1 GBP = 103.12

ലക്ഷ്യം ഏഷ്യൻ ലീഗ്‌‌: വിൻസെൻസോ‌‌

ലക്ഷ്യം ഏഷ്യൻ ലീഗ്‌‌: വിൻസെൻസോ‌‌

കോഴിക്കോട്‌
ഗോകുലം കേരള എഫ്‌സി ടീമിനെ ഏഷ്യൻ ക്ലബ്‌ ചാമ്പ്യൻഷിപ്പായ എഎഫ്‌സി ചാമ്പ്യൻസ്‌ ലീഗിന്‌‌ സജ്ജമാക്കുമെന്ന്‌ കോച്ച്‌ വിൻസെൻസോ ആൽബർട്ടോ. ഐ ലീഗ്‌ വിജയം അതിനുള്ള‌ തുടക്കമാകും. എല്ലാ കളിക്കാരും ഒത്തൊരുമയോടെയും സമ്മർദമില്ലാതെയും കളിച്ചതാണ്‌ ഐ ലീഗ്‌ പോലുള്ള പ്രധാന ടൂർണമെന്റിൽ വിജയിക്കാനായത്–- ഇറ്റലിക്കാരനായ കോച്ച്‌ പറഞ്ഞു.‌ കിരീടം നേടിയശേഷം കോഴിക്കോട്ടെത്തിയ ടീം അംഗങ്ങളോടൊപ്പം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല കളിക്കാർ കൂടെയുള്ളതാണ്‌ ടീമിന്റെ നേട്ടം. എല്ലാവരും വിജയത്തിന്‌ സംഭാവന ചെയ്‌തു. മധ്യനിരയും മുന്നേറ്റനിരയും ഒത്തൊരുമയോടെ കളിച്ചു. ഇനിയും ടീമിനു മികച്ച നേട്ടം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ടീമിൽ മാറ്റംവരുത്തി കൂടുതൽ പ്രൊഫഷണലാക്കുമെന്ന്‌ സിഇഒ അശോക്‌കുമാർ പറഞ്ഞു. ചില കളിക്കാർക്ക്‌ ടീമുമായുള്ള കരാർ കഴിഞ്ഞു. ഈ ഒഴിവിൽ സമർഥരായവരെ ഉൾപ്പെടുത്തും. കോച്ചിന്‌ പൂർണ സ്വാതന്ത്ര്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ടീം അംഗങ്ങളുടെ കഠിനാധ്വാനവും അർപ്പണമനോഭാവവുമാണ്‌ കപ്പ്‌ നേടാൻ സഹായിച്ചതെന്ന്‌ ഘാനക്കാരനായ ക്യാപ്‌റ്റൻ മുഹമ്മദ്‌ അവാൽ പറഞ്ഞു. ഐ ലീഗ്‌ കപ്പുമായി ടീം അംഗങ്ങൾ ഹോം ഗ്രൗണ്ടായ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലെത്തി. ഹോം ഗ്രൗണ്ടിൽ കളിച്ച്‌ കപ്പ്‌ നേടണമെന്നതാണ്‌ ടീം അംഗങ്ങളുടെ ഇനിയുള്ള ആഗ്രഹം. ടീമിന്‌ ബുധനാഴ്‌ച വൈകിട്ട്‌ കടപ്പുറത്ത്‌ നാടിന്റെ സ്വീകരണമുണ്ടാകും. സ്‌റ്റേഡിയത്തിൽനിന്ന്‌ കപ്പുമായി വാഹനത്തിൽ നഗരം ചുറ്റിയശേഷമാണ്‌ കടപ്പുറത്തെത്തുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more