1 GBP =

ഹാട്രിക് കിരീടവുമായി എം.എം എ; യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി….

ഹാട്രിക് കിരീടവുമായി എം.എം എ; യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി….
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ ആതിഥേയത്വം വഹിച്ച യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേളയിൽ സർവ്വ സന്നാഹങ്ങളുമായി മത്സരത്തിനെത്തിയ മാഞ്ചസ്റ്റർ മലയാളി  അസോസിയേഷൻ (എം.എം.എ) എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കിക്കൊണ്ട് മൂന്നാം തവണയും കിരീടം സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന കലാമേളയിൽ 211 പോയിന്റ് നേടി എല്ലാ മത്സരങ്ങളിലും  സർവ്വാധിപത്യം നേടിയാണ്  എം.എം.എ ഹാട്രിക് ചാമ്പ്യൻമാരായത്. 98 പോയിന്റുമായി വാറിംഗ്ടൺ മലയാളി അസോസിയേഷൻ  രണ്ടാം സ്ഥാനത്തെത്തി. എം.എം.സി.എ ഫസ്റ്റ് റ്റണ്ണറപ്പ് സ്ഥാനവും, ലിമ നാലാം സ്ഥാനവും കരസ്ഥമാക്കി.
രാവിലെ സമയക്രമം പാലിച്ച് ആരംഭിച്ച കലാമേളയിൽ മത്സരാർത്ഥികളെല്ലാം ആവേശത്തോടെയാണ് പങ്കെടുത്തത്. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനം യുക്മ നാഷണൽ ജോയിന്റ് ട്രഷറർ ശ്രീ.ജയകുമാർ നായർ കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഏകദേശം രണ്ട് വർഷം മുൻപ് ശ്രീ.മാമ്മൻ ഫിലിപ്പിന്റെ നേത്യത്വത്തിലുള്ള കമ്മിറ്റി ചുമതലയേറ്റപ്പോൾ നല്കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുകയും, യുക്മയെന്ന പ്രസ്ഥാനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുവാനും ഈ കമ്മിറ്റിക്ക് സാധിച്ചു എന്നുള്ളത് തികച്ചും അഭിമാനാർഹമാണ് എന്ന് ഉദ്ഘാടകൻ ഓർമിപ്പിച്ചു. യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾ, സാന്ത്വനം പദ്ധതി, യുക്മ യൂത്ത്, യുക്മ നഴ്സസ് ഫോറം, അക്കാഡമിക് മേഖലയിലെ പ്രവർത്തനങ്ങൾ, സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ, കലാമേള, സ്പോർട്സ്, തുടങ്ങിയവയും അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച വള്ളംകളിയും എടുത്ത് പറയത്തക്ക നേട്ടമാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറയുകയുണ്ടായി. യുക്മ ദേശീയ ഉപാദ്ധ്യക്ഷ ഡോ. ദീപാ ജേക്കബ് വിശിഷ്ടാതിഥിയായിരുന്നു. സെക്രട്ടറി തങ്കച്ചൻ എബ്രഹം സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ്
ഷീജോ വർഗ്ഗീസ് അധ്യക്ഷനായിരുന്നു.
യുക്മ ട്രഷറർ അലക്സ് വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, ദേശീയ നിർവ്വാഹക സമിതിയംഗം തമ്പി ജോസ്, റീജിയൻ ട്രഷറർ രഞ്ജിത്ത് ഗണേഷ്, ജോയിന്റ് സെക്രട്ടറി ഹരികുമാർ പി.കെ, ജോയിന്റ് ട്രഷറർ എബി തോമസ്, സ്പോർട്സ് കോഡിനേറ്റർ സാജു കാവുങ്ങ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. ജി.സി.എസ്.ഇ യ്ക്കും എ ലെവലിനും ഉന്നത വിജയം നേടിയ അഭിഷേക് അലക്സ്, ജിയാ ജിജോ, ഡോണാ ജോഷ്, ജിതിൻ സാജൻ, ലക്ഷ്മി സാജൻ, ഏഞ്ചല ബെൻസൻ, ഐലിൻ ആന്റോ, പൂർണ്ണിമാ ജീമോൻ എന്നീ കുട്ടികളെ ആദരിച്ചു. രഞ്ജിത്ത് ഗണേഷിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.
യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ ഇതുവരെയുള്ള കലാമേളകളിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ പങ്കെടുത്ത കലാമേളയിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികളെ അണിനിരത്തിയ മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (എം.എം.എ) തന്നെയാണ് സമ്മാനങ്ങൾ വാരിക്കൂട്ടി ചാമ്പ്യൻമാരായത്. വാറിംഗ്ടൺ മലയാളി അസോസിയേഷനിലെ റിമാ ഷീജോ കലാതിലകമായും, ലിവർപൂൾ മലയാളി അസോസിയേഷനിലെ അലിക് മാത്യു കലാ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പിന് ജിക്സി എസ്, സ്റ്റെഫി സ്രാമ്പിക്കൽ എന്നിവർ അർഹരായി.
സമാപന സമ്മേളനം യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാനം ചെയ്തു. യുകെയിലെ മലയാളി സമൂഹത്തെ ഒന്നാകെ ഒരു കുടക്കീഴിലാക്കി ഒരുമനമായ് മുന്നോട്ട് കൊണ്ടു പോകുവാൻ യുക്മ എന്ന പ്രസ്ഥാനത്തിന് മാത്രമേ കഴിയുകയുള്ളൂ എന്ന് യുക്മ പ്രസിഡന്റ് ഓർമിപ്പിച്ചു. യു കെ മലയാളികൾ യുക്മയെ നെഞ്ചിലേറ്റിയത് മലയാളികളുടെ നാനാവിധത്തിലുള്ള ഉന്നമത്തിനായി യുക്മ മുന്നിൽ നിന്ന് പ്രവർത്തിക്കുന്നു എന്നുള്ളത് കൊണ്ടാണ്. കഴിഞ്ഞ രണ്ട് വർഷക്കാലം വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് മുന്നേറിയപ്പോൾ ഒപ്പം നിന്ന മലയാളി സമൂഹത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. നോർത്ത് വെസ്റ്റ് റീജിയന്റെ പ്രവർത്തനങ്ങളെയും പ്രസിഡന്റ് അഭിനന്ദിച്ചു. സജീവമല്ലാതെ നിൽക്കുന്ന അസോസിയേഷനുകളോടും യുക്മ പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടുവാൻ അദ്ദേഹം അഭ്യർത്ഥിച്ചു. അടുത്ത ശനിയാഴ്ച നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ പങ്കെടുക്കുവാൻ എല്ലാവരെയും ശ്രീ മാമ്മൻ ഫിലിപ്പ് ക്ഷണിക്കുകയും ചെയ്തു.
തുടർന്ന് നടന്ന സമ്മാനദാനത്തിൽ യുക്മയുടെ നാഷണൽ, റീജിയണൽ, അസോസിയേഷൻ ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. യുക്മ കലാമേള വൻ വിജയമാക്കിയതിൽ സഹകരിച്ച എല്ലാ അസോസിയേഷൻ ഭാരവാഹികളോടും, വിധികർത്താക്കൾ, വാളണ്ടിയേഴ്സ്, ആതിഥേയ അസോസിയേഷനായ എം.എം.സി.എ , ലൈറ്റും സൗണ്ടും കൈകാര്യം ചെയ്ത ജെ ജെ ഓഡിയോസിന്റെ ജോജോ തോമസ് തുടങ്ങിയ എല്ലാവർക്കും റീജിയൻ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി തങ്കച്ചൻ എബ്രഹാം നന്ദി രേഖപ്പെടുത്തി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more