1 GBP = 104.19

മുൻ പ്രധാനമന്ത്രി എ.ബി.വാജ്‌പേയി അന്തരിച്ചു

മുൻ പ്രധാനമന്ത്രി എ.ബി.വാജ്‌പേയി അന്തരിച്ചു

ന്യൂ‌ഡൽഹി: ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിലൊരാളും ഭാരതരത്ന ജേതാവുമായ മുതിർന്ന ബി.ജെ.പി നേതാവ് അടൽ ബിഹാരി വാജ്പേയ് എന്ന എ.ബി.വാജ്പേയ് അന്തരിച്ചു. 93 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഡൽഹി എയിംസ് ആശുപത്രിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അൽഷിമേഴ്സ് രോഗവും അലട്ടിയിരുന്ന വാജ്പേയിയെ ശ്വാസതടസം, മൂത്രതടസം, വൃക്കരോഗം എന്നിവയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മദ്ധ്യപ്രദേശിന്റെ ഭാഗമായ, രാജപ്രവിശ്യയായിരുന്ന ഗ്വാളിയോറിലെ സാധാരണ ബ്രാഹ്മണ കുടുംബത്തിൽ കൃഷ്ണ ദേവിയുടെയും കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും മകനായി 1924ൽ ഡിസംബർ 25ന് ആയിരുന്നു വാജ്പേയിയുടെ ജനനം. ഗോർഖിയിലെ സരസ്വതി ശിശുമന്ദിറിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് വിക്ടോറിയ കോളേജിൽ (ഇന്നത്തെ ലക്ഷ്‌മി ബായ് കോളേജ്)​ നിന്ന് ഹിന്ദി സാഹിത്യത്തിൽ ഡിസ്റ്റിംഗ്ഷനോട് ബിരുദം നേടി. കാൺപൂർ ഡി.എ.വി കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം ക്ളാസോടെ ബിരുദാനന്തര ബിരുദവും നേടി.

കോളേജ് വിദ്യാഭ്യാസത്തിനിടെ തന്നെ വിദേശ വിഷയങ്ങളിൽ അതീവ തൽപരനായിരുന്നു വാജ്പേയി. വിദ്യാഭ്യാസത്തിന് ശേഷം പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച വാജ്പേയി 1951ൽ അത് ഉപേക്ഷിച്ച് ബി.ജെ.പിയുടെ ആദ്യകാല രൂപമായ ഭാരതീയ ജനസംഘത്തിൽ ചേർന്നു. പിന്നീട് പടിപടിയായി ബി.ജെ.പിയുടെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാളായി മാറി. ലോകത്തെ കുറിച്ചുള്ള ഉദാരമായ കാഴ്ചപ്പാടുകൾ കൊണ്ടും ജനാധിപത്യമൂല്യങ്ങളോടുള്ള അർപ്പണ മനോഭാവവും വാജ്പേയിയെ എല്ലാവർക്കും സ്വീകാര്യനാക്കി.

1957ലെ രണ്ടാം ലോക്‌സഭ മുതൽ ഒമ്പത് തവണ വാജ‌്‌പേയി ലോക്‌സഭയിലെത്തി. രണ്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്.  1967,​ 71,​ 77,​ 80,​ 91,​ 96,​ 98,​ 99 വർഷങ്ങളിലാണ് വാജ്‌പേയി ലോക്‌സഭയിലെത്തിയത്.  1962ലും 86ലും രാജ്യസഭാംഗമായി. 1996 മേയ് 16 മുതൽ 31 വരെ 13 ദിവസം പ്രധാനമന്ത്രിയായിരുന്നു വാജ്‌പേയി.  പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി വാജ്പേയിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചെങ്കിലും വിശ്വാസ വോട്ടിൽ പരാജയപ്പെട്ടതോടെ വാജ്പേയി രാജിവയ്ക്കുകയായിരുന്നു.

ആവശ്യത്തിനു ഭൂരിപക്ഷമില്ലാതെ രണ്ടു ഐക്യ മുന്നണി മന്ത്രിസഭകൾ വീണതോടെ  1998 ഫെബ്രുവരിയിൽ ലോക്‌സഭ പിരിച്ചുവിട്ട് വീണ്ടും പൊതു തിരഞ്ഞെടുപ്പ് നടത്തി. അന്ന് ബിജെപി ക്ക് 179 സീറ്റും,കോൺഗ്രസിന് 139 സീറ്റുമാണ് ലഭിച്ചത്. 13 പാർട്ടികളുടെ പിന്തുണയോടെ ബി.ജെ.പി സർക്കാരുണ്ടാക്കി. അങ്ങനെ 1998 മാർച്ച് 13ന് വാജ്‌പേയി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തി. എന്നാൽ,​ അവിശ്വാസ പ്രമേയം സഭയിൽ പാസായതോടെ വാജ്പേയി രാജിവച്ചു.  1999 സെപ്തംബറിൽ വീണ്ടും തിരഞ്ഞെടുപ്പു നടന്നു. ഘടകകക്ഷികളുടെ പിന്തുണയിൽ ഇന്ത്യയിൽ വാജ്‌പേയിയുടെ നേതൃത്വത്തിൽ ദേശീയജനാധിപത്യസഖ്യം (എൻ.ഡി.എ)​ നിലവിൽ വന്നു. അവർ മന്ത്രിസഭയും രൂപീകരിച്ചു. ആ സർക്കാർ 2004 വരെ നിലനിന്നു.

വാജ്പേയി പ്രധാനമന്ത്രി ആയിരിക്കെ 1998 മേയിലാണ് പൊഖ്റാനിൽ ഇന്ത്യ ആണവ പരീക്ഷണം നടത്തി കരുത്ത് തെളിയിച്ചത്. ഭൂമിക്കടിയിലായിരുന്നു പരീക്ഷണങ്ങൾ. ഈ പരീക്ഷണങ്ങളിലൂടെ സ്വയം ആണവായുധമുണ്ടാക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. ആണവ പരീക്ഷണങ്ങളെ തുടർന്ന് അമേരിക്കയുടെ നേതൃത്വത്തിൽ ലോകം ഇന്ത്യയ്ക്ക്  ഉപരോധം ഏർപ്പെടുത്തി. എന്നാൽ,​ വാജ്പേയിയുടെ  നയതന്ത്രമികവും ഇച്ഛാശക്തിയും ഉപരോധത്തെ മറികടക്കാൻ ഇന്ത്യയെ സഹായിച്ചു.  പിന്നീട് യഥാർത്ഥ ആണവ പരീക്ഷണങ്ങൾ നടത്താതെ ആണവ വിസ്‌ഫോടനങ്ങളുടെ ശക്തി മനസിലാക്കാനായി ഇന്ത്യയുടെ ശ്രമം. അന്താരാഷ്ട്ര ചാരസംഘടനകൾക്കോ ഉപഗ്രഹങ്ങൾക്കോ കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിലുള്ള ഈ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയത് അന്നത്തെ ശാസ്ത്ര  ഉപദേഷ്ടാവും ഡി.ആർ.ഡി.ഒ തലവനുമായിരുന്ന മുൻ പ്രസിഡന്റ് ഡോ.എ.പി.ജെ. അബ്ദുൽ കലാം, ആണവോർജ കമ്മീഷൻ ചെയർമാൻ ആർ. ചിദംബരം, ഡി.ആർ.ഡി.ഒ യിലെയും ബാർകിലെയും ഉന്നത ശാസ്ത്രജ്ഞന്മാർ എന്നിവരായിരുന്നു.  ഓപ്പറേഷൻ ശക്തി എന്ന രഹസ്യനാമത്തിൽ നടപ്പിലാക്കിയ പരീക്ഷണം പിന്നീട് പൊഖ്‌റാൻ 2 എന്ന പേരിലാണ് അറിയപ്പെട്ടത്.

മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നേടിയ വാജ്പേയി ഗവൺമെന്റ് അഷ്വറൻസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ,​ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അദ്ധ്യക്ഷൻ​,​  ജനറൽ പർപ്പസ് കമ്മിറ്റി അംഗം​,​ വാണിജ്യ ഉപദേശക സമിതിയിൽ അംഗം​,​ പെറ്റിഷൻസ് കമ്മിറ്റി അദ്ധ്യക്ഷൻ​,​  ലോക്‌സഭാ പ്രതിപക്ഷ നേതാവ്,​  വിദേശ കാര്യസമിതി അദ്ധ്യക്ഷൻ തുടങ്ങീ നിലകളിലും പ്രവർത്തിച്ചു. 1977-79 കാലത്ത് മൊറാർജി ദേശായി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായി.

പ്രഭാഷകനായും കവിയായും പേരെടുത്ത വാജ്‌പേയി 2005 ഡിസംബറിൽ മുംബയിൽ നടന്ന റാലിയിലാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.  2009 മുതൽ അൽഷിമേഴ്സിനെ (സ്മൃതിനാശം)​ തുടർന്ന്  ഡൽഹി കൃഷ്‌ണൻമാർഗിലെ 6 എയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇരുപത്തിയൊന്ന് കവിതകൾ (2003),​  ക്യാ ഖോയാ ക്യാ പായാ (1999),​  മേരി ഇക്യാവനാ കവിതായേം (1995),​  ശ്രേഷ്ഠ കവിത (1997) എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ കൃതികളാണ്.

പദ്മ വിഭൂഷൺ (1992),​ ഏറ്റവും മികച്ച പാർലമെന്റേറിയൻ (1994),​ ലോക മാന്യ തിലക് പുരസ്‌കാരം (1994),​  കാൺപൂർ സർവകലാശാലയുടെ ഡോക്ടറേറ്റ് (1993) എന്നിവ വാജ്പേയിക്ക് ലഭിച്ചിട്ടുണ്ട്. 2015ന് പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more