1 GBP =

വിഴിഞ്ഞം തുറമുഖം കരാർ സമയത്ത് തന്നെ പൂർത്തിയാകുമെന്ന് സർക്കാർ

വിഴിഞ്ഞം തുറമുഖം കരാർ സമയത്ത് തന്നെ പൂർത്തിയാകുമെന്ന് സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി കരാർ സമയത്ത് തന്നെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിഴിഞ്ഞം പദ്ധതി വൈകിപ്പിക്കാൻ സർക്കാരും നിർമാണ കമ്പനിയായ അദാനി ഗ്രൂപ്പും ഒത്തുകളിക്കുന്നുവെന്നാരോപിച്ച് എം. വിൻസെന്റ് നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ സർക്കാരിന് ഇരട്ട മനസാണെന്നും അദാനിക്ക് ലാഭമുണ്ടാക്കാൻ ഒത്തുകളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിഴിഞ്ഞം തുറമുഖത്തെ പുരാവസ്തുവാക്കാനാണ് ശ്രമമെന്നും നഷ്ടപരിഹാരം നൽകുന്നതിൽ നിന്നൊഴിവാകാനുള്ള വഴികൾ അദാനിക്ക് സർക്കാർ കാട്ടുകയാണെന്നും എം.കെ.മുനീർ പറഞ്ഞു. തുറമുഖപദ്ധതി അട്ടിമറിക്കാൻ വൻശക്തികളുടെ ഗൂഢാലോചനയുണ്ടെന്ന് ഒ.രാജഗോപാൽ പറഞ്ഞു.

അടിയന്തരപ്രമയേത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
തീരത്ത് ആഞ്ഞുവീശിയ ‘ഓഖി’ ചുഴലിക്കാറ്റ് തുറമുഖത്തിന്റെ നിർമാണത്തെ ബാധിച്ചിട്ടുണ്ടെന്നും ബർത്ത് നിർമാണത്തിനായുള്ള പ്ലാറ്റ്‌ഫോം തകർന്നെന്നും മന്ത്രി കടന്നപ്പള്ളി പറഞ്ഞു. രണ്ട് ഡ്രഡ്‌ജറുകൾക്ക്‌കേടുപാടുണ്ടായി. പാറയുടെ ദൗർലഭ്യം വലിയ പ്രശ്നമാണ്. കൊല്ലത്തെ പാറമടകളിൽ നിന്ന് പാറ എത്തിക്കാൻ ശ്രമിക്കുന്നു. ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ എംപവേർഡ് കമ്മിറ്റി നിർമ്മാണ പുരോഗതി വിലയിരുത്തുന്നുണ്ട്. കരാർ കാലാവധി നീട്ടിനൽകണമെന്നുള്ള അദാനി ഗ്രൂപ്പിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. കരാറിൽ വീഴ്ച വരുത്തിയാൽ അദാനിയിൽ നിന്ന് പിഴ ഈടാക്കുമെന്നും ഇക്കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

യു.ഡി.എഫ് സർക്കാരിന്റെ കഠിനാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടേയും പ്രതീകമായ വിഴിഞ്ഞം പദ്ധതി എങ്ങനേയും തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ലൈറ്റ്‌ മെട്രോ ഇല്ലാതാക്കിയത് പോലെ വിഴിഞ്ഞവും ഇല്ലാതാക്കാനാണ് ശ്രമം. കരാറിൽ 1460 ദിവസമാണെങ്കിലും 1000 ദിവസം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്ന് അദാനി തുടക്കത്തിൽ അറിയിച്ചിരുന്നു. എന്നാൽ ഓഖി ദുരന്തത്തിന്റെ പേരിൽ അദാനി നിർമാണക്കരാർ നീട്ടി നൽകണമെന്നാവശ്യപ്പെടുന്നതിന് മുമ്പേ പദ്ധതി പൂർത്തിയാകാൻ വൈകുമെന്ന് തുറമുഖ മന്ത്രി നിയമസഭയിൽ പറഞ്ഞതിനു പിന്നിൽ കള്ളക്കളിയാണ്. വിഴിഞ്ഞത്തിനെതിരായ സി.എ.ജിയുടെ കണ്ടെത്തൽ വാസ്തവ വിരുദ്ധമാണെന്ന് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് നൽകി. വിഴിഞ്ഞം പദ്ധതിക്ക് തുടക്കം മുതൽ ഇടതുമുന്നണി എതിരായിരുന്നു. പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് നൽകേണ്ട നഷ്ടപരിഹാരം നൽകിയിട്ടില്ല. വിഴിഞ്ഞം വൈകുന്നത് കുളച്ചലിന്‌ നേട്ടമാവും. ഡ്രജ്‌ർ കേടായതിന് സമയം നീട്ടിനൽകണമെന്ന അദാനിയുടെ അപേക്ഷ സംശയാസ്പദമാണ്. സങ്കുചിതമായ രാഷ്ട്രീയം മാറ്റിവച്ച് പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

2019 ഡിസംബർ അഞ്ചിന് പൂർത്തിയാക്കേണ്ട വിഴിഞ്ഞം പദ്ധതി ഇപ്പോൾ മെല്ലെപ്പോക്കിലാണെന്നു അടിയന്തരപ്രമേയ നോട്ടീസ് നൽകി എം. വിൻസെന്റ് പറഞ്ഞു. 3.14 കിലോമീറ്റർ പുലിമുട്ട് നിർമ്മിക്കേണ്ടിടത്ത് 600 മീറ്റർ മാത്രമാണ് പൂർത്തിയായത്. അപ്രോച്ച്‌ റോഡിന്റെ നിർമാണം എങ്ങുമെത്തിയിട്ടില്ല. പദ്ധതിക്കായി ഏറ്റെടുക്കേണ്ട പത്തുശതമാനം സ്ഥലം ഇപ്പോഴും റിസോർട്ട് ഉടമകളുടെ കൈകളിലാണ്. ഇത് തിരിച്ചെടുക്കാൻ നടപടിയില്ലെന്നും വിൻസെന്റ് പറഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more