ്യോഗിക മേല്‍നോട്ടത്തില്‍ ഈസ്റ്റ് ആംഗ്ലിയ ചാപ്ലിയനായ ഫാ . ടെറിന്‍ മുല്ലക്കരയാണ് തീര്‍ത്ഥാടന ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇക്കുറി തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത് സഡ്ബറി കാത്തലിക് കമ്മ്യൂണിറ്റിയിലെ ഏഴു മലയാളി കുടുംബങ്ങളാണ്. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാനന്‍ ഫാ. മാത്യു വണ്ടാലക്കുന്നേലാണ് വാല്‍സിംഗ്ഹാം തീര്‍ത്ഥടനത്തിന് തുടക്കം കുറിച്ചത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നിലവില്‍ വന്നതിന്റെയും രൂപതയുടെ പ്രഥമ മെത്രാനായി ബിഷപ് മാര്‍ സ്രാമ്പിക്കലിനെ അഭിവന്ദ്യ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിക്കുകയും ചെയ്തതിന്റെയും ഒന്നാം വാര്‍ഷിക ദിനമായ ജൂലൈ പതിനാറിന് തന്നെ അനുഗ്രഹദായികയായ പരിശുദ്ധ കന്യക മറിയത്തിന്റെ സന്നിധിയിലേക്ക് രൂപതയുടെ എല്ലാഭാഗത്തുനിന്നുമുള്ള വിശ്വാസികള്‍ക്ക് തീര്‍ത്ഥാടനം നടത്തുവാന്‍ ഇടയാവുക എന്നത് സഭാമക്കളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷത്തിനു ഇടനല്‍കുന്ന അവസരമായി മാറുകയാണ്. ഇക്കഴിഞ്ഞ പത്തു വര്‍ഷങ്ങളായി വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം നടന്നു വരുന്നു എങ്കിലും സീറോ മലബാര്‍ സഭയുടെ കുടക്കീഴില്‍ നടക്കുന്ന ആദ്യത്തെ തീര്‍ത്ഥാടനം എന്ന നിലയില്‍ ഇക്കുറി തീര്‍ത്ഥാടനത്തിന് ഒരു ഔദോഗിക ഭാവവും കൈവരുന്നു. ഈ പ്രത്യേകത കണക്കിലെടുത്തു കൊണ്ട് അന്നേ ദിവസം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള ഒരു ദൈവാലയത്തിലും വിശുദ്ധ കുര്‍ബാനയോ മതപഠന ക്ളാസ്സുകളോ ഉണ്ടായിരിക്കുന്നതല്ല . അതിനു പകരമായി രൂപതയിലെ എല്ലാ വൈദികരും വിശ്വാസികളോടൊപ്പം വാല്‍സിംഗ്ഹാമില്‍ ഒത്തുചേര്‍ന്നു ദിവ്യബലിയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും ഒരുമിച്ചു പങ്കുചേരും.

തീര്‍ത്ഥാടനത്തിന് മുന്നൊരുക്കമായി നടത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ചും തീര്‍ത്ഥാടന ദിവസത്തെ തിരുക്കര്‍മ്മങ്ങളുടെ രൂപരേഖയെക്കുറിച്ചും മാര്‍ ജോസഫ് സ്രാമ്പിക്കലും തിരുനാള്‍ കമ്മറ്റി അംഗങ്ങളും ഏതാനും മാസങ്ങള്‍ക്കു മുന്‍പേതന്നെ വാല്‍സിംഗ്ഹാമിലെത്തി ദേവാലയ ചുമതലകള്‍ വഹിക്കുന്ന റെക്ടര്‍ മോണ്‍.ജോണ്‍ ആര്‍മിറ്റേജുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

എല്ലാ വര്‍ഷവും മുടങ്ങാതെ സ്‌കോട്‌ലാന്‍ഡ്, അയര്‍ലാന്‍ഡ് , ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഈ തിരുനാളിന് എത്തുന്ന നിരവധി മരിയ ഭക്തര്‍ക്കു പുറമെ യുകെയിലെ എല്ലാ സീറോ മലബാര്‍ ഇടവകകളിലും നിന്നായി ഏതാണ്ട് എണ്ണായിരത്തോളം വിശ്വാസികള്‍ ഇക്കുറി വാല്‍സിംഗ്ഹാം തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കും എന്നാണ് കണക്കു കൂട്ടുന്നത്. മുപ്പതിലധികം കോച്ചുകള്‍ക്കും അഞ്ഞൂറിലധികം കാറുകള്‍ക്കും ഉള്ള പാര്‍ക്കിംഗ് സൗകര്യം തീര്‍ത്ഥാടന വേദിയോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കൂടുതലായി വരുന്ന വാഹനങ്ങള്‍ക്കുള്ള ഓവര്‍ ഫ്‌ലോ പാര്‍ക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ തീര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വോളണ്ടീയേഴ്‌സിന്റെ ഒരു വന്‍നിര തന്നെ ഇപ്പോഴേ പരിശീലനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തീര്‍ത്ഥാടന കേന്ദ്രത്തിനും പ്രദക്ഷിണ മൈതാനത്തിനും ചുറ്റിലുമായി പൂര്‍ണ്ണ സുരക്ഷാ ക്രമീകരണങ്ങളുമായി ഫയര്‍ ഫോഴ്‌സ്, ഫസ്റ്റ് എയിഡ് , ആംബുലന്‍സ് സര്‍വീസ് എന്നിവ സുസജ്ജമായിരിക്കും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ആദ്യമായി നടക്കുന്ന വാല്‍സിംഗ്ഹാം തീര്‍ത്ഥാടനത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് വാല്‍സിംഗ്ഹാമിന്റെ പുണ്യ ചരിത്രവും മറ്റു വിശേഷങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ട് പ്രമുഖ ക്രിസ്തീയ പ്രസിദ്ധീകരമായ സണ്‍ഡേ ശാലോം തീര്‍ത്ഥാടന സ്‌പെഷ്യല്‍ സപ്ലിമെന്റ് പുറത്തിറക്കി. യുകെയിലെ എല്ലാ സീറോ മലബാര്‍ ഭവനങ്ങളിലും എത്തിച്ചേരുക എന്ന ഉദ്ദേശത്തോടെ പതിനായിരം കോപ്പികളാണ് സണ്‍ഡേ ശാലോം തയ്യാറാക്കിയത്. പ്രസ്റ്റണിലെ സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം നിര്‍വഹിച്ച ഈ തീര്‍ത്ഥാടന വിശേഷാല്‍ പതിപ്പിന്റെ കോപ്പികള്‍ ഇതിനോടകം തന്നെ യുകെയിലെ ഒട്ടുമിക്ക ഭവനങ്ങളിലും എത്തിച്ചേര്‍ന്നു കഴിഞ്ഞു.

തീര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി ഇത്തവണ പ്രസുദേന്തി പട്ടം അലങ്കരിക്കുന്ന സഡ്ബറി കാത്തലിക് കമ്മ്യുണിറ്റി കഴിഞ്ഞ ആറു മാസക്കാലമായി നിരന്തരം പ്രാര്‍ത്ഥനാ യജ്ഞങ്ങളും ഉപവാസവും ദിവ്യബലികളുമായി ആത്മീയമായി ഏറെ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. ഇവര്‍ക്ക് പൂര്‍ണ്ണമായ പിന്തുണയുമായി സമീപ പ്രദേശങ്ങളായ ബറി സൈന്റ്‌റ് എഡ്മന്‍ഡ്‌സ്, ഇപ്‌സ്വിച് എന്നിവിടങ്ങളിലെ അല്മായക്കൂട്ടായ്മയും ഒപ്പമുണ്ട്. തീര്‍ത്ഥാടനത്തിനു ചുക്കാന്‍ പിടിക്കുന്ന എല്ലാ കുടുംബങ്ങളെയും അമലോത്ഭവ മാതാവിന് പ്രത്യേകം സമര്‍പ്പിച്ചു കൊണ്ട് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഇക്കഴിഞ്ഞ ആഴ്ച സഡ്ബറിയില്‍ ദിവ്യബലി അര്‍പ്പിക്കുകയും ഇവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

തീര്‍ത്ഥാടന ദിവസം രാവിലെ കൃത്യം ഒന്‍പതു മണിക്ക് തന്നെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒന്‍പതു മണിക്ക് സെഹിയോന്‍ മിനിസ്ട്രി യുകെയുടെ അമരക്കാരന്‍ ഫാ സോജി ഓലിക്കല്‍ നയിക്കുന്ന മരിയ പ്രഭാഷണം, പതിനൊന്നര മുതല്‍ രണ്ടുമണി വരെ അടിമവക്കല്‍, രണ്ടുമണിക്ക് വാല്‍സിംഗ്ഹാം തീര്‍ത്ഥാടനത്തിന്റെ ഏറ്റവും ആകര്‍ഷക ഘടകമായ മുത്തുക്കുടകളും വാദ്യമേളങ്ങളും അകമ്പടി സേവിക്കുന്ന ഭക്തിനിര്‍ഭരമായ തിരുസ്വരൂപ പ്രദക്ഷിണം, തുടര്‍ന്ന് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കുന്ന ആഘോഷമായ സമൂഹബലി എന്നിവയാണ് പ്രധാന ചടങ്ങുകള്‍. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഏറ്റവും പേരെടുത്ത ഗാന ശുശ്രൂഷകനായ റവ. ഫാ . സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം നല്‍കുന്ന ഗായക സംഘമാണ് ദിവ്യബലിക്കായി സംഗീതം ഒരുക്കുന്നത്. തീര്‍ത്ഥാടനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാര്‍ത്ഥം, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന, തനതു കേരള ശൈലിയില്‍ സ്വാദിഷ്ടമായ വിഭവങ്ങള്‍ വളരെ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന നാലു ഭക്ഷണശാലകളും ഉണ്ടായിരിക്കുന്നതാണ്.

 

 

തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:

Catholic National Shrine of our Lady

Walsingham ,Houghton St Giles

Norfolk ,NR22 6AL

തീര്‍ത്ഥടന സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

Rev.Fr.Terin Mullakkara

Mob:07985695056

Mr.Bibin Augusthy

Mob : 07530738220

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more