1 GBP = 94.56

“യുക്മ ആദരസന്ധ്യ 2020” ആവേശമാകുന്നു; എം.എല്‍.എ എത്തിച്ചേര്‍ന്നു, കൂടുതല്‍ പ്രവാസി നേതാക്കള്‍; അധികസൗകര്യങ്ങളൊരുക്കാന്‍ വേദി എഡ്‌മണ്ടൻ ലാറ്റ്മെര്‍ ഗ്രാമര്‍ സ്കൂളിലേയ്ക്ക്…

“യുക്മ ആദരസന്ധ്യ 2020” ആവേശമാകുന്നു; എം.എല്‍.എ എത്തിച്ചേര്‍ന്നു, കൂടുതല്‍ പ്രവാസി നേതാക്കള്‍; അധികസൗകര്യങ്ങളൊരുക്കാന്‍ വേദി എഡ്‌മണ്ടൻ ലാറ്റ്മെര്‍ ഗ്രാമര്‍ സ്കൂളിലേയ്ക്ക്…
സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ലണ്ടനില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി മലയാളി നേതാക്കള്‍ ഉള്‍പ്പെടുന്ന സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍  “യുക്മ ആദരസന്ധ്യ 2020” യു.കെ മലയാളികള്‍ക്കിടയില്‍ ആവേശമാകുന്നു. പരിപാടികള്‍ അവതരിപ്പിക്കുന്നതിനും മറ്റുമായി യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരും ആദരവ് ഏറ്റ് വാങ്ങുന്നതിനായി വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള  പ്രവാസി മലയാളികളിലെ മഹദ്വ്യക്തിത്വങ്ങളും എത്തിച്ചേരുമെന്ന് അറിയിച്ചതോടെ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് എട്ട് വരെ നടക്കുമെന്ന് അറിയിച്ചിരുന്ന പരിപാടി ഇപ്പോള്‍ രാത്രി പത്ത് മണി വരെയാക്കി മാറ്റി നിശ്ചയിച്ചിരിക്കുകയാണ്. “യുക്മ ആദരസന്ധ്യ 2020″ല്‍ പങ്കെടുക്കുന്നതിനായി യുക്മയുടെ അംഗ അസോസിയേഷനില്‍ നിന്നുമുള്ള നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും പുറമേ പരിപാടിയുടെ വാര്‍ത്തകളും മറ്റും കണ്ട് എത്തിച്ചേരുമെന്ന് അറിയിച്ചിരിക്കുന്ന ആളുകള്‍ കൂടിയായപ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നോര്‍ത്ത് ലണ്ടനിലെ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന “ആദരസന്ധ്യ 2020” അധികസൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി നേരത്തേ നിശ്ചയിച്ചിരുന്നതിന്റെ  തൊട്ടടുത്തുള്ള എഡ്‌മണ്ടൻ  ദി ലാറ്റ്മര്‍ ഗ്രാമര്‍ സ്കൂളിലേയ്ക്ക് വേദി മാറ്റിയിരിക്കുകയാണ്.
ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ചയാണ് “ആദരസന്ധ്യ 2020” അരങ്ങേറുന്നത്. യുക്മയുടെ ചരിത്രത്തില്‍ ആദ്യമായായി ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് വിപുലമായ സാംസ്ക്കാരിക സംഗമം സംഘടിപ്പിക്കുമ്പോള്‍ പങ്കെടുക്കാനായി എത്തിച്ചേരുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്നുള്ള ആഗ്രഹപ്രകാരമാണ് ലാറ്റ്മെര്‍ ഗ്രാമര്‍ സ്കൂളിലേയ്ക്ക് വേദി മാറ്റിയതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു. നേരത്തേ നിശ്ചയിച്ചിരുന്ന വേദിയില്‍ അഞ്ഞൂറില്പരം ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുള്ള പ്രധാന ഹാളില്‍ നിന്നും ആയിരത്തോളും ആളുകളെ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന കൂടുതല്‍ ആളുകള്‍ക്ക് പരിപാടി അടുത്ത് കാണുന്നതിനുള്ള സൗകര്യങ്ങളുള്ള ബാല്‍ക്കണി സൗകര്യങ്ങളും എഡ്‌മണ്ടൻ  ദി ലാറ്റ്മെര്‍ സ്കൂളിന്റെ വേദിയ്ക്കുണ്ട്. മികവുറ്റ എല്‍ ഇ ഡി സ്ക്രീന്‍ അകമ്പടിയോടെ ആണ് പരിപാടി അരങ്ങേറുക. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകിട്ട് എട്ട് വരെ എന്ന് മുന്‍പ് നിശ്ചയിച്ചിരുന്നത് രാത്രി പത്ത് വരെ എന്നും മാറ്റിയിട്ടുണ്ട്. പരിപാടികള്‍ അവതരിപ്പിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട നിരവധി കലാകാരന്മാരും കലാകാരികളും എത്തിച്ചേരും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്ക് യാത്രാ സൗകര്യങ്ങളും സുഗമമായിരിക്കും. എം25 എന്ന ലണ്ടന്‍ ഓര്‍ബിറ്റല്‍ മോട്ടോര്‍ വേയില്‍ നിന്നും എ-10 റോഡില്‍ പത്ത് മിനുട്ട് മാത്രമേ എഡ്‌മണ്ടൻ  ലാറ്റ്മെര്‍ ഗ്രാമര്‍ സ്ക്കൂളിലേയ്ക്ക് ദൂരമുള്ളൂ. അതുകൊണ്ട് തന്നെ ലണ്ടന്‍ നഗരത്തിന്റെ തിരക്കുകളിലേയ്ക്ക്  കടക്കുന്നതിന്റെ സാഹചര്യവുമില്ല.  അതുപോലെ തന്നെ ഈസ്റ്റ് ലണ്ടന്‍ ഭാഗത്ത് നിന്നും വരുന്നവര്‍ക്ക് എ-406 റോഡിന്റെ സമീപത്ത് തന്നെയാണ് പുതിയതായി നിശ്ചയിച്ചിരിക്കുന്ന വേദി.
കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന ഹാള്‍, യാത്രാ സൗകര്യങ്ങളിലെ എളുപ്പം എന്നിവയ്ക്കൊപ്പം വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും എഡ്‌മണ്ടൻ  ദി ലാറ്റ്മെര്‍ സ്കൂളിനെ പങ്കെടുക്കാനെത്തുന്നവരെ  ദി ലാറ്റ്മെര്‍ സ്കൂള്‍ കാമ്പസ് പ്രിയപ്പെട്ടതാക്കും. ഏകദേശം മുന്നൂറോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഓവര്‍ഫ്ലോ പാര്‍ക്കിംഗിനായി പ്രത്യേക ഗ്രൗണ്ടും സ്കൂളിന്റേതായുണ്ട്. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നവരുടെ സൗകര്യാര്‍ത്ഥം ഉച്ചയ്ക്ക് മുതല്‍ മിതമായ നിരക്കിലുള്ള ഭക്ഷണശാല തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.
“ആദരസന്ധ്യ 2020″ല്‍ പങ്കെടുക്കുന്നതിനായി അഡ്വ. വി.പി സജീന്ദ്രന്‍ എം.എല്‍.എ ബ്രിട്ടണിലെത്തിച്ചേര്‍ന്നു കഴിഞ്ഞു. ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ ഇവന്റ് ഓര്‍ഗനൈസര്‍ എബി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അമേരിക്കയിലെ മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ഫിനാന്‍ഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍, യൂറോപ്പിലെ സീനിയര്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ യുക്മയുടെ ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നതായിരിക്കും.
സംഗീത-നൃത്ത ഇനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും കോര്‍ത്തിണക്കി,  യുക്മ ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഏറ്റവും മനോഹരവും ആകര്‍ഷകവുമായ ഒന്നായിട്ടാവും “ആദരസന്ധ്യ 2020” നടത്തപ്പെടുന്നത്. പ്രോഗ്രാം കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ജെയ്സണ്‍ ജോര്‍ജ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സെലീന സജീവ് എന്നിവരുടെ നേതൃത്വത്തിലാവും വേദിയിലെ പരിപാടികള്‍ ഏകോപിക്കപ്പെടുന്നത്.
യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ യു-ഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും “ആദരസന്ധ്യ 2020″നോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും. യുക്മ “കേരളാ പൂരം 2020” വള്ളംകളിയുടെ പ്രചരണത്തിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന റോഡ് ഷോയുടെ ഉദ്ഘാടനം ഫെബ്രുവരി 1 ശനിയാഴ്ച്ച ലണ്ടനില്‍ നടക്കുന്ന “ആദരസന്ധ്യ 2020” വേദിയില്‍വച്ച് നടക്കും. മത്സരവള്ളംകളിയുടെ പ്രചരണാര്‍ത്ഥം യു കെയിലെ എല്ലാ പ്രധാന നഗരങ്ങളിലും വിജയികള്‍ക്ക്‌ നല്‍കുന്ന എവറോളിങ്‌ ട്രോഫിയുമായിട്ടാണ്‌ റോഡ്‌ ഷോ വിഭാവനം ചെയ്തിരിക്കുന്നത്.
യുക്മ ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര  നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന്‍ കേരളൈറ്റ്സ്ന്റെ ടോണി അലോഷ്യസ് എന്നിവര്‍ക്ക് “ആദരസന്ധ്യ 2020” വച്ച് യുക്മ സ്വീകരണം നല്‍കുന്നുണ്ട്.
ഇവര്‍ക്കൊപ്പം ലോക മലയാളി സമൂഹങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ വ്യക്തികളെയും കൂടി ആദരിക്കുന്നതാണ്.
മികച്ച പാര്‍ലമെന്റേറിയന് യുക്മ ഏര്‍പ്പെടുത്തിയ  നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എയ്ക്കാണ്.   നിയമസഭയില്‍ ബില്ലുകള്‍ക്ക്  ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ കൂടുതല്‍ ദേഭഗതികള്‍ സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്ക്കാരം.
യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള  മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ്  മാധവന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരമാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.
പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്ന പുരസ്ക്കാരം നേടിയത് ജോളി തടത്തില്‍ (ജര്‍മ്മനി) ആണ്. ബിസ്സിനസ്സ്, സ്പോര്‍ട്ട്സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്ക്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.
ഹെല്‍ത്ത്കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് നല്‍കുന്ന കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്ക്കാരം നേടിയത് സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്) ആണ്. നഴ്സിങ് ഡിപ്ലോമയില്‍ തുടങ്ങി ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി ഗവണ്‍മെന്റ് സെക്ടറില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പദവി വരെ വളര്‍ന്ന മികവിനെ പരിഗണിച്ചാണ് ഈ പുരസ്ക്കാരം സമ്മാനിക്കുന്നത്.
മഹാത്മാഗാന്ധിയുടെ 150 )ഓ   ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്ക്കാരത്തിന് അര്‍ഹനായത് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് – അബുദാബി) ആണ്.
യു.കെ മലയാളികള്‍ക്കിടയിലും യുക്മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച് തമ്പി ജോസ് (ലിവര്‍പൂള്‍) “കര്‍മ്മശ്രേഷ്ഠ” പുരസ്ക്കാരത്തിന് അര്‍ഹനായി.
യു കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) – ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം നേടി.
കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ  നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ (നോട്ടിങ്ഹാം)ന്  കലാഭൂഷണം പുരസ്ക്കാരം സമ്മാനിക്കുന്നത്.
രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്ക്കാരം നല്‍കും.
യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകന്‍ എന്ന നിലയില്‍  “എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍” പുരസ്ക്കാരത്തിന് അര്‍ഹനായത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന്‍ ബിയറിന്‍റെ  സ്ഥാപകന്‍ വിവേക് പിള്ള (ലണ്ടന്‍)യാണ്.
നോര്‍ത്ത് ലണ്ടനിലെ ദി ലാറ്റ്മെര്‍ ഗ്രാമര്‍ സ്ക്കൂളില്‍ ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020″നോട് അനുബന്ധിച്ച് ഇവരെ ആദരിക്കുന്നതാണ്. പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും പുരസ്ക്കാര ജേതാക്കള്‍ക്ക് വേദിയില്‍ വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്.
 
പരിപാടി നടക്കുന്ന വേദിയുടെ അഡ്രസ്സ്; 
The Latymer School 
Haselbury Road 
Edmonton 
London 
N9 9TN

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more