1 GBP = 104.11

നാഷണൽ കലാമേളയും സ്ലവ് മലയാളികളുടെ കാത്തിരിപ്പും കരൾ തുടിപ്പും….

നാഷണൽ കലാമേളയും സ്ലവ് മലയാളികളുടെ കാത്തിരിപ്പും കരൾ തുടിപ്പും….

മാത്യു ഡൊമിനിക്
ശരത്കാലം പടിവാതിൽക്കൽ എത്തി നിൽക്കുന്ന ഈ ഒക്ടോബർ മാസത്തിലെ അന്ത്യോപാദത്തിൽ “കലാഭവൻ മണി നഗറിലെ” കലാവിരുന്നിനായി സ്ലവ് മുഖം മിനുക്കി നിൽക്കുകയാണ്. യുകെയിലെ യുക്മയുടെ 115 അസോസിയേഷനുകളിൽ നിന്നും കലാകാരന്മാരും, കലാപ്രേമികളുമായി മലയാളി കുടുംബങ്ങൾ തങ്ങളുടെ SATNAV ൽ HAREFIELD ‘ എന്ന ലക്ഷ്യസ്ഥാനം സെറ്റ് ചെയ്തു കഴിഞ്ഞു. എല്ലാ റീജിയണുകളിലും നടന്ന കലാമേളയിൽ വിജയം നേടിയ കലയുടെ വാഗ്‌ദാനങ്ങൾ തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കുവാൻ ഹെയർഫീൽഡിനെ ലക്ഷ്യമാക്കി ഒരുങ്ങുകയാണ്.

യുക്മയുടെ എട്ടാമത്തെ നാഷണൽ കലാമേളയാണ് സ്ലവ് മലയാളികൾ ആതിഥേയരായ കലാഭവൻ മണി നഗർ സാക്ഷ്യം വഹിക്കുവാൻ പോകുന്നത്. കേവലം ഒരു വ്യാഴവട്ടക്കാലത്തിന് മുൻപ് ആലോചിക്കുവാൻ പോലും പറ്റാത്ത ഒരു മഹാസംഭവമാണ് എല്ലാ മലയാളികൾക്കും വേണ്ടി ഒരു കലാമേള ഒരുക്കുക എന്നത്. മലയാളികളുടെ നിസീമമായ സഹകരണം കൊണ്ട് ഏഴ് കലാമേളകൾ നാഷണൽ പാവലിൽ ഇതിനോടകം വിജയകരമായി നടത്തുവാൻ യുക്മയ്ക്കു കഴിഞ്ഞു. ഇതിൽ എല്ലാ യുകെ മലയാളികൾക്കും അഭിമാനിക്കാൻ വകയുണ്ട്. സ്ലവിലെ മലയാളികളെ സംബന്ധിച്ചും ഈ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുക എന്നത് അഭിമാനകരമായ ഒരു ചരിത്ര സംഭവമാണ്.

പിൻ തിരിഞ്ഞു നോക്കുമ്പോൾ 2000 – ആണ്ടിന് മുൻപ് യുകെയിൽ വളരെ ചെറിയ ഒരു മലയാളി സമൂഹം മാത്രമാണുണ്ടായിരുന്നത് എന്ന് കാണാം. അവരിൽ കൂടുതലും സിംഗപ്പൂരിൽ നിന്നും മലേഷ്യയിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ മലയാളി കുടുംബങ്ങളുടെ പുതുതലമുറക്കാർ ആയിരുന്നു. അംഗബലം കൊണ്ട് അവർക്ക് സ്വാഭാവികമായും യുകെ സമൂഹത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല.
അതിനു ശേഷം പ്രധാനമായി യുകെയുടെ ആരോഗ്യ രംഗത്തും ഐടി രംഗത്തും വന്ന അവസരങ്ങളാണ് ഇന്നീക്കാണുന്ന മലയാളി കുടിയേറ്റത്തിന് വാതിൽ തുറന്നത്. തത്ഫലമായി സങ്കര സംസ്കാരങ്ങളുടെ ഈ ദേശത്തു മലയാളിയും തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ മാത്രം വളർന്നു കഴിഞ്ഞു.
ഈ വളർച്ചയിലേക്ക് കൈ പിടിച്ചു നടത്താൻ, ഈ സമൂഹത്തെ നയിക്കുവാൻ യുക്മ എന്ന സംഘടനയ്ക്ക് വന്നു ചേർന്നിരിക്കുന്ന അവസരവും ഉത്തരവാദിത്വവും വളരെ വലുതാണ്. ഈ വലിയ കടമ കണ്ടറിഞ്ഞാണ് യുക്മ മുന്നേറുന്നതും. ആയിരങ്ങൾ പതിനായിരങ്ങളായി ബ്രിട്ടന്റെ കൗണ്ടിയിലും സെറ്റിൽ ആയി ബ്രിട്ടീഷ് മുഖ്യധാരയുടെ ഭാഗ്യമായി തീർന്ന, മലയാളിയെ ഒന്നിപ്പിച്ച് നിറുത്താൻ ഒരു സംഘടന ഇല്ലായിരുന്നുവെങ്കിൽ നമ്മളുടെ ജനം പൊതുസമൂഹത്തിൽ “ഏഷ്യക്കാരൻ” എന്ന വലിയ ലേബലിലെ ഒരു ചെറിയ ബിന്ദുവായി ഒതുങ്ങിപ്പോയേനെ.

മലയാളി സമൂഹത്തെ നയിക്കുക, മലയാള ഭാഷയെ പരിപോഷിപ്പിക്കുക, സർഗ്ഗ വാസനകളെ ഉണർത്തുക, നമ്മുടെ മലയാളിത്വത്തെ നില നിർത്തുക; ഇതിന്റെ എല്ലാം പ്രകടമായ ഫലപ്രാപ്തിയാണ് യുക്മയുടെ എല്ലാ പ്രവർത്തനങ്ങളും. പ്രത്യേകിച്ച് റീജിയണൽ കലാമേളകളും നാഷണൽ കലാമേളകളും. ഇതിനായി യുകെയിലെ എല്ലാ മലയാളി സംഘടനകളെയും യുക്മയുടെ സന്തോഷത്തോടെ കൈകോർത്തിരിക്കുകയാണ്.
എല്ലാ റീജിയനുകളിൽ നിന്നും വിജയിച്ചു വന്ന മത്സരാർത്ഥികൾ ഈ എട്ടാമത് നാഷണൽ കലാവേദിയിൽ ഉന്നതനിലവാരമുള്ള കടുത്ത മത്സരങ്ങൾ കാഴ്ച വയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല. പുതിയ കലാതിലകവും പുതിയ കലാപ്രതിഭയും ഉണ്ടാകാം. മത്സരങ്ങളുടെ അട്ടിമറിയുടെ കുത്തൊഴുക്കിൽ നിലവിലുള്ള ചാമ്പ്യന്മാർ നിലംപൊത്തി, പുതിയ മേൽക്കോയ്മയ്ക്ക് തല കുനിക്കുമോ അതോ വെല്ലുവിളികൾ അതിജീവിച്ച് ചാമ്പ്യൻ പട്ടം നിലനിർത്തുമോ എന്ന ആകാംഷയുടെ പകലിലെ മത്സര നിമിഷങ്ങൾക്കായി കാത്തിരിക്കൂ…
ഗ്രേറ്റ് ബ്രിട്ടന്റെ അഷ്ട ദിക്കുകളിൽ നിന്നും ഗ്രേറ്റ് മലയാളികൾ അവരുടെ കലാപെരുമയുടെ, യാഗാശ്വങ്ങൾ മത്സരവേദിയായ കലാഭവൻ മണി നഗറിനെ ലക്ഷ്യമാക്കി കുതിക്കുകയാണ്. താളാത്മകമായ അവയുടെ കുളമ്പടികൾ സ്ലവിന്റെ വിരിമാറിലൂടെ ദ്രുതതാളത്തിൽ പാഞ്ഞടുക്കുന്ന അനർഘ നിമിഷങ്ങൾ ഇതാ ആഗതമായി. ആതിഥേയരായ “അസോസിയേഷൻ ഓഫ് സ്ലവ് മലയാളീസ്” കലാവിരുന്നിന്റെ ഈ ചരിത്രനിമിഷങ്ങൾക്ക് സാക്ഷികളാകുവാൻ കാത്തിരിക്കുകയാണ്… കണ്ണുകൾ ചിമ്മാതെ….

.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more