1 GBP = 103.12

ആരവമുണർത്തിയ പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന്‌ കലാശക്കൊട്ട്……യുക്മ ഫെയ്സ്ബുക്ക് പേജിൽ വൈകുന്നേരം അഞ്ച് മണിമുതൽ അവസാന മത്സര ഇനങ്ങൾക്ക് തുടക്കമാവും

ആരവമുണർത്തിയ പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന്‌ കലാശക്കൊട്ട്……യുക്മ ഫെയ്സ്ബുക്ക് പേജിൽ വൈകുന്നേരം അഞ്ച് മണിമുതൽ അവസാന മത്സര ഇനങ്ങൾക്ക് തുടക്കമാവും

അലക്സ് വർഗ്ഗീസ്

(യുക്മ ദേശീയ ജനറൽ സെക്രട്ടറി)

യുകെയിലും ലോകമെങ്ങുമുള്ള കലാസ്വാദകർ നെഞ്ചിലേറ്റിക്കഴിഞ്ഞ  പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയ്ക്ക് ഇന്ന് കലാശക്കൊട്ട്. ആരവമുണർത്തിയ കലാമേളയുടെ  ആറാമത്തേതും അവസാനത്തേയും ദിവസമായ ഇന്ന്  ചൊവ്വാഴ്ച (04/01/22) അനശ്വര കലാകാരൻ നടന വിസ്മയം നെടുമുടി വേണുവിൻ്റെ നാമധേയത്തിലുള്ള വെർച്വൽ നഗറിൽ വൈകുന്നേരം 5 PM മുതൽ രാത്രി 10PM വരെ സീനിയർ വിഭാഗത്തിലെ മത്സരങ്ങളായിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്.  ലോകത്തെവിടെയും ഒരു പ്രവാസി മലയാളി ദേശീയ പ്രസ്ഥാനവും നാളിതുവരെ സംഘടിപ്പിച്ചിട്ടില്ലാത്തത് എന്നതും യുക്മ കലാമേളയുടെ പ്രത്യേകതയാണ്.  യുക്മ ദേശീയ കലാമേള – 2021ലെ  സീനിയർ വിഭാഗത്തിലെ ഭരതനാട്യം, മോഹിനിയാട്ടംസിനിമാറ്റിക് ഡാൻസ്, ഫോക്ക് ഡാൻസ്, പ്രസംഗം – മലയാളം, പദ്യപാരായണം, സോളോ സോംഗ്, മോണോ ആക്ട്, കീ ബോർഡ്, വയലിൻ എന്നീ കലാ മത്സരങ്ങളായിരിക്കും ഇന്ന്  സംപ്രേക്ഷണം ചെയ്യുന്നത്.

പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി ലോക മലയാളി സമൂഹത്തിൻ്റെ അഭിമാനം വാനോളമുയർത്തിക്കൊണ്ട്,  അനശ്വര കലാകാരൻ നെടുമുടി വേണുവിന് ആദരവ് അർപ്പിച്ച് കൊണ്ട് അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള വെർച്വൽ  നഗറിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിലെ ആറാം ദിവസത്തെ മത്സരങ്ങൾ  സീനിയർ വിഭാഗത്തിലേതാണ്. ഇന്ന് വൈകുന്നേരം 5PM  മുതൽ രാത്രി 10PM വരെ യുക്മയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജായ UUKMA യിലൂടെയാണ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്.

ഓടക്കുഴൽ അവാർഡ് ജേതാവും പ്രശസ്ത സാഹിത്യകാരിയുമായ പ്രൊഫ. സാറാ ജോസഫ്  ഉദ്ഘാടനം ചെയ്തനുഗ്രഹിച്ച പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ ഉദ്ഘാടന ദിവസം ജൂനിയർ ഫോക്ക് ഡാൻസ് മത്സരങ്ങളും, രണ്ടാമത്തെ ദിവസം കിഡ്സ്സ്സ് വിഭാഗത്തിലെ മത്സരങ്ങളും  മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിലായി സബ് ജൂനിയർ വിഭാഗത്തിലെയും,   അഞ്ചാമത്തെ ദിവസമായിരുന്ന ഇന്നലെ ജൂനിയർ വിഭാഗത്തിലെ മത്സരങ്ങളും സംപ്രേക്ഷണം ചെയ്തിരുന്നു. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാർത്ഥികളാണ് യുക്മ ദേശീയ കലാമേള 2021-ൽ  മാറ്റുരക്കുന്നത്. മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിനൊപ്പം വിധി നിർണയവും നടന്നു വരികയാണ്. ജനുവരി മാസം സംഘടിപ്പിക്കുന്ന ദേശീയ കലാമേള – 2021 ൻ്റെ സമാപന ദിവസം മത്സരങ്ങളുടെ ഫല പ്രഖ്യാപനവും  സമ്മാന വിതരണവും നടത്തുന്നതിനുള്ള   ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.

വെർച്വൽ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ വർഷം യുക്മ സംഘടിപ്പിച്ച പതിനൊന്നാമത് യുക്മ  ദേശീയ കലാമേളയുടെ വൻപിച്ച വിജയത്തിനെ തുടർന്നാണ് കോവിഡ് വെല്ലുവിളികൾ അവസാനിക്കാത്ത സാഹചര്യത്തിൽ ഈ വർഷവും വെർച്വൽ പ്ലാറ്റ്ഫോമിൽ തന്നെ കലാമേള സംഘടിപ്പിക്കുവാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചത്.

പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേള ലോകമെമ്പാടുമുള്ളവരുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോൾ, മത്സരാർത്ഥികളെ പ്രോൽസാഹിപ്പിക്കുകയും, കലാമേളയെ സഹർഷം സ്വീകരിക്കുകയും, ഏറ്റെടുക്കുകയും ചെയ്ത എല്ലാ കലാ സ്നേഹികളോടും നന്ദി പറഞ്ഞ് കൊള്ളുന്നു. കോവിഡിൻ്റെ ബുദ്ധിമുട്ടുകൾ അവസാനിക്കാത്ത പ്രത്യേക സാഹചര്യത്തിലും  കലാമേളയിൽ മത്സരാർത്ഥികളായി പങ്കെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തവർക്കും, അവരുടെ പിന്നിൽ പ്രവർത്തിച്ച  എല്ലാവർക്കും പ്രത്യേകമായി അഭിനന്ദനങ്ങൾ  അർപ്പിക്കുന്നു.

യുക്മ ദേശീയകലാമേളയുടെ വിജയത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന യുക്മ ദേശീയ ഭാരവാഹികൾ, റീജിയൺ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങി യുക്മയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും യുക്മ ദേശീയ നിർവ്വാഹക സമിതിക്ക് വേണ്ടി പ്രസിഡൻറ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്  എന്നിവർ നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more