1 GBP =
breaking news

ലെസ്റ്റർ അഥീന മൂന്നാം വർഷവും ജനസാഗരമാക്കാൻ യുക്മ വേണുഗീതം 2018 മെയ് 26 – ന്.

ലെസ്റ്റർ അഥീന മൂന്നാം വർഷവും ജനസാഗരമാക്കാൻ യുക്മ വേണുഗീതം 2018 മെയ് 26 – ന്.

ബാലസജീവ്‌ കുമാർ

ലെസ്റ്റർ : മുൻ വർഷങ്ങളിൽ യുക്മ ചിത്രഗീതവും, നാദവിനീതഹാസ്യവും ആയി യു കെ മലയാളികളെ ആസ്വാദക ലഹരിയുടെ പാരമ്യം രുചിപ്പിച്ച യുക്മ, ഈ വർഷവും അനുഗ്രഹീതഗായകരും, മറ്റു വിവിധ മേഖലകളിലെ പ്രശസ്ത കലാകാരന്മാരും അണിനിരക്കുന്ന യുക്മ വേണുഗീതം 2018 പ്രോഗ്രാം യു കെ യിലെ ആസ്വാദകർക്കായി ഒരുക്കുകയാണ്
മലയാളികൾക്ക് സ്നേഹാർദ്ര ഗാനങ്ങളുടെ മുപ്പത്തിയഞ്ചു വർഷങ്ങൾ സമ്മാനിച്ച മലയാളികളുടെ പ്രിയങ്കരനായ സ്നേഹ ഗായകൻ ശ്രീ ജി വേണുഗോപാൽ നയിക്കുന്ന “വേണുഗീതം 2018″ ആസ്വാദകരെ അനുഭൂതിയുടെ ഉത്തുംഗശ്രുംഗങ്ങളിൽ എത്തിക്കും എന്നുറപ്പാണ്. അനുഗ്രഹീത ഗായകരും, നർത്തകരും, കോമഡി ആർട്ടിസ്റ്റുകളും, മജീഷ്യരും പങ്കെടുക്കുന്ന മാസ്മരികമായ കലാവിരുന്നാണ് മെയ് 26 ന് ലെസ്റ്റർ അഥീനയിൽ യുക്മ യു കെ യിലെ പ്രേക്ഷകർക്കായി അണിയിച്ച്ഒരുക്കുന്നത്. യു കെ യിലെ ചിട്ടയാർന്ന ജീവിതത്തിന്റെയും, ജോലിയുടെ വിരസതയുടെയും ഇടയിൽ നിന്ന് ആസ്വാദനത്തിന്റെ മണിക്കൂറുകൾ നൽകി പുനരുജ്ജീവഭിക്കുന്ന യുക്മ ഷോകളുടെ എല്ലാവിധ മേന്മകളും വേണുഗീതം പ്രോഗ്രാമിനും ഉണ്ട്.

കഴിഞ്ഞ മൂന്ന് വർഷങ്ങളായി യു കെ യിലെ അനുഗ്രഹീത ഗായകർക്കായി യുക്മ ഗർഷോം ടിവിയുമായി സഹകരിച്ച് നടത്തുന്ന യുക്മ സ്റ്റാർ സീസൺ 3യുടെ സമാപന വേദിയുമായിരിക്കും ലെസ്റ്റർ കേരള കമ്മ്യുണിറ്റി ആതിഥ്യം നൽകുന്ന യുക്മ വേണുഗീതം 2018. വൈകിട്ട് ആറു മണിക്കാരംഭിക്കുന്ന യുക്മ വേണുഗീതം 2018 പ്രോഗ്രാമിന് മുമ്പായി യുക്മ സ്റ്റാർ സിംഗർ പവേർഡ് ബൈ ഗർഷോം ടി വി യുടെ അവസാന മത്സരങ്ങളും വിധിനിർണ്ണയവും ഇതേ വേദിയിൽ തന്നെ അനുഗ്രഹീത, പ്രമുഖ ഗായകരുടെ വിധിനിർണ്ണയത്തിൽ നടക്കുന്നതാണ്.

മുമ്പ് നടന്നിരിക്കുന്ന പ്രോഗ്രാമുകളെ പോലെ തന്നെ ലെസ്റ്റർ അഥീനയിലെ യുക്മ പ്രോഗ്രാമുകളെ അവിസ്മരണീയമാക്കാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും ലെസ്റ്റർ കേരള കമ്മ്യുണിറ്റിയും യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ കമ്മിറ്റിയും ചേർന്ന് ഇത്തവണയും ഒരുക്കിയിട്ടുണ്ട്. വിശാലമായ പാർക്കിംഗ് സൗകര്യവും, വോളന്റിയർമാരും, മിതമായ വിലക്കുള്ള രുചികരമായ നാടൻ ഭക്ഷണ ശാലകളും, കുട്ടികൾക്ക് ഉല്ലാസത്തിനുള്ള അവസരങ്ങളും എല്ലാം ഒരുക്കി തികഞ്ഞ ഉത്സവ പ്രതീതിയോടെ യുക്മ വേണുഗീതം 2018 ആഘോഷിക്കാനാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്.
മൂന്ന് ശ്രേണികളിലായി മിതമായ വിലക്കാണ് യുക്മ വേണുഗീതം 2018 പ്രോഗ്രാമിന്റെ ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. കുടുംബവുമൊത്തുള്ള ആസ്വാദനത്തിന് ഏറ്റവും അനുയോജ്യമായ പ്രോഗ്രാമായതിനാൽ വി ഐ പി, ഡയമണ്ട്, ഗോൾഡ് എന്നീ ശ്രേണികളിൽ ഫാമിലി ടിക്കറ്റുകളാണ് പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ തനിയെ വരുന്നവർക്കും സ്‌പെഷ്യൽ ക്‌ളാസ് ടിക്കറ്റുകൾ ലഭ്യമാണ്. വി ഐ പി, ഡയമണ്ട് ക്‌ളാസ് ടിക്കറ്റുകൾ പരിമിതമായതിനാലും, ആവശ്യക്കാർ കൂടുതലായതിനാലും, പരിമിതമായ ടിക്കറ്റുകൾ മാത്രമേ ഈ ശ്രേണിയിൽ ലഭ്യമായുള്ളു. ടിക്കറ്റുകൾ ലഭിക്കുന്നതിന് അടുത്തുള്ള യുക്മ അംഗമായ അസോസിയേഷൻ ഭാരവാഹിയെയോ, യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വറുഗീസിനെയോ ( Mobile 07883068181) നാഷണൽ ട്രഷറർ അലക്സ് വർഗ്ഗീസിനെയോ (mobile 07985641921 )ബന്ധപ്പെട്ട് പ്രവേശന അനുമതികൾ ലഭ്യമാക്കാവുന്നതാണ്. മുൻകൂട്ടി ടിക്കറ്റുകൾ വാങ്ങാത്തവർക്ക് പ്രത്യേക കൗണ്ടർ മുഖേന ലെസ്റ്റർ അഥീനയിൽ പ്രവേശന പാസുകൾ ലഭ്യമാക്കുമെങ്കിലും മുൻ നിരയിലെ സീറ്റുകളോ പ്രത്യേക ക്ലാസുകളോ ലഭിക്കുമെന്ന് ഉറപ്പാക്കാൻ സംഘാടകർക്ക് കഴിയില്ല എന്ന് ഖേദപൂർവ്വം അറിയിക്കുന്നതോടൊപ്പം അവിസ്മരണീയമായ അസുലഭ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനുള്ള നിങ്ങളുടെ ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാൻ ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

പ്രമുഖ ഗായകൻ ജി വേണുഗോപാലിനൊപ്പം മലയാളത്തിലെ ഒരു പിടി പ്രശസ്തരായ കലാകാരന്മാർ കൂടി ഈ മെഗാ ഷോയിൽ അണിനിരക്കുന്നു. ചലച്ചിത്ര പിന്നണീ ഗായിക മൃദുല വാര്യർ (ലാലി ലാലി ഫെയിം), വൈഷ്ണവ് ഗിരീഷ് ( ഇന്ത്യൻ ഐഡോൾ ജൂനിയർ 2015 ഫൈനലിസ്റ്),ബിഗ് മ്യൂസിക്കൽ ഫാദർ എന്ന പേരിൽ അറിയപ്പെടുന്ന ഫാ:വിൽസൺ മേച്ചേരി (ഫ്ളവർസ് TV ഫെയിം ) ഡോ:വാണി ജയറാം (ഐഡിയ സ്റ്റാർ സിംഗർ ഫെയിം) രാജമൂർത്തി (മജീഷ്യൻ) സാബു തിരുവല്ല (കൊമേഡിയൻ) ഒപ്പം യുകെയിലെ അനുഗ്രഹീത ഗായകരും നർത്തകരും അണിനിരക്കുന്നു.

നാദവും നൃത്തവും താളവും ഒന്ന് ചേർന്ന ഈ സംഗീത നൃത്ത ഹാസ്യ മാന്ത്രിക മെഗാഷോ ” യുക്മ വേണുഗീതം-2018″ ആസ്വദിക്കുവാൻ യുകെയിലെ എല്ലാ കലാ സ്നേഹികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു….

Post Your Comments Here ( Click here for malayalam )

Press Esc to close
show more