1 GBP = 104.37
breaking news

യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ കലാമേളക്ക് ആവേശകരമായ സ്വീകരണം; അസ്സോസിയേഷനുകൾ കേന്ദ്രീകരിച്ച് പരിശീലനങ്ങൾ പുരോഗമിക്കുന്നു

യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ കലാമേളക്ക് ആവേശകരമായ സ്വീകരണം; അസ്സോസിയേഷനുകൾ കേന്ദ്രീകരിച്ച് പരിശീലനങ്ങൾ പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ

ബിർമിംഗ്ഹാം: അടുത്ത മാസം ഒക്ടോബർ ആറിന് പ്രഖ്യാപിച്ച യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ കലാമേളയ്ക്ക് ആവേശകരമായ സ്വീകരണമാണ് അംഗ അസോസിയേഷനുകളിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിലെ പ്രളയ ദുരിതത്തെത്തുടർന്ന് മിക്കവാറും അസ്സോസിയേഷനുകളിൽ നടക്കേണ്ടിയിരുന്ന ഓണാഘോഷ പരിപാടികൾ റദ്ദ് ചെയ്തിരുന്നു. സാധാരണ നിലയിൽ യുക്മ കലാമേളകൾക്ക് മുന്നോടിയായുള്ള പ്രദർശന മത്സര വേദിയാണ് ഓണാഘോഷങ്ങൾ. ഇക്കുറി ഓണാഘോഷങ്ങൾ റദ്ദാക്കിയതോടെ കലാമേളകളിൽ മത്സരങ്ങൾക്ക് വീറും വാശിയും കുറയുമെന്ന പ്രചാരണങ്ങൾക്ക് തടയിടുന്നതാണ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പരിശീലനങ്ങൾ. ഒക്ടോബർ ആറാം തിയതി ബിർമിംഗ്ഹാമിലെ സെന്റ് എഡ്‌മണ്ട് ക്യാമ്പിയൻ കാത്തലിക് സ്‌കൂളിൽ അരങ്ങേറുന്ന കലാമേളയിൽ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് ഡിക്സ് ജോർജ്ജ് അറിയിച്ചു.യുക്മയുടെ സുപ്രധാന റീജിയനുകളിൽ ഒന്നായ മിഡ്‌ലാൻഡ്‌സിലാണ് ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്നത്. അതുകൊണ്ട് തന്നെ വിപുലമായ സൗകര്യങ്ങളോട് കൂടിയ സെന്റ് എഡ്‌മണ്ട് ക്യാമ്പിയൻ കാത്തലിക് സ്‌കൂളിൽ നാല് വേദികളിലായിട്ടാകും മത്സരങ്ങൾ നടക്കുകയെന്ന് ഡിക്സ് പറഞ്ഞു.

ഏർഡിങ്ടൺ മലയാളി അസ്സോസിയേഷനാകും ഇക്കുറി കലാമേളയ്ക്ക് ആതിഥ്യമരുളുക. മികച്ച സംഘാടകശേഷി കൈമുതലായുള്ള ഏർഡിങ്ങ്ടൺ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ജോർജ്ജ് മാത്യുവിന്റെയും മറ്റ് ഭാരവാഹികളുടെയും പ്രവർത്തകരുടെയും പ്രവർത്തനങ്ങൾ കലാമേളയുടെ വിജയത്തിന് മാറ്റ് കൂട്ടുമെന്ന് സെക്രട്ടറി സന്തോഷ് തോമസ് അഭിപ്രായപ്പെട്ടു. ഒക്ടോബർ ആറിന് രാവിലെ ഒമ്പത് മണിയോടെ യുക്മ ദേശീയ റീജിയണൽ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ഉത്‌ഘാടന ചടങ്ങോടെയാകും മത്സരങ്ങൾ ആരംഭിക്കുക. ഉത്‌ഘാടന ചടങ്ങിൽ റീജിയണിൽ നിന്നുള്ള യുക്മ ദേശീയ അധ്യക്ഷൻ മാമൻ ഫിലിപ്പ്,യുക്മ നാഷണൽ ജോയിന്റ് ട്രഷറർ ജയകുമാർ നായർ, ദേശീയ എക്സിക്യു്ട്ടീവ് അംഗം സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിക്കും. യുക്മ നാഷണൽ കമ്മിറ്റി പുറത്തിറക്കിയ പരിഷ്കരിച്ച കലാമേള ഇ മാനുവൽ ഇതിനകം തന്നെ അംഗ അസ്സോസിയേഷനുകളിൽ എത്തിച്ച് നൽകിയതായി സെക്രട്ടറി സന്തോഷ് തോമസ് അറിയിച്ചു.

യു കെ മലയാളികൾക്കിടയിൽ നടത്തിയ,  ഒരു മാസത്തിലധികം നീണ്ടുനിന്ന അഭിപ്രായ സർവേയിൽ ഉരുത്തിരിഞ്ഞ വിലപ്പെട്ട അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഷ്കരിച്ച ഇ മാനുവൽ പുറത്തിറക്കിയത്. സബ് ജൂനിയേർസ് വിഭാഗത്തിൽ ഉണ്ടായിരുന്ന ‘സ്റ്റോറി ടെല്ലിങ്’ മത്സരം കിഡ്‌സ് വിഭാഗത്തിലേക്ക് മാറ്റിയതും, ഫാൻസിഡ്രസ് മത്സരങ്ങളും കഥാപ്രസംഗവും പാടെ നിറുത്തലാക്കി പകരം മോണോആക്ട് തിരികെക്കൊണ്ടു വന്നതും മത്സരയിനങ്ങളിൽ ,മൈം ഉൾപ്പെടുത്തിയതും വിപ്ലവകരമായ മാറ്റങ്ങളാണ്. മത്സരാര്ഥികളിൽ നിന്നും അംഗ അസ്സോസിയേഷൻ ഭാരവാഹികളിൽ നിന്നും ഇതിനകം തന്നെ ഇക്കാര്യങ്ങളിൽ മികച്ച പ്രതികങ്ങളാണ് ലഭിച്ചിട്ടുള്ളതെന്ന് ആർട്ട്സ് കോർഡിനേറ്റർ നോബി ജോസ് പറഞ്ഞു.

വിശാലമായ സൗജന്യ കാർ പാർക്കിങ് സൗകര്യങ്ങളുള്ള സെന്റ് എഡ്‌മണ്ട് ക്യാമ്പിയൻ കാത്തലിക് സ്‌കൂളിൽ മത്സരാർത്ഥികൾക്കും കാണികൾക്കുമായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണശാലയും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്ന് ട്രഷറർ പോൾ പറഞ്ഞു.

കലാമേള വേദിയുടെ വിലാസം

ST. EDMUND CAMPION CATHOLIC SCHOOL

SUTTON ROAD, BIRMINGHAM

B23 5XA

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more