1 GBP = 103.12

വായ്പ തിരിച്ചടക്കാൻ ശ്രമിച്ചപ്പോൾ എൻഫോഴ്സ്മെന്റ് തടഞ്ഞു; പുതിയവാദവുമായി വിജയ് മല്യ

വായ്പ തിരിച്ചടക്കാൻ ശ്രമിച്ചപ്പോൾ എൻഫോഴ്സ്മെന്റ് തടഞ്ഞു; പുതിയവാദവുമായി വിജയ് മല്യ
മുംബൈ: പൊതുമേഖലാ ബാങ്കുകളിൽ നിന്നെടുത്ത വായ്പാ തുക തിരിച്ചടയ്ക്കാനുള്ള തന്റെ ശ്രമങ്ങളെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് തടഞ്ഞുവെന്ന വാദവുമായി മദ്യവ്യവസായി വിജയ് മല്യ. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക കോടതിയിലാണ് മല്യയുടെ അഭിഭാഷകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

നിലവിൽ ഇംഗ്ലണ്ടിലുള്ള വിജയ് മല്യയ്ക്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിന് എൻഫോഴ്സ്മെന്റ് ഡയററക്ടറേറ്റ് 9000 കോടി പിഴ ചുമത്തിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമം അനുസരിച്ച് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ പ്രത്യേക അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് മല്യയുടെ പുതിയ വാദം.

‘കഴിഞ്ഞ രണ്ടോ മൂന്നു വർഷമായി ബാങ്കുകളുടെ കടം തിരിച്ചടയ്ക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഓരോ തവണയും തന്റെ നീക്കങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടരേറ്റ് തടസപ്പെടുത്തുകയാണ്- മല്യ മറുപടി നൽകി. തന്റെ സ്വത്ത് കണ്ടുകെട്ടണമെന്ന ആവശ്യത്തെയും മല്യ വിമർശിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിൽ നടക്കുന്ന നിയമനടപടികളിൽ അധികൃതരുമായി എല്ലാവിധത്തിലും സഹകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തേക്ക് മടങ്ങിവരാൻ വിസമ്മതിക്കുന്നുവെന്ന വാദം ശരിയല്ല. ഇന്ത്യയ്ക്ക് കൈമാറണമെന്ന കേസിൽ ഡിസംബർ പത്തിന് വിധി പറയും. അതുവരെ ഇവിടത്തെ കോടതി നടപടികൾ നിർത്തിവയ്ക്കണമെന്നാണ് മല്യയുടെ ആവശ്യം.

മുംബൈയിലെ പ്രത്യേക കോടതി സെപ്തംബർ 28ന് കേസിൽ തുടർവാദം കേൾക്കും. കേസിൽ കക്ഷി ചേരാൻ നിരവധി പേർ അനുവാദം ചോദിച്ചു അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതു പരിഗണിച്ചശേഷം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ പരിഗണിക്കുമെന്ന് ജഡ്ജി അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ മല്യയ്ക്കെതിരെ നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more