1 GBP =
breaking news

യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ നാളെ ലെസ്റ്റർ അഥീനയിൽ………….. മലയാളികളുടെ സ്വന്തം ജി വേണുഗോപാൽ മത്സരങ്ങളുടെ മുഖ്യ വിധികർത്താവാകുന്നു…

യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ നാളെ ലെസ്റ്റർ അഥീനയിൽ………….. മലയാളികളുടെ സ്വന്തം ജി വേണുഗോപാൽ മത്സരങ്ങളുടെ മുഖ്യ വിധികർത്താവാകുന്നു…
സജീഷ്  ടോം 
(സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ)
ലെസ്റ്റർ:- കാത്തിരിപ്പിന്റെ നാളുകൾക്ക് വിരാമമാകുന്നു.
ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ നാളെ ചരിത്രമുറങ്ങുന്ന ലെസ്റ്റർ അഥീന തീയറ്ററിൽ.  2017 അവസാനം  യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയ ഒഡിഷൻ വേദികളിൽനിന്നാരംഭിച്ച ഈ  സംഗീത യാത്ര  ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തുമ്പോൾ, യൂറോപ് മലയാളികളുടെ സംഗീത സംസ്ക്കാരത്തിൽ പുത്തനൊരേട് കൂടി എഴുതിചേർക്കപ്പെടുകയാണ്.
മലയാള സിനിമ ഗാനരംഗത്ത് തന്റേതായ കയ്യൊപ്പുചാർത്തിക്കഴിഞ്ഞ മധുരഗായകൻ ശ്രീ ജി വേണുഗോപാൽ ഗ്രാൻഡ് ഫിനാലെക്ക് മുഖ്യ വിധികർത്താവായി എത്തുന്നു എന്നത് സ്റ്റാർസിംഗർ 3 യുടെ അഭിമാന നിമിഷങ്ങൾ ആകുകയാണ്. ശ്രീ വേണുഗോപാലിനോടൊപ്പം സ്റ്റാർസിംഗർ 3 യുടെ സ്ഥിരം വിധികർത്താക്കളായ ഡോക്ടർ ഫഹദ്, ശ്രീമതി ലോപ മുദ്ര എന്നിവരും ചേരുന്ന പ്രൗഢമായ ജഡ്ജിങ് പാനൽ ആയിരിക്കും ഗ്രാൻഡ്‌ഫിനാലെയിൽ വിധിനിർണ്ണയം നടത്തുന്നത്.ഒഡിഷൻ മുതൽ സെമിഫൈനൽ വരെ എട്ട് റൗണ്ടുകളിലായി മുപ്പത്തിയഞ്ചോളം പ്രതിഭകളുടെ മാറ്റുരക്കലിന് ശേഷമാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് അഞ്ച് ഗായകർ കടന്നുവന്നിരിക്കുന്നത്.
യു കെ യിലെ നോർത്താംപ്ടണിൽ നിന്നുള്ള ആനന്ദ് ജോൺ, ഷെഫീൽഡിൽ നിന്നെത്തുന്ന ഹരികുമാർ വാസുദേവൻ, റിപ്പബ്ലിക് ഓഫ് അയർലണ്ടിൽനിന്നും എത്തുന്ന ജാസ്മിൻ പ്രമോദ്, യു കെ യിലെ തന്നെ ഹള്ളിൽനിന്നുള്ള സാൻ ജോർജ് തോമസ്, വൂസ്റ്ററിൽ നിന്നെത്തുന്ന വിനു ജോസഫ് എന്നിവരാണ് വിവിധ റൗണ്ടുകളിലായി നടന്ന ശക്തമായ മത്സരങ്ങൾക്കൊടുവിൽ  ഗ്രാൻഡ് ഫിനാലെയിൽ എത്തിയിരിക്കുന്ന നക്ഷത്ര ഗായകർ.
ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റർസ് നൽകുന്ന 1000 പൗണ്ട് ക്യാഷ് പ്രൈസും യുക്മ സമ്മാനിക്കുന്ന ട്രോഫിയും പ്രശംസാപത്രവുമാണ് സ്റ്റാർസിംഗർ വിജയിയെ കാത്തിരിക്കുന്നത്.  ട്രോഫിക്കും പ്രശംസാ പത്രത്തിനുമൊപ്പം രണ്ടാം സമ്മാനജേതാവിന്  മുത്തൂറ്റ് ഗ്ലോബൽ യുകെ നൽകുന്ന 750 പൗണ്ടും  മൂന്നാം സമ്മാനജേതാവിന് അലൈഡ് മോർട്ഗേജ് സർവീസസ് നൽകുന്ന 500 പൗണ്ടും  ലഭിക്കുന്നതാണ്.
 
ഗ്രാൻഡ്‌ഫിനാലെക്ക് മാറ്റുകൂട്ടാൻ “വേണുഗീതം” മെഗാഷോ
പ്രശസ്‌ത മലയാള സിനിമ പിന്നണി ഗായകൻ ശ്രീ  ജി വേണുഗോപാലും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ – “വേണുഗീത”വും   സ്റ്റാർസിംഗർ ഗ്രാൻഡ്‌ഫിനാലെക്ക് മാറ്റുകൂട്ടുവാനായ് യുക്മ ഒരുക്കിയിട്ടുണ്ട്. വേണുഗോപാലിനെ കൂടാതെ മൃദുല വാര്യർ , വൈഷ്ണവ് ഗിരീഷ് , ഫാദർ വിൽ‌സൺ മേച്ചേരിൽ എന്നീ ഗായകരും, മജീഷ്യൻ രാജമൂർത്തി, ചിരിയുടെ ബാദുഷ സാബു തിരുവല്ല തുടങ്ങിയവരും അടങ്ങിയ വലിയൊരു താരനിരയും ഈ മെഗാ ഷോയിൽ പങ്കെടുക്കുന്നുണ്ട്.
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി, ആദ്യ സെഷൻ സ്റ്റാർസിംഗർ ഗ്രാന്റ്‌ ഫിനാലെക്ക് മാത്രമായി മാറ്റിവച്ചിരിക്കുന്നു എന്നത് ഇത്തവണത്തെ ഏറ്റവും പ്രധാനപ്പെട്ട സവിഷേതയാണ്.  നാലുമണിമുതൽ ആറുമണിവരെയാണ് ഗ്രാന്റ് ഫിനാലെ അരങ്ങേറുന്നത്. തുടർന്ന് തുടർച്ചയായ മൂന്നു മണിക്കൂർ “വേണുഗീതം”  മെഗാഷോ നടക്കുന്നതാണ്. ‘വേണുഗീതം’ മെഗാഷോയുടെ സമാപനത്തിന് മുൻപായിരിക്കും  ഗ്രാൻഡ്‌ഫിനാലെ വിജയികളെ പ്രഖ്യാപിക്കുന്നതും സമ്മാനങ്ങൾ വിതരണം ചെയ്യുന്നതും. നാളെ, മെയ് 26 ശനിയാഴ്ച ലെസ്റ്റർ അഥീന തീയറ്ററിൽവച്ചു നടക്കുന്ന പരിപാടിയുടെ വിജയത്തിനായി ഏവരുടെയും നിസീമമായ പങ്കാളിത്തം യുക്മ അഭ്യർത്ഥിക്കുകയാണ്.
“ഗ്രാൻഡ്‌ഫിനാലെ – വേണുഗീതം” പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. സംഗീത പ്രേമികളിൽനിന്നും വളരെ നല്ല പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.  അവസാന നിമിഷം  ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് (07885467034 ), ദേശീയ സെക്രട്ടറി റോജിമോൻ വർഗീസ് (07883068181 ), ട്രഷറർ അലക്സ് വർഗീസ് (07985641921), സുരേഷ്‌കുമാർ നോർത്താംപ്ടൺ (07903986970), ഡിക്‌സ് ജോർജ് നോട്ടിങ്ഹാം (07403312250) എന്നിവരെയോ, വിവിധ റീജിയണൽ ഭാരവാഹികളെയോ, യുക്മ പോഷക സംഘടനാ ഭാരവാഹികളെയോ, യുക്മയിൽ അംഗങ്ങളായ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ ഭാരവാഹികളെയോ  ബന്ധപ്പെടേണ്ടതാണ്. വിശാലമായ കാർ പാർക്കിംഗ് സൗകര്യങ്ങളോടുകൂടിയ, യു കെ യിലെ തന്നെ പ്രൗഢഗംഭീരമായ ലെസ്റ്റർ അഥീന തീയറ്റർ നാളെ, മെയ് 26 ശനിയാഴ്ചത്തേക്കായി ഒരുങ്ങിക്കഴിഞ്ഞു. നാളെ ഉച്ചകഴിഞ്ഞു രണ്ടുമണിമുതൽ അഥീന തീയറ്ററിൽ ടിക്കറ്റുകൾക്ക് കൗണ്ടർ വിൽപ്പനയും ഉണ്ടായിരിക്കുന്നതാണ്.

പരിപാടി നടക്കുന്ന ലെസ്റ്റർ അഥീനയുടെ വിലാസം:-

LElCESTER ATHENA,
QUEEN STREET,
LEICESTER ,
LE1 1QD.

Post Your Comments Here ( Click here for malayalam )

Press Esc to close
show more