1 GBP = 104.17

കൂളായി സണ്ണിച്ചേട്ടൻ; കോമിക് റിലീഫ് ചാരിറ്റിക്കായി സ്കൈഡൈവിംഗ്; ജീവിതത്തിലെ ധന്യ നിമിഷമെന്ന് യുക്മ സ്ഥാപക പ്രസിഡന്റ് വർഗ്ഗീസ് ജോൺ

കൂളായി സണ്ണിച്ചേട്ടൻ; കോമിക് റിലീഫ് ചാരിറ്റിക്കായി സ്കൈഡൈവിംഗ്; ജീവിതത്തിലെ ധന്യ നിമിഷമെന്ന് യുക്മ സ്ഥാപക പ്രസിഡന്റ് വർഗ്ഗീസ് ജോൺ

സാലിസ്ബറി: യുക്മ സ്ഥാപക പ്രസിഡന്റും യുകെ മലയാളികൾക്കിടയിൽ സുപരിചിതനുമായ വർഗ്ഗീസ് ജോൺ കോമിക് റിലീഫ് ചാരിറ്റിക്കായി നടത്തിയ സ്കൈഡൈവിംഗാണ് ശ്രദ്ധേയമാകുന്നത്. ചെറുപ്പക്കാർക്കിടയിൽപ്പോലും അല്പമൊന്ന് ചിന്തിച്ച് മാത്രം ചെയ്യുന്ന സ്‌കൈഡൈവിംഗിൽ കൂളായാണ് വർഗ്ഗീസ് ജോൺ പങ്കെടുത്തത് എന്നതാണ് ഏറെ ശ്രദ്ധേയം. സെയിൻസ്ബറിയുടെ ബ്രോക്വുഡ് ശാഖയുടെ ഭാഗമായാണ് സെയിൻസ്ബറി ജീവനക്കാരനായ വർഗ്ഗീസ് ജോൺ കോമിക് റിലീഫ് ചാരിറ്റിക്കായി രംഗത്തിറങ്ങിയത്. വർഗ്ഗീസ് ജോണിനൊപ്പം മാനേജർമാരായ ജെയിംസ് റോബർട്ട്സും ജോൻ സെലനും സ്കൈഡൈവിംഗിൽ പങ്കെടുത്തിരുന്നു.

സ്കൈഡൈവിംഗിനായി രംഗത്തിറങ്ങുമ്പോൾ വർഗ്ഗീസ് ജോണെന്ന യുകെ മലയാളികളുടെ പ്രിയ സണ്ണിച്ചേട്ടന് പിന്തുണയായത് ഭാര്യയും രണ്ടു മക്കളുമാണ്. കോമിക് റിലീഫിന് വേണ്ടി ഏകദേശം രണ്ടായിരത്തോളം പൗണ്ടാണ് വർഗ്ഗീസ് ജോണും സഹപ്രവർത്തകനും സ്കൈ ഡൈവിംഗിലൂടെ നേടിയത്. സാലിസ്ബറിയിലെ ഗോ സ്കൈ ഡൈവ് ക്ലെബ്ബിൽ ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് ആകാശച്ചാട്ടത്തിന് തുടക്കമായത്. തെളിഞ്ഞ കാലാവസ്ഥ ഉണ്ടായത് കൊണ്ട് തന്നെ കൃത്യ സമയത്ത് തന്നെ പരിപാടികൾ നടന്നു. ഏഴായിരം അടിക്ക് മുകളിൽ നിന്നാണ് സ്കൈ ഡൈവിംഗ് നടത്തിയത്. ഇന്നലെ നടന്നത് ജീവിതത്തിലെ തന്നെ ധന്യ നിമിഷമെന്ന് വിലയിരുത്തുന്ന വർഗ്ഗീസ് ജോൺ, പൂർണ്ണ പിന്തുണ നൽകിയ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി പറയുന്നു.

പലരും ഒരു വട്ടം കൊണ്ട് മതി എന്ന് പറയുന്നിടത്ത് അടുത്ത പ്രാവശ്യം 15,000 അടി മുകളിൽ നിന്ന് ആകാശച്ചാട്ടം നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാണ് യുക്മ സ്ഥാപക പ്രസിഡന്റ് സാലിസ്ബറി വിടുന്നത്. അടുത്ത തവണ ഭാര്യക്കൊപ്പം ഒരു സ്കൈ ഡൈവിംഗ് നടത്തണമെന്ന ആഗ്രഹവും വർഗ്ഗീസ് ജോൺ മറച്ചു വച്ചില്ല.

കോമിക് റിലീഫ് ചാരിറ്റിക്കായി ആറായിരത്തോളം പൗണ്ടാണ് വർഗ്ഗീസ് ജോണും സഹപ്രവർത്തകരും ഇതിനകം കണ്ടെത്തിയത്. സെയിൻസ്ബറി സൂപ്പർമാർക്കറ്റിലെ പ്രമോഷനുകളിലൂടെയും റെയിൽവേ സ്റ്റേഷനുകളിലും മറ്റുമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഇത്രയും തുക കണ്ടെത്താനായതെന്ന് അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ ആകാശച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ കാണാം.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more