1 GBP = 104.05

സമയം നീട്ടിച്ചോദിച്ച് അദാനി, വിഴിഞ്ഞം പണി ത്രിശങ്കുവിൽ

സമയം നീട്ടിച്ചോദിച്ച് അദാനി, വിഴിഞ്ഞം പണി ത്രിശങ്കുവിൽ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ പൂർത്തീകരണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ കത്ത് കരാർലംഘനംമൂലമുണ്ടാകാവുന്ന പിഴ ഒഴിവാക്കാനാണെന്ന് ആക്ഷേപമുയർന്നു. ഓഖി ദുരന്തവും കാലാവസ്ഥ വ്യതിയാനവും കാരണം മുൻതീരുമാന പ്രകാരം നിർമ്മാണം പൂർത്തിയാക്കാനാകില്ലെന്നാണ് കത്തിൽ പറയുന്നത്. പാറക്കല്ല് ക്ഷാമവും പുനരുദ്ധാരണ പാക്കേജുമായി ബന്ധപ്പെട്ട സമരവും മൂലം മാസങ്ങളായി നിർമ്മാണം നിലച്ചിരിക്കുന്നു. അക്കാര്യം കത്തിൽ പറഞ്ഞിട്ടില്ലെന്നാണറിയുന്നത്. കരാർ പ്രകാരമുള്ള കാലാവധി കഴിഞ്ഞ് വേണ്ടിവരുന്ന ഓരോ ദിവസത്തിനും 12 ലക്ഷം രൂപവീതം അദാനിഗ്രൂപ്പ് സർക്കാരിന് നഷ്ടപരിഹാരമായി നൽകണം എന്നാണ് വ്യവസ്ഥ. 16 മാസമാണ് അധികമായി ആവശ്യപ്പെട്ടിട്ടുള്ളത്.

കടൽകുഴിക്കുന്നതിനായി പദ്ധതിപ്രദേശത്തുണ്ടായിരുന്ന രണ്ടു ഡ്രഡ്ജറുകളും ഓഖിയിൽപ്പെട്ട് തകർന്നുവെന്നും കത്തിൽ പറയുന്നു. ഈ ഡ്രഡ്ജറുകളുടെ കേടുപാട് തീർത്തതിനു ശേഷമേ ഇനി ജോലികൾ പുനരാരംഭിക്കാനാകൂ. അദാനി ഗ്രൂപ്പിന്റെ ആവശ്യം സ്വതന്ത്ര ഏജൻസിയെക്കൊണ്ട് പരിശോധിപ്പിക്കും. തുറമുഖ നിർമ്മാണക്കാര്യത്തിൽ സർക്കാരിനും അദാനി ഗ്രൂപ്പിനും ഇടയിൽ സ്വതന്ത്രമായി തീരുമാനമെടുക്കാൻ ഈ ഏജൻസിക്ക് അധികാരമുണ്ടാവും. ഇവർ പരിശോധന നടത്തി നൽകുന്ന റിപ്പോർട്ട് അനുസരിച്ചാകും സമയം നീട്ടിനൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

1000 പ്രവൃത്തിദിവസത്തിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കുമെന്നാണ് അദാനിയും സംസ്ഥാന സർക്കാരും കരാർ ഒപ്പുവച്ചിരുന്നത്. എന്നാൽ കാലാവസ്ഥാപ്രശ്നങ്ങൾ കാരണം കാലാവധി 1460 ദിവസമാക്കി നീട്ടിക്കൊടുക്കുമെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

40 ശതമാനം ഡ്രഡ്ജിംഗാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. 3.1 കിലോമീറ്റർ നീളത്തിലുള്ള പുലിമുട്ടിന്റെ 600 മീറ്റർ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. പുനരധിവാസ പാക്കേജ് സമരം കാരണം സൈഡ് വാൾ, തുറമുഖ റോഡ്, തദ്ദേശ മത്സ്യത്തൊഴിലാളികൾക്കായുള്ള ആധുനിക മത്സ്യബന്ധന തുറമുഖം എന്നിവയുടെ നിർമ്മാണവും മുടങ്ങിക്കിടക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more