1 GBP = 104.06

കൊറോണയുടെ പശ്ചാത്തലത്തിൽ മാനസീക സമ്മർദ്ദങ്ങൾ അഭിമുഖീകരിക്കുവാൻ കൈത്താങ്ങായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ “ഉയിർ”….

കൊറോണയുടെ പശ്ചാത്തലത്തിൽ മാനസീക സമ്മർദ്ദങ്ങൾ അഭിമുഖീകരിക്കുവാൻ കൈത്താങ്ങായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ “ഉയിർ”….

ഷാജി തോമസ് 

(യുക്മ ചാരിറ്റി ഫൗണ്ടേഷൻ)  

കോവിഡ് – 19 സാധാരണ ജനജീവിതത്തെ മാറ്റിമറിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിനോട് എങ്ങനെ പ്രതികരിക്കണം എന്നറിയാതെ പകച്ച് നിൽക്കുകയാണ് ലോകം. ഏകാന്തതയും ഒറ്റപ്പെടലും ഒക്കെ യു കെ മലയാളികളെയും പലവിധത്തിൽ വീർപ്പുമുട്ടിച്ച് തുടങ്ങി. സാമൂഹ്യ അകലം പാലിക്കലും, വിനോദങ്ങൾക്കായി പുറത്തുപോകുന്നത് നിറുത്തേണ്ടിവന്നതുമൊക്കെ കുടുംബത്തിൽ മാതാപിതാക്കളുടെയും മക്കളുടേയുമെല്ലാം മാനസികാരോഗ്യത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്.


ഈ പ്രവണതയെ കാരുണ്യത്തോടെ സമീപിക്കുകയും സാന്ത്വനത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമായിരിക്കുന്ന സാഹചര്യത്തിൽ, യുക്മയുടെ ചാരിറ്റി വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ യു കെ മലയാളികൾക്ക് മാനസീകാരോഗ്യത്തിൽ കൈത്താങ്ങായിക്കൊണ്ട് “ഉയിർ” എന്നപേരിൽ ഒരു സംരംഭവുമായി മുന്നോട്ടു വരികയാണ്. നമ്മുടെ അതിജീവന ശക്തി വർദ്ധിപ്പിക്കുക എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് വാചകത്തിൽനിന്നാണ് “ഉയിർ” എന്ന പേരിന് രൂപം നൽകിയിരിക്കുന്നത് (Uplift Your Inner Resilience – UYIR).


കൊറോണ ഉയർത്തിയിരിക്കുന്ന മാനസീക പ്രശ്നങ്ങൾ അറിഞ്ഞും അറിയാതെയും യു കെ മലയാളി കുടുംബങ്ങളിലും പ്രതിസന്ധികൾ ഉയർത്തുന്നുണ്ട്‌ എന്ന തിരിച്ചറിവിൽ, മാനസികാരോഗ്യ രംഗങ്ങളിൽ പ്രാവീണ്യം നേടിയ വിദഗ്ദ്ധരുടെ സഹകരണത്തോടെയാണ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. വിഷാദ രോഗങ്ങളിലേക്കും മറ്റ് മാനസികാരോഗ്യ പ്രശ്ങ്ങളിലേക്കും വഴിതെളിക്കുന്ന ഇത്തരം വിഷയങ്ങളിൽ പരിശീലനം സിദ്ധിച്ച വ്യക്തികളുടെ ഇടപെടൽ തീർച്ചയായും ആവശ്യമായി വരുന്നു. സൈക്കാട്രി, യോഗ, ഫിസിക്കൽ ഫിറ്റ്‌നെസ് തുടങ്ങിയ വിഷയങ്ങളിൽ പരിചയ സമ്പന്നരായ വ്യക്തികളുമായി സംസാരിക്കുവാൻ അവസരം ഒരുക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.

 
ആഴ്ചയിൽ രണ്ടു ദിവസം വൈകുന്നേരം ഒരു മണിക്കൂർ വീതമാണ് ഇതിനായി ആദ്യ ഘട്ടത്തിൽ നീക്കി വക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൂർണ്ണമായ വ്യക്തി സ്വകാര്യത പാലിക്കുന്നതായിരിക്കുമെന്ന് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ചുമതലയുള്ള ഷാജി തോമസ്, ടിറ്റോ തോമസ്, വർഗീസ് ഡാനിയേൽ, ബൈജു തോമസ് എന്നിവർ അറിയിച്ചു. 


ഈ പരീക്ഷണ കാലഘട്ടത്തെ അതിജീവിക്കുവാൻ മറ്റെല്ലാ ജനസമൂഹങ്ങൾക്കുമൊപ്പം യു കെ മലയാളി സമൂഹത്തിനും കഴിയണമെന്ന കാഴ്ചപ്പാടോടെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ തുടങ്ങിവെക്കുന്ന “ഉയിർ” ന്  എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നതായി യുക്മ ദേശീയ കമ്മറ്റിക്ക്‌വേണ്ടി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more