1 GBP =

“യുക്മ മാത്സ് ചലഞ്ച് ” ടെസ്റ്റിന് നിങ്ങൾ രജിസ്റ്റർ ചെയ്തോ? ഇല്ലെങ്കിൽ ഇന്നു രാത്രി 11 വരെ കൂടി രജിസ്റ്റർ ചെയ്യാം…

“യുക്മ മാത്സ് ചലഞ്ച് ” ടെസ്റ്റിന് നിങ്ങൾ രജിസ്റ്റർ ചെയ്തോ? ഇല്ലെങ്കിൽ ഇന്നു രാത്രി 11 വരെ കൂടി രജിസ്റ്റർ ചെയ്യാം…
യുക്മ യൂത്തിന്റെ ആഭിമുഖ്യത്തിൽ യുകെയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന യുക്മ മാത്സ് ചലഞ്ച് ടെസ്റ്റിൽ നിങ്ങളടെയും കുട്ടികൾ രജിസ്റ്റർ ചെയ്തോ? ഇല്ലെങ്കിൽ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ഇന്നാണ്. ഇന്ന് രാത്രി 11 വരെ കൂടിയാണ് മാത്സ് ചലഞ്ച് ടെസ്റ്റിൽ പങ്കെടുക്കണമെങ്കിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നത്. മാത്സ് ചലഞ്ച് ടെസ്റ്റിൽ പങ്കെടുത്ത് വിജയികളാവുക എന്നതിലുപരിയായി പങ്കെടുക്കുന്നവർക്ക് ഫ്രീ അസ്സെസ്മെൻറ് റിപ്പോർട്ട് കൂടി ലഭിക്കും. അത് വഴി നമ്മുടെ കുട്ടികളുടെ കണക്കിലുള്ള പരിജ്ഞാനം അറിയുവാനുള്ള അവസരം കൂടിയാണിത്. അതു കൊണ്ട് ഈ അവസരം പാഴാക്കാതിരിക്കുക.

യുക്മ യൂത്തിന്റെ നേതൃത്വത്തിൽ യു കെയിലെ 3 മുതൽ 11 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ കണക്കിലെ പരിജ്ഞാനം അളക്കുന്നതിനുള്ള, പ്രവേശനം സൗജന്യമായ അവസരമാണ് യുക്മ യൂത്ത്, പ്രമുഖ ഓൺലൈൻ ടൂഷൻ സ്ഥാപനമായ വൈസ് ഫോക്സ് ആപ്പ് മായി ചേർന്ന് നടത്തുന്നത്. കുട്ടികളെ 3 – 4 , 5 – 6 , 7 -8 , 9 – 10, 11 എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തിരിച്ച്, ഓരോ വിഭാഗത്തിനും അവരവരുടെ കഴിവിന് അനുസരിച്ച്, നാഷണൽ പാഠ്യ പദ്ധതി അനുസരിച്ചുള്ള മാത്ത്സ് വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെട്ട ഓൺലൈൻ പരീക്ഷ ആണ് തയ്യാറാക്കിയിട്ടുള്ളത്. മുൻകൂട്ടി രെജിസ്റ്റർ ചെയ്തവർക്ക്, നിർദ്ദിഷ്ട വെബ് പ്ലാറ്റുഫോമിൽ യുക്മ മാത്ത്സ് ചലഞ്ച് 2018 ൽ പങ്കെടുക്കാവുന്നതാണ്. നേരത്തെ ജൂലൈ പതിനഞ്ചിനെന്നാണ് മാത്‍സ് ചലഞ്ച് നടക്കുകയെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാതാപിതാക്കളുടെ അഭ്യർത്ഥന പ്രകാരം ജൂലൈ 14 മുതൽ ജൂലൈ 16 വരെ നടത്തുവാൻ യുക്മ നാഷണൽ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

രെജിസ്റ്റർ ചെയ്യുന്ന ഓരോ വിദ്യാർത്ഥിക്കും അവരുടെ തനത് അക്കാദമിക് വർഷത്തെ അറിവിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളായിരിക്കും മാത്ത്സ് ചലഞ്ച് ടെസ്റ്റിൽ ലഭിക്കുക. ഉദാഹരണത്തിന് മൂന്നും നാലും വർഷങ്ങളിൽ പഠിക്കുന്ന കുട്ടികളടങ്ങിയ ഗ്രൂപ്പിൽ രെജിസ്റ്റർ ചെയ്യുന്ന മൂന്നാം വർഷ വിദ്യാർത്ഥിക്കും, നാലാം വർഷ വിദ്യാർത്ഥിക്കും ലഭിക്കുന്ന ചോദ്യങ്ങൾ വ്യത്യസ്തമായിരിക്കും. സ്വന്തം വീട്ടിൽ കമ്പ്യൂട്ടറിൽ ഓൺലൈനിൽ പങ്കെടുക്കാവുന്നതാണ് യുക്മ മാത്ത്സ് ചലഞ്ച്.

60 മിനിട്ടു കൊണ്ട് നൂറു ചോദ്യങ്ങൾക്ക് ആണ് മാത്ത്സ് ചലഞ്ചിൽ ഉത്തരം നൽകേണ്ടത്. നമ്പർ, റേഷ്യോ ആന്റ് പ്രൊപോർഷൻ, ആൾജിബ്ര, ജ്യോമെട്രി ആന്റ് മെഷേഴ്സ്, പ്രോബബിലിറ്റി ആന്റ് സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഭാഗങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. താരതമ്യേന വളരെ എളുപ്പത്തിൽ ഉത്തരം നൽകാവുന്ന ചോദ്യങ്ങളിൽ തുടങ്ങി എളുപ്പമുള്ളത്, ബുദ്ധിമുട്ടുള്ളത് എന്നിങ്ങനെ ഉള്ള ഒരു പരീക്ഷാരീതി ആണ് യുക്മ മാത്ത്സ് ചലഞ്ചിൽ അവലംബിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ചോദ്യത്തിന് ഉത്തരമെഴുതുന്ന കുട്ടികൾക്കായിരിക്കും വിജയകിരീടം. ഫ്ലുവൻസി, റീസണിങ്, പ്രോബ്ലം സോൾവിങ് മേഖലകളിലെ കുട്ടികളുടെ പ്രാവീണ്യം അളക്കുന്നത് ലക്ഷ്യമിട്ടാണ് ഈ ഓൺലൈൻ പരീക്ഷ വിഭാവനം ചെയ്തിരിക്കുന്നത്.

പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന വെബ് പ്ലാറ്റ്‌ഫോമിൽ ആയിരിക്കും കുട്ടികൾ പരീക്ഷ എഴുതുന്നത്. പരീക്ഷ എഴുതുമ്പോൾ കാൽക്കുലേറ്ററും, പെൻസിലും, കണക്ക് ചെയ്തു നോക്കുന്നതിനുള്ള വരയിടാത്ത വെള്ള പേപ്പറും മാത്രമേ അനുവദനീയമായിട്ടുള്ളൂ. അനാവശ്യമായി വശങ്ങളിലേക്കും, മുകളിലേക്കുമുള്ള നോട്ടം, സംസാരം, ബാക്ക്ഗ്രൗണ്ട് ശബ്ദങ്ങൾ എന്നിവ പരീക്ഷ എഴുതുന്ന ആളിന്റെ അസ്സസ്സ്മെന്റിനെ പ്രതികൂലമായി ബാധിക്കും. കുട്ടികളുടെ പഠന നിലവാരം അളക്കാനുള്ള ഈ സംരംഭത്തെ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ എല്ലാ മാതാപിതാക്കളെയും പ്രത്യേകമായി ക്ഷണിക്കുന്നു.

യുക്മ മാത്ത്സ് ചലഞ്ച് വിജയികളെ റീജിയൻ, നാഷണൽ എന്നീ രണ്ട് വിഭാഗങ്ങളിൽ ആയാണ് യുക്മ മാത്ത്സ് ചാമ്പ്യൻ ട്രോഫി നൽകി ആദരിക്കുന്നത്. കൂടാതെ നാഷണൽ ലെവലിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന 3 മുതൽ 6 വരെ വര്ഷങ്ങളിലെ വിദ്യാർത്ഥികളുടെ ഗ്രൂപ്പിൽ നിന്നൊരാൾക്കും, 7 മുതൽ 10 വരെ വർഷങ്ങളിലെ വിദ്യാർത്ഥികളുടെ ഗ്രൂപ്പിൽ നിന്നൊരാൾക്കും വൈസ് ഫോക്സ് ആപ്പ് നൽകുന്ന 500 പൗണ്ട് ക്യാഷ് അവാർഡും ലഭിക്കുന്നതാണ്.

മത്സരത്തിലെ വിജയികളെ തിരഞ്ഞെടുക്കുന്നത് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തന്നിരിക്കുന്ന 100 ചോദ്യങ്ങളിൽ ഏറ്റവും കൂടുതൽ ശരിയുത്തരമെഴുതുക എന്ന മാനദണ്ഡമുപയോഗിച്ചായിരിക്കും. ഉദാഹരണത്തിന്, ഒന്നിലധികം പേർ ഏറ്റവും ഉയർന്ന സ്‌കോർ തുല്യമായി നേടുകയാണെങ്കിൽ അവരിൽ ആരാണോ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ആ സ്‌കോർ നേടിയത് അവരെ വിജയികളായി പ്രഖ്യാപിക്കുന്നതാണ്. യുക്മ മാത്ത്സ് ചലഞ്ചിന്റെ പൂർണ്ണമായ നിബന്ധനകൾ യുക്മ വെബ്‌സൈറ്റിൽ ലഭ്യമാണ്.

മാത്ത്സ് ചലഞ്ചിൽ പങ്കെടുക്കേണ്ടവർ യുക്മ വെബ്‌സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ താഴെ തന്നിരിക്കുന്ന ലിങ്കിലൂടെ നിർദ്ദിഷ്ട അപേക്ഷാഫോറം പൂരിപ്പിച്ച് രെജിസ്റ്റർ ചെയ്യേണ്ടതാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more