1 GBP = 103.84
breaking news

യുക്മ “ആദരസന്ധ്യ 2020” അവാർഡുകൾ പ്രഖ്യാപിച്ചു……….. വി പി സജീന്ദ്രന്‍ എം എല്‍ എ ക്ക് നിയമനിർമ്മാണ പുരസ്ക്കാരം………… ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ (അമേരിക്ക), ജോളി തടത്തിൽ (ജർമ്മനി), സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സർലൻഡ്), ഗാന്ധിയൻ വി ടി വി ദാമോദരന്‍ (അബുദാബി) ഉള്‍പ്പെടെ പത്ത് പേര്‍ ആദരവ് ഏറ്റുവാങ്ങാനെത്തുന്നു…

യുക്മ “ആദരസന്ധ്യ 2020” അവാർഡുകൾ പ്രഖ്യാപിച്ചു……….. വി പി സജീന്ദ്രന്‍ എം എല്‍ എ ക്ക് നിയമനിർമ്മാണ പുരസ്ക്കാരം………… ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍  (അമേരിക്ക), ജോളി തടത്തിൽ (ജർമ്മനി), സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സർലൻഡ്), ഗാന്ധിയൻ വി ടി വി ദാമോദരന്‍ (അബുദാബി) ഉള്‍പ്പെടെ പത്ത് പേര്‍ ആദരവ് ഏറ്റുവാങ്ങാനെത്തുന്നു…
സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ലണ്ടന്‍:  മികച്ച പാര്‍ലമെന്റേറിയന് യു കെ യിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മ ഏര്‍പ്പെടുത്തിയ  നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എ യ്ക്ക്.  നിയമസഭയില്‍ ബില്ലുകള്‍ക്ക്  ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ കൂടുതല്‍ ദേഭഗതികള്‍ സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്ക്കാരം.
നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളജില്‍ ഫെബ്രുവരി ഒന്നിന് നടക്കുന്ന “യുക്മ ആദരസന്ധ്യ 2020” നോടനുബന്ധിച്ചാണ് പുരസ്ക്കാരദാനം. യുക്മ യൂത്തിന്റെ ആഭിമുഖ്യത്തില്‍ ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര പഠനം നടത്തുന്ന അര്‍ജുന്‍ ഗോപാലിന്റെ നേതൃത്വത്തിലുള്ള ടീം നടത്തിയ പഠനമാണ് ഏറ്റവും മികച്ച നിയമസഭാ സാമാജികനെ കണ്ടെത്തുന്നതിന് സഹായകരമായത്.
യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്, ‘ആദരസന്ധ്യ 2020 ‘ ഇവന്‍റ് ഓര്‍ഗനൈസര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവരാണ് ലണ്ടനില്‍ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
പുരസ്ക്കാര ജേതാക്കളായ മറ്റുള്ളവര്‍:-
യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള  മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ്  മാധവന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരമാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.
പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്ന പുരസ്ക്കാരം നേടിയത് ജോളി തടത്തില്‍ (ജര്‍മ്മനി) ആണ്. ബിസ്സിനസ്സ്, സ്പോര്‍ട്ട്സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്ക്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.
ഹെല്‍ത്ത്കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് നല്‍കുന്ന കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്ക്കാരം നേടിയത് സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സർലൻഡ്) ആണ്. നഴ്സിങ് ഡിപ്ലോമയില്‍ തുടങ്ങി ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി ഗവണ്‍മെന്റ് സെക്ടറില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പദവി വരെ വളര്‍ന്ന മികവിനെ പരിഗണിച്ചാണ് ഈ പുരസ്ക്കാരം സമ്മാനിക്കുന്നത്.
മഹാത്മാഗാന്ധിയുടെ 150 )O   ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്ക്കാരത്തിന് അര്‍ഹനായത് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് – അബുദാബി) ആണ്.
യു കെയ്ക്ക് പുറത്ത് നിന്നും അഞ്ച് വ്യക്തികൾക്ക് പുരസ്ക്കാരം നല്‍കുന്നതിനൊപ്പം യു കെയില്‍ നിന്നും അഞ്ച് പേർ പുരസ്ക്കാര ജേതാക്കളായിട്ടുണ്ട്. യു.കെ മലയാളികള്‍ക്കിടയിലും യുക്മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച് തമ്പി ജോസ് (ലിവര്‍പൂള്‍) “കര്‍മ്മശ്രേഷ്ഠ” പുരസ്ക്കാരത്തിന് അര്‍ഹനായി.
യു കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) – ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം നേടി. കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ  നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ (നോട്ടിങ്ഹാം)ന്  കലാഭൂഷണം പുരസ്ക്കാരം സമ്മാനിക്കുന്നത്.
രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്ക്കാരം നല്‍കും. യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകന്‍ എന്ന നിലയില്‍  “എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍” പുരസ്ക്കാരത്തിന് അര്‍ഹനായത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന്‍ ബിയറിന്‍റെ  സ്ഥാപകന്‍ വിവേക് പിള്ള (ലണ്ടന്‍)യാണ്.
നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജില്‍ ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020″നോട് അനുബന്ധിച്ച് ഇവരെ ആദരിക്കുന്നതാണ്. പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും പുരസ്ക്കാര ജേതാക്കള്‍ക്ക് വേദിയില്‍ വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്.
പുരസ്ക്കാര ജേതാക്കളുടെ വ്യക്തിവിവരങ്ങളും തെരഞ്ഞെടുക്കപ്പെട്ടത് സംബന്ധിച്ച വിശദമായ വിവരങ്ങളും വരും ദിവസങ്ങളില്‍ വിശദമായി നല്‍കുന്നതായിരിക്കും.
 “ആദരസന്ധ്യ 2020” നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:- 
St.Ignatius College
Turkey Street
Enfield, London 
EN1 4NP

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more