1 GBP =
breaking news

യുക്മ യൂത്ത് പ്രൊജക്റ്റിന് ഔപചാരികമായ തുടക്കം……….. വിദ്യാർത്ഥികൾക്കായുള്ള പ്രഥമ കരിയർ ഗൈഡൻസ് പ്രോഗ്രാമിന് ആവേശോജ്വലമായ പരിസമാപ്തി

യുക്മ യൂത്ത് പ്രൊജക്റ്റിന് ഔപചാരികമായ തുടക്കം………..  വിദ്യാർത്ഥികൾക്കായുള്ള പ്രഥമ കരിയർ ഗൈഡൻസ് പ്രോഗ്രാമിന് ആവേശോജ്വലമായ പരിസമാപ്തി

സജീഷ് ടോം, (യുക്മ പി.ആർ.ഒ.)

യുക്മ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുക്മ യൂത്ത് പ്രൊജക്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും വിദ്യാർത്ഥികൾക്കായുള്ള പ്രഥമ കരിയർ ഗൈഡൻസ് പ്രോഗ്രാമും ചെൽറ്റനാമിൽ നടന്നു. യുക്മ സൗത്ത് വെസ്റ്റ് റീജിയന്റെയും ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

യുകെയിൽ പഠിച്ചു വളരുന്ന മലയാളി കുട്ടികൾക്ക് വിവിധ തൊഴിൽ രംഗങ്ങളെ പരിചയപ്പെടുത്തുവാൻ ലക്‌ഷ്യം വച്ചുകൊണ്ടു വിഭാവനം ചെയ്തതായിരുന്നു കരിയർ ഗൈഡൻസ് പ്രോഗ്രാം. യു കെ യിലെ പ്രൊഫഷണൽ രംഗങ്ങളിൽ പ്രഗത്ഭരായ വ്യക്തികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
പ്രൊഫഷണൽ ലക്‌ചേഴ്‌സിനൊപ്പം, തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾ തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ തയ്യാറാക്കി അവതരിപ്പിച്ച ക്ലാസ്സുകൾ ഏറെ വ്യത്യസ്തത പുലർത്തി.


മനഃശാസ്ത്രത്തിൽ സൗത്ത് ആഫ്രിക്കയിൽനിന്നും ബിരുദാനന്തര ബിരുദവും യു കെ യിൽ നിന്നും ഡോക്റ്ററേറ്റും കരസ്ഥമാക്കിയ ശശികല മോഹനൻ സൈക്കോളജിയുമായി ബന്ധപ്പെട്ട കോഴ്സ്കളെപ്പറ്റിയും തൊഴിൽ സാധ്യതകളെപ്പറ്റിയും വിശദമായി ക്ലാസ് നയിച്ചു. യു.കെ.സിവിൽ സർവീസിനെ കുറിച്ച് ഡോക്റ്റർ അഞ്ചു ജോഷ്വ നയിച്ച ക്ലാസ്സും വളരെ ശ്രദ്ധേയമായി. ഡിപ്പാർട്ട്മെൻറ് ഫോർ ഇന്റർനാഷണൽ ട്രേഡ് യു.കെ. സീനിയർ ഇക്കോണോമിസ്റ്റും ട്രേഡ് ആൻഡ് ഇൻവെസ്റ്റ് മെന്റ് വകുപ്പ് തലവനുമായ ഡോക്റ്റർ ജോഷ്വ പൊതുവെ യു.മലയാളി സമൂഹം കടന്നുചെല്ലാത്ത യു.കെ. സിവിൽ സർവീസ് സാധ്യതകളേക്കുറിച്ചു വിജ്ഞാനപ്രദമായി ക്ലാസ് നയിച്ചു.

ഗണിതശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും വൂസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ. ബിരുദവും നേടി യു.കെ.യിൽ കോളേജ് അദ്ധ്യാപികയായി ജോലിചെയ്യുന്ന മീര കമല “തൊഴിൽ മാർഗനിർദ്ദേശങ്ങ”ളെക്കുറിച്ചും രക്ഷിതാക്കളിൽ ഉണ്ടാകേണ്ടുന്ന അവബോധത്തെക്കുറിച്ചും നയിച്ച ക്ലാസ് വിദ്യാർത്ഥികൾക്കെന്നപോലെ തന്നെ പരിപാടിയിൽ പങ്കെടുത്ത മാതാപിതാക്കൾക്കും വളരെ പ്രയോജനകരമായി.


വിവര സാങ്കേതിക വിദ്യയിൽ യു.കെ.യിൽനിന്നും ബിരുദാനന്തര ബിരുദം നേടിയ ആഷ്‌ലിൻ ജോസഫ് നയിച്ച ക്ളാസ് ആയിരുന്ന അടുത്തത്. ഐ.ബി.എം. കമ്പനിയുടെ ടെക്നിക്കൽ കൺസൽട്ടൻറ് ആയി ജോലിചെയ്യുന്ന ആഷ്‌ലിൻ ഇൻഫർമേഷൻ ടെക്‌നോളജിയുമായി ബന്ധപ്പെട്ട കോഴ്സ്കളെപ്പറ്റിയും തൊഴിൽ സാധ്യതകളെപ്പറ്റിയും സംസാരിച്ചു. കൂടാതെ ഇന്റർവ്യൂ സ്‌കിൽസ് വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ക്‌ളാസും വിജ്ഞാനപ്രദമായി.

പുതുതലമുറയിലെ വളരെയധികം വിദ്യാർഥികളെ ആകർഷിക്കുന്ന അക്കൗണ്ടൻസിയുമായി ബന്ധപ്പെട്ട വിവിധ പാഠ്യവിഷയങ്ങളെക്കുറിച്ചും ആഗോളതലത്തിൽ അതിനുള്ള തൊഴിൽ സാധ്യതകളെക്കുറിച്ചും അഖിൽ പയസ് ക്ലാസ് നയിച്ചു. ബെൽഫാസ്റ്റ് യുണിവേഴ്സിറ്റിയിൽനിന്നും ബിരുദം നേടിയ അഖിൽ അസ്സോസിയേറ്റ് ചാർട്ടേർഡ് അക്കൗണ്ടന്റ് യോഗ്യത നേടിയിട്ടുള്ള അപൂർവം മലയാളികളിൽ ഒരാളാണ്.

ചെൽറ്റ്നാം പീറ്റ്‌സ് ഗ്രാമർ സ്കൂൾ വിദ്യാർഥികളായ അപർണ്ണ ബിജു, ലക്ഷ്മി ബിജു, അനു മാത്യു എന്നിവർ ഗ്രാമർ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് പങ്കുവച്ച അറിവുകളും അനുഭവങ്ങളും വളരെ ഹൃദ്യമായി. അതുപോലെതന്നെ മെഡിക്കൽ വിദ്യാർത്ഥികളായ ജൂലിയറ്റ് സെബാസ്റ്റ്യൻ, കെവിൻ തോമസ് എന്നിവർ നയിച്ച മെഡിക്കൽ പ്രവേശനത്തെക്കുറിച്ചും അതിലെ വെല്ലുവിളികളെയും സാധ്യതകളെയുംകുറിച്ചും നടത്തിയ സെഷനും വളരെയധികം വിജ്ഞാനപ്രദമായിരുന്നു.

പ്രോഗ്രാമിന്റെ ഇടവേളയിൽ നടന്ന പ്രൗഢമായ ചടങ്ങിൽവച്ചു യുക്മ യൂത്ത് പ്രൊജക്റ്റിന്റെ ദേശീയ തല ഔപചാരിക ഉദ്ഘാടനം യുക്മ സെക്രട്ടറി റോജിമോൻ വർഗീസ് നിർവഹിച്ചു. യുക്മ യൂത്ത് നാഷണൽ കോർഡിനേറ്റർ ഡോക്റ്റർ ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുക്മ ദേശീയ വൈസ് പ്രസിഡണ്ടും യുക്മ യൂത്ത് നാഷണൽ കോർഡിനേറ്ററുമായ ഡോക്റ്റർ ദീപ ജേക്കബ് പ്രൊജക്റ്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. യോഗത്തിൽ യുക്മ ദേശീയ വൈസ് പ്രസിഡണ്ട് സുജു ജോസഫ്, ദേശീയ ജോയിന്റ് ട്രഷറർ ജയകുമാർ നായർ, മുൻ നാഷണൽ ജനറൽ സെക്രട്ടറി സജീഷ് ടോം, സൗത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി എം.പി.പദ്‌മരാജ്, ഗ്ലോസ്റ്റർഷെയർ മലയാളീ അസോസിയേഷൻ പ്രസിഡണ്ട് ടോം ശങ്കൂരിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.


“യുക്മ യൂത്ത്” എന്ന ആശയം കഴിഞ്ഞ ഭരണസമിതിയുടെ കാലത്തു അവതരിപ്പിച്ചു അംഗീകാരം നേടിയെടുത്തത് ഇപ്പോഴത്തെ ദേശീയ പ്രസിഡണ്ട് മാമ്മൻ ഫിലിപ്പ് ആയിരുന്നു. ദേശീയതല ഉദ്ഘാടനം പൂർത്തിയായനിലക്ക്, വിവിധ റീജിയണൽ കേന്ദ്രങ്ങളിൽ യുക്മ യൂത്ത് പ്രൊജക്റ്റ് പരിപാടികളുമായി യുക്മ ദേശീയ കമ്മറ്റി മുന്നോട്ട് വരുമെന്ന് ദേശീയ പ്രസിഡണ്ട് വ്യക്തമാക്കി. ചെൽറ്റനാം സെന്റ് എഡ്‌വേഡ്‌ സ്കൂളിൽ നടന്ന പരിപാടികൾക്ക് യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡണ്ട് വർഗീസ് ചെറിയാൻ, മനോജ് വേണുഗോപാൽ, ലൗലി സെബാസ്റ്റ്യൻ, പോൾസൺ ജോസ്, തോമസ് കോടങ്കണ്ടത്ത് , മാത്യു ഇടിക്കുള, ബിസ് പോൾ, വിൻസെന്റ് സ്കറിയ തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർത്ഥികളും മാതാപിതാക്കളുമായി നൂറ്റിഅൻപതുപേർ പരിപാടിയിൽ സംബന്ധിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more