1 GBP = 103.12

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വാല്‍സിങ്ഹാം തീര്‍ത്ഥാടനം നാളെ ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വാല്‍സിങ്ഹാം തീര്‍ത്ഥാടനം നാളെ ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫാ ബിജു കുന്നയ്ക്കാട്ട്

വാല്‍സിങ്ഹാം ; അമ്മ വാത്സല്യത്തിന്റെ ദൈവസ്‌നേഹം നുകരാന്‍ വാല്‍സിങ്ഹാം തിരുനടയില്‍ പതിനായിരങ്ങള്‍ നാളെ ഒഴുകിയെത്തും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന ദ്വിതീയ വാല്‍സിങ്ഹാം തീര്‍ത്ഥാടനത്തില്‍ രൂപതയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി മാതൃഭക്തര്‍ രാവിലെ 9 മണിയോടെ എത്തിച്ചേരും.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും കോ ഓര്‍ഡിനേറ്റര്‍ റവ ഫാ ഫിലിപ് പന്തമാക്കലിന്റെയും ഹോളി ഫാമിലി (കിംഗ്സ്ലിന്‍) കമ്യൂണിറ്റിയുടേയും നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. തീര്‍ത്ഥാടന ദിനത്തിലെ തിരുകര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്ന ആരാധന സ്തുതി ഗീതങ്ങളോടെയാണ് തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാവുന്നത്. തുടര്‍ന്ന് രൂപതാ ന്യൂ ഇവഞ്ചലൈസേഷന്‍ ഡയറക്ടറും സെഹിയോന്‍ യുകെ മിനിസ്ട്രീസിന്റെ സാരഥിയുമായ റവ ഫാ സോജി ഓലിക്കല്‍ മരിയന്‍ പ്രഭാഷണം നടത്തും. ഉച്ച ഭക്ഷണ സമയത്ത് അടിമ വയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ആരംഭിക്കുന്ന ജപമാല പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ ചരിത്ര പ്രസിദ്ധമായ ജപമാല പ്രദക്ഷിണം നടക്കും. മൂന്നു മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഈസ്റ്റ് ആംഗ്ലിയ രൂപതാ ബിഷപ് അലക്‌സ് ഹോപ്‌സ് വചന സന്ദേശം നല്‍കി സംസാരിക്കും. അഞ്ചു മണിയോടെ തിരു കര്‍മ്മങ്ങള്‍ സമാപിക്കും.

തീര്‍ത്ഥാടനത്തിനെത്തുന്നവരുടെ സൗകര്യത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോച്ചുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സ്ഥലമേര്‍പ്പെടുത്തും. മിതമായ നിരക്കില്‍ ഭക്ഷണ സൗകര്യം കുടിവെള്ള സൗകര്യം എന്നിവ ലഭ്യമായിരിക്കും. തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്ന വൈദീകര്‍ അവരവരുടെ തിരു വസ്ത്രങ്ങള്‍ കൊണ്ടുവരേണ്ടതാണെന്ന് അറിയിച്ചിട്ടുണ്ട്. ഓരോ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ കുരിശുകള്‍, മുത്തുകുടകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍ തുടങ്ങിയവ കൊണ്ടുവരേണ്ടതാണ്. കുര്‍ബാന പുസ്തകം ഉപയോഗിച്ച് വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതും അഭികാമ്യമാണെന്ന് അറിയിച്ചിട്ടുണ്ട് .

SAMSUNG CAMERA PICTURES

സംഘാടക സമിതി കോ ഓര്‍ഡിനേറ്റര്‍, ഇത്തവണത്തെ പ്രസുദേന്തിമാരായ ഹോളി ഫാമിലി (കിംഗ്‌സിന്‍) കമ്യൂണിറ്റി എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങികഴിഞ്ഞു. പരി. ദൈവമാതാവിന്റെ തിരുനടയിലേക്ക് എല്ലാ വിശ്വാസികളേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി റവ ഫാ ഫിലിപ്പ് പന്തമാക്കല്‍ അറയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more