1 GBP = 103.99

മഹാത്മാ പുരസ്ക്കാരം: വി.ടി.വി ദാമോദരന്‍ (അബുദാബി); ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ടര്‍: മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)…

മഹാത്മാ  പുരസ്ക്കാരം: വി.ടി.വി ദാമോദരന്‍ (അബുദാബി); ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ടര്‍:  മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)…
സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ “ആദരസന്ധ്യ 2020” നോട് അനുബന്ധിച്ച് പുരസ്ക്കാര ജേതാക്കളായ പത്ത് പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.  ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020” നോട് അനുബന്ധിച്ച് പുരസ്‌ക്കാര ജേതാക്കള്‍ക്ക്   പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്.  മഹാത്മാ  പുരസ്ക്കാരം നേടിയ വി.ടി.വി ദാമോദരന്‍ (അബുദാബി) , ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ടര്‍ പുരസ്ക്കാരത്തിന് അര്‍ഹനായ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍) എന്നിവരെ പരിചയപ്പെടാം.
വി ടി വി ദാമോദരന്‍: മഹാത്മാ പുരസ്ക്കാരം
മഹാത്മാഗാന്ധിയുടെ 150- ആം  ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്ക്കാരത്തിന് അര്‍ഹനായത് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് – അബുദാബി) ആണ്.
ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ അതിരുകളില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം വിതറുന്ന ഉദാരതയുടെ സ്നേഹസൂര്യനായാണ് വി.ടി.വി ദാമോദരന്‍ അറിയപ്പെടുന്നത്.
ഗള്‍ഫില്‍ നിരാശ്രയരായി തീരുന്ന തൊഴിലന്വേഷകര്‍ നിയമക്കുരുക്കുകളില്‍ പെട്ടു ബുദ്ധിമുട്ടുന്നവര്‍, നാട്ടിലേക്ക് മടങ്ങാന്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന നിരാലംബര്‍, രോഗികള്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ താന്‍ പ്രതിനിധാനം ചെയ്തുപോരുന്ന ഗാന്ധി സാഹിത്യ വേദി, പയ്യന്നൂര്‍ സൗഹൃദവേദി ഗിവ് എ ഹാന്‍ഡ് ഉള്‍പ്പെടെയുള്ള സംഘടനകളിലൂടെയും പ്രവാസ ലോകത്തുള്ള മറ്റു പല സംഘടനനകളുമായി ചേര്‍ന്ന്  വി.ടി.വി നടത്തുന്ന കരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ജാതി മത രാഷ്ട്രീയ ഭേദമന്യേ യുഎഇയിലെ പൊതുവേദികളിലെല്ലാം തന്നെ സമ്മതനായ സാന്നിധ്യമായി ഓരോരുത്തരുടേയും ഉറ്റബന്ധുവാണെന്ന് തോന്നിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.
പ്രശസ്ത കോല്‍ക്കളി ആചാര്യനും കേരളാ ഫോക്‌ലോര്‍ പുരസ്‌കാര ജേതാവുമായ മഹാനായ തന്റെ പിതാവ് കെ.യു രാമപ്പൊതുവാളിനെ പോലെ പ്രസ്തുത പുരസ്‌കാരം വിടിവിയെയും തേടിയെത്തിയപ്പോള്‍ പിതാവിനും പുത്രനും ലഭിക്കുന്ന പുരസ്കാരമെന്ന അപൂര്‍വ്വതയോടൊപ്പം ഇങ്ങനെയൊരു ആദരം നേടുന്ന ആദ്യ പ്രവാസി മലയാളിയെന്ന ബഹുമതിയും വിടിവിക്ക് സ്വന്തമായി. കലാ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളില്‍ പ്രഥമഗാന്ധിഗ്രാം, അക്ഷയദേശീയ പുരസ്‌കാരം, കലാനികേതന്‍ അവാര്‍ഡ്, മലയാളഭാഷ പാഠശാല പുരസ്‌കാരം, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സാമൂഹ്യ പ്രവര്‍ത്തന ഗ്ലോബല്‍ അവാര്‍ഡ്, കണ്ണുര്‍ എസ്എന്‍ കോളേജ് അനിയുടെ പട്ടും വളയും, ഇന്ത്യ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍,  അബുദാബി മാസ്റ്റര്‍ ഓഫ്ഫോക്‌ലോര്‍ അവാര്‍ഡ്, പയ്യന്നുര്‍ മിഡ്‌ ടൗണ്‍ റോട്ടറി അവാര്‍ഡ് തു ടങ്ങിയ അര്‍ഹമായ ഒട്ടേറെ ആദരങ്ങള്‍ ഈ മനുഷ്യ സ്നേഹിയെ തേടിയെത്തി.
കവിതയുടെ ലോകത്തും വിടിവി തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്. യു.എ.ഇയുടെ രാഷ്ട്രപിതാവ് ഹിസ്ഹൈനസ് ഷെയ്ഖ് സായിദിനെ കുറിച്ചും പെറ്റനാടിനോടെന്ന പോലെ അന്നം തരുന്ന നാടിന്റെ സാംസ്‌കാരിക ഗരിമയെ കുറിച്ചും പത്തോളം അനുപമ സുന്ദരമായ കടപ്പാടിന്റെ കവിതകളെഴുതി വിടിവി അറബ്് ലോകത്തും ശ്രദ്ധേയനായി. പ്രസ്തുത കവിതകള്‍ അറബ് ഭാഷകളിലടക്കം വിവര്‍ത്തനം ചെയ്യപ്പെടുകയും അബുദാബി പോലീസിന്റെ 999 ഉള്‍പ്പെടെയുള്ള യുഎഇയിലെ പ്രമുഖ അറബ് പ്രസിദ്ധീകരണങ്ങളിലെല്ലാം തുടര്‍ച്ചയായി വെളിച്ചം കാണുകയും അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തു. മധ്യവേനല്‍, ഓര്‍മ്മ മാത്രം, വിദൂഷകന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വിടിവി ഒരു ബഹുമുഖ പ്രതിഭയാണ്.
തന്റെ മഹത്തായ മാതൃരാജ്യത്തിന്റെയും അതിന്റെ രാഷ്ട്രപിതാവും തന്റെ മാര്‍ഗദര്ശകനുമായ മഹാത്മാഗാന്ധിയെയും കുറിച്ചും ധാരാളം ലേഖനങ്ങളും കവിതകളും വിടിവിയുടെ തൂലികയില്‍ നിന്നും പിറവിയെടുത്തു. ഗാന്ധിജിയെ കുറിച്ചും മാനവമൂല്യങ്ങളെ കുറിച്ചും പ്രവാസ ലോകത്ത് ഏറ്റവും കൂടുതല്‍ ലേഖനമെഴുതിയ വെറുമൊരു എഴുത്തുകാരന്‍ മാത്രമായിരുന്നില്ല വി.ടി.വി, മാനവികതയുടെ ഐക്യത്തിനായി ഗാന്ധിയന്‍ ആദര്‍ശങ്ങളെ ആയുധമാക്കി പ്രവാസ ലോകത്തിനു മുന്നിലേക്കിറങ്ങി വന്നൊരു പോരാളി ആയിരുന്നു അദ്ദേഹം.
ഗാന്ധി സാഹിത്യ വേദിയെന്ന തന്റെ സംഘടനയിലൂടെ ഗാന്ധിയന്‍ മൂല്യങ്ങള്‍ പ്രവാസ ലോകത്ത് നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്നതിനും പ്രവര്‍ത്തികമാക്കുന്നതിനും ആവശ്യമായതെല്ലാം ഒരുക്കൂട്ടിയ വിടിവിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളായിരുന്നു ഒരു അറബ് രാജ്യത്ത് ലോകത്ത് ഇദംപ്രഥമായി ഗാന്ധി പ്രതിമയും ചര്‍ക്കയുമെല്ലാം സ്ഥാപിതമാകുന്നതിനു നേതൃത്വം നല്‍കാനായത്.  കാലത്തിന്റെ നീതി പോലെ അതേറ്റവും അര്‍ഹമായ വിടിവിയുടെ കരങ്ങളിലൂടെ തന്റെ ജന്മനാട്ടില്‍ നിന്ന് പണി കഴിപ്പിച്ചു യുഎയില്‍ എത്തി.
മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍): ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് 
രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്ക്കാരം സമ്മാനിക്കും.
യു.കെയിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്ന ഏലൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സാരഥി. 2002ല്‍ തുടങ്ങിയ സ്ഥാപനം ഇന്ന് സ്റ്റോക് പോര്‍ട്ടിലും ന്യൂഡല്‍ഹിയിലും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും സ്വന്തം ഓഫീസുകളുമായി പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഏലൂര്‍ കണ്‍സള്‍ട്ടന്‍സിക്കു പുറമേ നഴ്സിങ് ജോബ്സ് യുകെ, ഏലൂര്‍ പ്രോപ്പര്‍ട്ടീസ് യുകെ തുടങ്ങിയ കമ്പനികളാണ് ഗ്രൂപ്പിന്റെ ഭാഗമായുള്ളത്. റിക്രൂട്ടമെന്റ് രംഗത്തും എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടിങ് രംഗത്തും വിശ്വാസ്യത മുഖമുദ്രയാക്കിയ പ്രവര്‍ത്തനമാണ് ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയെ പുതിയ ഉയങ്ങളിലേക്ക് എത്തിച്ചത്. ഇന്റര്‍നാഷണല്‍ നഴ്‌സസ് റിക്രൂട്ട്‌മെന്റ് രംഗത്ത് 18 വര്‍ഷത്തെ ഏറ്റവും വിശ്വസ്തതയോടു കൂടിയുള്ള സേവനപാരമ്പര്യമാണ് ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയുടെ കരുത്ത്. അയ്യായിരത്തിലധികം പേരാണ് ഇതിനോടകം ഏലൂര്‍ ഗ്രൂപ്പിലൂടെ ജീവിതത്തിന് പുതിയ അര്‍ഥങ്ങള്‍ തേടിയത്.
മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും പുറമേ ശ്രീലങ്ക ഫിലീപ്പിന്‍സ് തുടങ്ങി അഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരെ യുകെയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ചെയ്തു വരുന്നു. മാഞ്ചസ്റ്റര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ സജീവ അംഗം. റിക്രൂട്ട്‌മെന്റ് കോണ്‍ഫെഡറേഷന്‍ മെമ്പര്‍ഷിപ്പ് (ആര്‍ഇസി) ഉള്ള യുകെയിലെ അപൂര്‍വം സ്ഥാപനങ്ങളിലൊന്ന്, നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ അപ്രൂവല്‍ ഉള്ള ചുരുക്കം ഏജന്‍സികളിലൊന്ന്, വോസ്കി ട്രെയിനിങിന് സൗകര്യമൊരുക്കിയ ആദ്യ കണ്‍സള്‍ട്ടന്‍സികളിലൊന്ന്.. വിശേഷണങ്ങള്‍ ഒട്ടനവിധിയാണ്.
മികവുറ്റ നഴ്‌സുമാരെ നല്‍കുന്നതിലുള്ള ഉത്തരവാദിത്വം പരിഗണിച്ച് എന്‍എച്ച്എസ് നല്‍കിയ ബെസ്റ്റ് നഴ്‌സിങ് സപ്ലൈയറിനുള്ള  ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് ഓഫ് ക്ലിനിക്കല്‍ ഹെല്‍ത്ത് കെയര്‍ ഫ്രൊഫഷണല്‍സ് അവാര്‍ഡ് മാത്യു ജെയിംസിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ്. ഒരു മലയാളി സ്ഥാപനത്തിന് ഇത്തരമൊരു അവാര്‍ഡ് ലഭിക്കുന്നത് അപൂര്‍വമാണെന്നുള്ളത് സ്ഥാപനത്തിന്റെ മേന്‍മയാണ് തെളിയിക്കുന്നത്.
എഡ്യൂക്കേഷന്‍  കണ്‍സള്‍ട്ടന്‍സി രംഗത്തും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി നേടിയത് സമാനതകളില്ലാത്ത നേട്ടമാണ്. ബ്രിട്ടീഷ് കൗണ്‍സില്‍ അപ്രൂവ്ഡ് ഏജന്‍സി കൂടിയാണ്. സ്വാന്‍സി യൂണിവേഴ്‌സിറ്റിയും ഹെര്‍ട്ട്‌ഫോര്‍ഡ് ഷെയര്‍ യൂണിവേഴ്‌സിറ്റിയും അടക്കം യുകെയിലെ പതിനെട്ടോളം  പ്രമുഖ സര്‍വകലാശാലകളുമായി നേരിട്ടു പാര്‍ട്ട്ണര്‍ഷിപ്പുള്ള ഏലൂര്‍ ഗ്രൂപ്പ് വിദേശത്ത് ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന ഏവരുടെയും പ്രതീക്ഷയാണ്. ശരിയായ ഗൈഡന്‍സ് നല്‍കി ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്.
രണ്ടു രാജ്യങ്ങളിലായി വിദേശികളടക്കം അമ്പതോളം പേര്‍ ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയില്‍ ജോലി നോക്കുന്നുണ്ട്. അച്ചടക്കവും വിശ്വസ്തതയും ഇവരിലേക്കും പകര്‍ന്നു നല്‍കാന്‍ മാത്യു ജയിംസിന് കഴിഞ്ഞതു കൂടിയാണ് സ്ഥാപനത്തിന്റെ  വിജയം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more