1 GBP =
breaking news

ഇന്നാട്ടിലും നാടകകലയ്ക്കുള്ള സാധ്യത തെളിയിച്ച് ട്രാഫോർഡ് നാടക സമിതി; യുക്മ ഫാമിലി ഫെസ്റ്റിന് ഡോ.സിബിയും സംഘവും അവതരിപ്പിച്ച ”സിഗററ്റ് കൂട്” വേദി കീഴടക്കി….

ഇന്നാട്ടിലും നാടകകലയ്ക്കുള്ള സാധ്യത തെളിയിച്ച് ട്രാഫോർഡ് നാടക സമിതി; യുക്മ ഫാമിലി ഫെസ്റ്റിന് ഡോ.സിബിയും സംഘവും അവതരിപ്പിച്ച ”സിഗററ്റ് കൂട്”  വേദി കീഴടക്കി….
ഷൈമോൻ തോട്ടുങ്കൽ
മാഞ്ചസ്റ്റർ:-  ഇക്കഴിഞ്ഞ ശനിയാഴ്ച മാഞ്ചെസ്റ്ററിലെ വിഥിൻഷോ ഫോറം സെന്ററിൽ നടന്ന യുക്മ ഫാമിലി ഫെസ്റ്റിൽ വേദി കീഴടക്കി ട്രാഫോർഡ് നാടക സമിതി , പ്രൊഫെഷണൽ നാടകസമിതികളെ വെല്ലുന്ന രീതിയിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച ട്രാഫോർഡിലെ    സുഹൃദ് സംഘം യുക്മ ഫെസ്റ്റിൽ പങ്കെടുത്ത ഓരോ മലയാളിയുടെയും മനസ്സിൽ കുടിയേറിയാണ് മടങ്ങിയത്.
കലാലയ കാലത്തു  നാട്ടിൽ ഉജ്വലമായ നേതൃ പാടവും, സംഘാടക മികവും കൊണ്ട് സകലരുടെയും മനസ്സിൽ ഇടം നേടിയ കോട്ടയം അതിരമ്പുഴ സ്വദേശി ഡോ.  സിബി വേകത്താനം  രചനയും സംവിധാനവും നിർവഹിച്ച  സിഗരറ്റു കൂട്  എന്ന നാടകം യുക്മ ഫാമിലി ഫെസ്റ്റിന് കൂടുതൽ അഴക് നൽകി.
വളരെ കാലികമായ ഒരു വിഷയത്തിന്റെ ഉജ്വലമായ ആഖ്യാനവും,  അഭിനേതാക്കളുടെ കറ  തീർന്ന അഭിനയവും, അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള രംഗപടവും, മികച്ച ശബ്ദവും വെളിച്ചവും, എൽ ഇ ഡി സ്ക്രീൻ ഉൾപ്പെടെ എല്ലാം കൂടി ഒത്തു ചേർന്നപ്പോൾ  നാട്ടിൽ നിന്നും ഏറെ കാലമായി അകന്നു നിൽക്കുന്ന യു കെ മലയാളികൾക്ക് അത് ഗൃഹാതുരത്വം ഉണർത്തുന്ന ഒരോർമ്മയായി മാറി.
നാടകത്തിലെ മുഖ്യ കഥാപാത്രമായി അഭിനയിച്ച സജി എന്ന വിളിപ്പേരുള്ള ചാക്കോ ലൂക്കിന്റെ അഭിനയം ഹൃദയസ്പർശിയായി. ട്രാഫോർഡ് നാടക സമിതിയുടെ ഇതിനു മുൻപുള്ള മറ്റു നാടകങ്ങളിലും വളരെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു  കൈയടി നേടിയിട്ടുണ്ട് ചാക്കോ ലൂക്ക്. നാടകത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ അന്ധനായ യുവാവിന്റെ വേഷം കൈകാര്യം ചെയ്തതും സംവിധായകനായ സിബി തന്നെ യാണ്.  ഇവർ മുൻപ് നടത്തിയ എല്ലാ നാടകങ്ങളിലും  കയ്യടി നേടിയ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള ആശാ ഷിജുവിന്റെ പ്രകടനവും ഏറെ മികച്ചതായിരുന്നു എന്ന് പറയാതെ വയ്യ.  വൈദികന്റെ വേഷത്തിൽ എത്തിയ ഡോണി ജോൺ , മകനായി എത്തിയ ഉണ്ണികൃഷ്ണൻ , ലിജോ ജോൺ ,മാത്യു ചമ്പക്കര , ബിജു കുരിയൻ , ഷൈജു ചാക്കോ എന്നിവരുടെ മികച്ച പ്രകടനം കൂടിയായപ്പോൾ നാട്ടിലെ ഏറ്റവും മികച്ച പ്രൊഫഷണൽ നടക വേദിയുടെ നാടകം കണ്ടിറങ്ങിയ ഒരു അനുഭൂതിയാണ് കാണികൾക്ക് സമ്മാനിച്ചത്.  നാടകത്തിൽ അഭിനയിക്കാത്ത നിരവധി ട്രാഫോർഡിലെ  മലയാളികളും ഈ നാടകത്തിന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിച്ചു.
യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനർ കൂടിയായ ഡോ.സിബി വേകത്താനം രചനയും സംവിധാ‌‌നവും നിർവ്വഹിച്ചപ്പോൾ നടകത്തിലെ മറ്റ് അഭിനേതാക്കളും അണിയ പ്രവർത്തകരും അടങ്ങിയ  സംഘത്തിന്റെ കൂട്ടായ പ്രവർത്തനമാണ് നാടകത്തിന്റെ വിജയത്തിന് കാരണം.
ആദ്യ നാടകമായ തോട്ടങ്ങൾ , പിന്നീട് വന്ന ശരറാന്തൽ , എഞ്ചുവടി കാണാക്കാഴ്ചകൾ , ബൈബിൾ നാടകമായ ബറാബ്ബാസ് എന്നിവയുടെ എല്ലാം രചനയും സംവിധാനവും  നിർവ്വഹിച്ചതും ഡോ . സിബി വേകത്താനം ആയിരുന്നു.
യു കെയിലെ വിവിധ വേദികളിൽ അവതരിപ്പിച്ചിട്ടുള്ള ട്രാഫോർഡ് നാടക സമിതിക്കു ലഭിച്ച ഒരു അംഗീകാരം കൂടി ആയിരുന്നു യുക്മ ഫെസ്റ്റിന്റെ നിറഞ്ഞു കവിഞ്ഞ സദസ്സ് എന്നതും  ഈ ബ്രിട്ടീഷ് മണ്ണിലും ഏറെ നാടകാസ്വാദകർ ഉണ്ടെന്നുള്ളതിന്റെ തെളിവായി മാറി .
യുക്മ ഫാമിലി ഫെസ്റ്റിൽ മികച്ച “സിഗററ്റ് കൂട്”  നാടകമൊരുക്കിയ ട്രാഫോർഡ് നാടക സമിതിയെ യുക്മ പ്രസിഡൻറ് മാമ്മൻ ഫിലിപ്പ്, ജനറൽ കൺവീനർ അലക്സ് വർഗ്ഗീസ് എന്നിവർ അഭിനന്ദിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more