1 GBP =

കേരളത്തിലെ പ്രളയ ദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി യുക്മ സ്നേഹക്കൂട് ,കേരള സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശത്തിൽ 100 വീടുകൾ നിർമ്മിക്കുന്നു…

കേരളത്തിലെ പ്രളയ ദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി യുക്മ സ്നേഹക്കൂട് ,കേരള സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശത്തിൽ 100 വീടുകൾ  നിർമ്മിക്കുന്നു…

ലണ്ടൻ : യുക്മ നാഷണൽ കമ്മിറ്റിയുടെ ഒരു വർഷം നീണ്ട് നില്ക്കുന്ന ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ  പ്രളയം തകർത്തു കളഞ്ഞ കേരളത്തിന്റെ പുനസൃഷ്ടിക്കായി കേരളാ ഗവൺമെന്റിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായി 100 വീടുകൾ നിർമ്മിച്ച് നൽകാനായി കഴിഞ്ഞ ദിവസം യുക്മ ദേശീയ അദ്ധ്യക്ഷൻ മാമ്മൻ ഫിലിപ്പിന്റെ അദ്ധ്യക്ഷതത്തിൽ ചേർന്ന നാഷണൽ കമ്മിറ്റിയുടേയും യുക്മ ചാരിറ്റി ട്രസ്റ്റ് ബോർഡിന്റേയും  സംയുക്‌ത യോഗം ഐകകണ്ഡേന  തീരുമാനിച്ചു. കേരളത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ നിരവധി യുക്മ നേതാക്കൻമാരും സജീവ പ്രവർത്തകരും നേരിട്ട് പങ്കെടുത്തിരുന്നു. ഇവരുടെയെല്ലാം നേരിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ് കേരളത്തിന്റെ പുനസ്യപ്ടിക്കായുള്ള  പ്രവർത്തനങ്ങളിൽ കൂടുതലായി യു കെ മലയാളികളുടെ സഹായം ആവശ്യമാണെന്ന ബോധ്യത്തിൽ നിന്നുമാണ് യുക്മ ദേശീയ സമിതിയുടെയും ചാരിറ്റി ട്രസ്റ്റിന്റെയും സംയുക്ത യോഗം ഭവനനിർമാണ പദ്ധതിക്ക് രൂപം നൽകിയത്‌.   ഒരു വർഷം നീണ്ട് നില്ക്കുന്ന യുക്മയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളായിട്ടാണ് യുക്മ ഭവന പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. “സ്നേഹക്കൂട് ഭവന പദ്ധതി ” എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുമായി യുകെയിലെ അസോസിയേഷനുകൾക്കും അഭ്യുദയകാംക്ഷികളായിട്ടുള്ളവർക്കും സഹകരിക്കാവുന്നതാണെന്ന് യുക്മ സെക്രട്ടറി റോജിമോൻ അറിയിച്ചു.

കേരളത്തിലെ പ്രളയ ദുരന്തകാലത്ത് പ്രളയ ഉണ്ടായ സമയം തന്നെ യുക്മ സഹായഹസ്തം നീട്ടിയിരുന്നു. ആദ്യഘട്ടമായി യുക്മ ചാരിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിന് അപ്പീൽ നൽകി ഫണ്ട് ശേഖരിച്ചു. രണ്ടാമതായി യുകെയിലങ്ങോളമിങ്ങോളമുള്ള സംഘടനകളും വ്യകതികളും വഴി നിത്യോപയോഗ സാധനങ്ങളും, മെഡിസിനുകളും, പുതിയ വസ്ത്രങ്ങളും ഉൾപ്പെടെ 25000 കിലോ സാധനങ്ങൾ കേരളത്തിലെത്തിച്ച് വിതരണം ചെയ്ത് വരുന്നു .

കേരളത്തിന്റെ പുനസ്രഷ്ടിക്കായി വിദേശ മലയാളികൾ സഹകരിക്കണമെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോടുള്ള യു കെ മലയാളികളുടെ ആത്മാർത്ഥമായ സമർപ്പണമാണ് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ കീഴിലുള്ള സ്നേഹക്കൂട്  ഭവന നിർമാണ പദ്ധതി. ഒരു ഭവനത്തിന് 6000 പൗണ്ടാണ്  ചിലവ് കണക്കാക്കിയിട്ടുള്ളത്.

യുകെയിലെ പ്രമുഘ സംഘടനകളായ ഗ്ലോസ്റ്റെർ മലയാളി അസൊസിയേഷൻ  അഞ്ചും ബസിൽഡൺ മലയാളി അസോസിയേഷൻ രണ്ടും യുക്മ ചാരിറ്റി ഫൌണ്ടേഷനും സംയുക്തമായിട്ട് ആദ്യഘട്ടത്തിൽ 11 വീടുകളാണ് ഉടനെ നിർമിക്കാനൊരുക്കുന്നത്.

തുടർന്ന് യുക്മയിലെ മറ്റു അംഗ അസ്സോസിയേഷനുകളുടെയും യുകെയിലെ മറ്റ് വിവിധ സംഘടനകളടെയും വ്യക്തികളെയും ഇക്കാര്യത്തിൽ സംയുക്തമായി സഹകരിപ്പിച്ച് ബാക്കിയുള്ള വീടുകൾക്കുള്ള ഫണ്ട് കണ്ടെത്തും. 5000 പൗണ്ട് ഒറ്റയ്ക്ക് ശേഖരിക്കാൻ കഴിയാത്ത പ്രസ്ഥാനങ്ങളെയും വ്യക്തികളെയും മറ്റ് സംഘടനകളുമായി യോജിച്ച് പദ്ധതിയുമായി സഹകരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വീടുകൾക്ക് തുക സംഭാവന ചെയ്യുന്ന അസോസിയേഷന്റെയോ വ്യക്തിയുടെ പേരിലോ ആയിരിക്കും വീടുകൾ നിർമ്മിച്ച് കൊടുക്കുന്നത്. ഒരേ മാതൃകയിലുള്ള വീടുകളായിരിക്കും നിർമ്മിക്കുക. കേരളത്തിൽ ഇത്തരത്തിലുള്ള വീടുകൾ നിർമ്മിച്ചു നൽകുന്ന വിവിധ കമ്പനികളുമായി യുക്മ നേതൃത്വം ഇതിനായുള്ള ചർച്ച ആരംഭിച്ചുട്ടുണ്ട്.

യുക്മ സ്നേഹ കൂട്  ഭവന നിർമാണ പദ്ധതിയുടെ വിജയത്തിനായി മാമ്മൻ ഫിലിപ്പ്, റോജിമോൻ വർഗ്ഗീസ്, അഡ്വ. ഫ്രാൻസീസ് മാത്യു കവളക്കാട്ടിൽ, അലക്സ് വർഗ്ഗീസ്, ഓസ്റ്റിൻ അഗസ്റ്റിൻ, ഡോ.ബിജു പെരിങ്ങത്തറ, ലാലിച്ചൻ ജോർജ് എന്നിവരടങ്ങുന്ന ഒരു സബ് കമ്മിറ്റിക്ക് രൂപം നൽകി. യുക്മയുടെ അഭ്യർത്ഥന പ്രകാരം വീടുകൾ നഷ്ടപെട്ടവരിൽ അർഹരായവരെ കണ്ടെത്തുന്നതിന് സഹായിക്കാമെന്ന് കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഓഫീസിൽ നിന്നും യുക്മ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി പണം സ്വരൂപിച്ച് വച്ചിട്ടുള്ള സംഘടനകളും വ്യക്തികളും  യുക്മ സ്നേഹക്കൂട് ഭവന നിർമാണ പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ളവരും യുക്മ ഭാരവാഹികളുമായി ബന്ധപ്പെടമെന്ന് അഭ്യർത്ഥിക്കുന്നു. യുക്മയുടെ നേതൃത്വത്തിൽ കേരളത്തിന്റെ പുനസ്യഷ്ടിക്കായി നടപ്പിലാക്കുന്ന “സ്നേഹക്കൂട് ഭവന നിർമാണ പദ്ധതി ” വിജയിപ്പിക്കുവാൻ യുകെയിലെ മുഴുവൻ മലയാളികളുടെയും സഹായ സഹകരണങ്ങൾ യുക്മ നാഷണൽ കമ്മിറ്റിക്ക് വേണ്ടി നാഷണൽ ട്രഷറർ അലക്സ് വര്ഗീസ് അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന യുക്മ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ് . 

മാമ്മൻ ഫിലിപ്പ് : 07885 467034

റോജിമോൻ വർഗീസ്: 07883068181

അലക്സ് വർഗീസ് : 07985 641921

Post Your Comments Here ( Click here for malayalam )

Press Esc to close
show more