1 GBP = 103.33

എന്തു സംഭവിച്ചാലും ശനിയാഴ്ച കടകൾ തുറക്കുമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് വ്യാപാരികൾ

എന്തു സംഭവിച്ചാലും ശനിയാഴ്ച കടകൾ തുറക്കുമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് വ്യാപാരികൾ

തിരുവനന്തപുരം: എന്തു സംഭവിച്ചാലും ശനിയാഴ്ച കടകൾ തുറക്കുമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് വ്യാപാരികൾ. സർക്കാരിനെ വെല്ലുവിളിച്ച് ചർച്ചയ്ക്കു പോയ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട ശേഷം പ്രതികരിച്ചപ്പോൾ നേരത്തേ പറഞ്ഞതെല്ലാം വിഴുങ്ങി. സർക്കാരിനെ വെല്ലുവിളിച്ച് കടകൾ തുറക്കില്ലെന്നായി പ്രതികരണം.

ചർച്ചയ്ക്കു ശേഷമുള്ള പ്രതികരണം ഇങ്ങനെ- തീർത്തും  സൗഹൃദപരമായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഞങ്ങളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. ഞങ്ങൾ പറയാത്ത കാര്യങ്ങൾ കൂടി ഇങ്ങോട്ടു പറഞ്ഞ് അദ്ദേഹം പരിഹാര മാർഗങ്ങൾ നിർദേശിച്ചു. മുഖ്യമന്ത്രിയേയും വ്യാപാരികളെയും തമ്മിൽ തെറ്റിക്കാൻ ചിലർ ശ്രമിച്ചിരുന്നു. അത് തിരിച്ചറിഞ്ഞതിൽ മുഖ്യമന്ത്രി സന്തോഷം അറിയിച്ചു. കടകൾ തുറക്കുന്ന കാര്യത്തിൽ  മുഖ്യമന്ത്രി തന്നെ തീരുമാനം അറിയിക്കും. സർക്കാരിനെ വ്യാപാരികളും വിശ്വാസത്തിലെടുക്കുന്നു. ബക്രീദിന് കടകൾ തുറക്കുമെന്ന ഉറപ്പു മുഖ്യമന്ത്രി നൽകി. ശനിയാഴ്ച കട തുറക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും വ്യാപാരി വ്യവസായികൾ തിരുത്തി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞാൽ തുറക്കുമെന്നായി പുതിയ നിലപാട്.

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് നൽകാനാണ് തീരുമാനം.  ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ  അവശ്യവസ്തുക്കള്‍ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി ) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി എട്ടു മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി. നസറുദ്ദീൻ രാവിലെ പറഞ്ഞത് ഇങ്ങനെ

ഒരു ലോക് ഡൗണും കാര്യമാക്കില്ല.  ചർച്ചയിൽ തീരുമാനം എന്തായാലും കടകൾ തുറക്കും. നാളെയും മറ്റന്നാളും ലോക് ഡൗണും ഇല്ല ഒന്നുമില്ല. ഞങ്ങൾ തുറക്കും. സർക്കാർ എതിർത്താൽ നേരിടും മുഖ്യമന്ത്രി പറഞ്ഞാലും തുറക്കും. വേണ്ടിവന്നാൽ  നിയമം ലംഘിക്കും.  ഗാന്ധിജി പോലും നിയമം ലംഘിച്ചിട്ടുണ്ട്. തുറക്കരുതെന്ന് സർക്കാർ പറഞ്ഞാൽ എന്തുണ്ടാകുമെന്ന് ശനിയാഴ്ച കാണാം.

കേരളം മുഴുവൻ കടകൾ തുറക്കും. നേരിടുമെന്നു പറഞ്ഞ് മുഖ്യമന്ത്രി വിരട്ടേണ്ട. അതൊക്കെ കുറെ കണ്ടവരാണ്. സമീപനം നന്നാക്കി ചർച്ച നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. തെറ്റിദ്ധാരണ മാറ്റണം. ഞങ്ങളെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി കരുതുന്നില്ല. അങ്ങനെയാണ് പറഞ്ഞതെങ്കിൽ ഞങ്ങളും ഇവിടെ ഉള്ളവരാണ്. ജനാധിപത്യവും തെരഞ്ഞെടുപ്പുമൊക്കെ കണ്ടവരുമാണ്. അതു കൊണ്ട് ആ വിരട്ടൽ ഒന്നും ഇങ്ങോട്ട് വേണ്ട. എല്ലാം സഹിക്കുന്നത് ജനങ്ങൾക്കു വേണ്ടിയാണ്. ഈ സമരം ഒട്ടും രാഷ്ട്രീയപ്രേരിതമല്ല. ഞങ്ങൾ വിചാരിച്ചാൽ സമരം പിൻവലിക്കാനും കഴിയില്ല. ഇതൊക്കെ മുഖ്യമന്ത്രിക്ക് മനസ്സിലായിട്ടുണ്ട് എന്നാണ് കരുതുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more