1 GBP = 103.81

വാക്‌സിൻ ചലഞ്ച് – ബിരിയാണി ഫെസ്റ്റ് നടത്തി കേരളത്തിന്‌ കൈത്താങ്ങായി എഐസി ഹീത്രോ ബ്രാഞ്ച്

വാക്‌സിൻ ചലഞ്ച് – ബിരിയാണി ഫെസ്റ്റ് നടത്തി കേരളത്തിന്‌ കൈത്താങ്ങായി എഐസി ഹീത്രോ ബ്രാഞ്ച്

ലണ്ടൻ: കോവിഡ് വാക്‌സിന്‌ കേന്ദ്ര സർക്കാർ ജനങ്ങളിൽ നിന്ന് വിലയീടാക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ആവർത്തിച്ചതിന് പിന്നാലെ ഏപ്രിൽ 22ന്‌ സാമൂഹികമാധ്യമങ്ങൾ വാക്‌സിൻ ചാലഞ്ചിന്റെ പ്രചാരണം ആരംഭിച്ചിരുന്നു.

കേരളമൊന്നാകെ ഒരേ മനസ്സോടെ ഏറ്റെടുത്ത വാക്‌സിൻ ചാലഞ്ച് നെഞ്ചിലേറ്റി യുകെയിലെയും അയർലണ്ടിലെയും സിപിഐഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ എഐസി ഏപ്രിൽ 22ന് തന്നെ ബ്രാഞ്ചുകളോടും അംഗങ്ങളോടും അനുഭാവികളോടും വാക്സിൻ ചാലഞ്ചിന്റെ ഭാഗമായി നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകാൻ ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഒട്ടനവധി പേരാണ് യുകെയിൽ നിന്നും അയർലണ്ടിൽ നിന്നും വാക്സിൻ ചാലഞ്ചിന്റെ ഭാഗമായത്. 

യുകെയിലും അയർലണ്ടിലും മുപ്പതോളം ബ്രാഞ്ചുകളുള്ള എഐസി ദേശീയ തലത്തിൽ ഏറ്റെടുത്ത വാക്സിൻ ചാലഞ്ച് കൂടുതൽ ജനകീയമാക്കുന്നതിനും ജനങ്ങളിൽ വാക്സിൻ ചാലഞ്ചിനെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി എഐസി ഹീത്രോ ബ്രാഞ്ച് കഴിഞ്ഞ ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ബിരിയാണി മേളയ്ക്ക് വലിയ സ്വീകാര്യത ലണ്ടനിലെ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും ലഭിച്ചു. നാനൂറിലേറെ ബിരിയാണികൾ ലണ്ടനിലെ ഹാമർസ്മിത്ത്, ഹീത്രോ, സ്റ്റാന്വേൽ, ആഷ്‌ഫോർഡ്, നോർത്തോൾട്ട്, ഫെൽറ്റ്ഹാം, ഹോൻസ്‌ലോ, ബെഡ്‌ഫോണ്ട്, ഹേയ്സ്, സൗത്താൾ, ഗ്രീൻഫോർഡ് തുടങ്ങിയ വെസ്റ്റ് (പശ്ചിമ) ലണ്ടന്റെ ഭാഗങ്ങളിൽ 18 മുതൽ 65 വരെ പ്രായമുള്ള നിരവധി വോളണ്ടിയർമാരെ അണിനിരത്തിയാണ് ബ്രാഞ്ച് സെക്രട്ടറി കൂടിയായ പ്രൊഫഷണൽ ഷെഫിന്റെ നേതൃത്വത്തിൽ എഐസി ഹീത്രോ ബ്രാഞ്ച് ചിട്ടയായ രീതിയിൽ വിതരണം ചെയ്തത്. 

രണ്ടുലക്ഷത്തിലധികം രൂപ ബിരിയാണി മേളയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാൻ സാധിച്ചു എന്നതിലുപരി ബ്രിട്ടണിലെ നിവാസികളിലും ഇടതുപക്ഷ പ്രവർത്തകരിലും ഇത് ഉണ്ടാക്കുന്ന ചലനം ചെറുതല്ല എന്ന് എഐസി ദേശീയ സെക്രട്ടറി സ. ഹർസേവ് ബൈൻസ് അഭിപ്രായപ്പെട്ടു.

ഈ ഉദ്യമം കൂടുതൽ ബ്രാഞ്ചുകൾ ഏറ്റെടുക്കുന്നതിന് വേണ്ടി മറ്റ് ബ്രാഞ്ചുകളെയും സമാനമായി ചിന്തിക്കുന്ന സംഘടനകളെയും ചാലഞ്ച് ചെയ്തിരിക്കുകയാണ് എഐസി ഹീത്രോ ബ്രാഞ്ച്. ബിരിയാണി മേളയിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് കൂടുതൽ ബ്രാഞ്ചുകൾ സന്നദ്ധരായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഹീത്രോ ബ്രാഞ്ച് അംഗങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചു.

പരിപാടിയുടെ ശകലങ്ങളടങ്ങിയ വീഡിയോ ലിങ്ക് ചുവടെ ചേർക്കുന്നു.
https://fb.watch/5po61QLfbI/

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more