1 GBP =
breaking news

യുക്മ കലാമേളയുടെ പരിഷ്‌ക്കരിച്ച മാനുവൽ പ്രസിദ്ധീകരിച്ചു : പൊതുജനാഭിപ്രായ സർവേ അടിസ്ഥാനപ്പെടുത്തി നിരവധി മാറ്റങ്ങൾ ഇക്കുറി നടപ്പിലാക്കും

യുക്മ കലാമേളയുടെ പരിഷ്‌ക്കരിച്ച മാനുവൽ പ്രസിദ്ധീകരിച്ചു : പൊതുജനാഭിപ്രായ സർവേ അടിസ്ഥാനപ്പെടുത്തി നിരവധി മാറ്റങ്ങൾ ഇക്കുറി നടപ്പിലാക്കും
സജീഷ് ടോം (യുക്മ പി. ആർ. ഒ.)
യുക്മ ദേശീയ കലാമേളയ്ക്ക് നാല് മാസങ്ങൾ കൂടി ബാക്കിനിൽക്കെ മേളയുടെ കാര്യക്ഷമതയും ഗുണനിലവാരവും വർദ്ധിപ്പിക്കാൻ ഉതകുംവിധം കലാമേള മാനുവൽ പരിഷ്ക്കരിക്കുക എന്ന ശ്രമകരമായ ദൗത്യം പൂർത്തീകരിക്കപ്പെട്ടിരിക്കുകയാണ്. യു കെ മലയാളികൾക്കിടയിൽ നടത്തിയ,  ഒരു മാസത്തിലധികം നീണ്ടുനിന്ന അഭിപ്രായ സർവേയിൽ ഉരുത്തിരിഞ്ഞ വിലപ്പെട്ട അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നതെന്ന പ്രത്യേകതയും ഈ പരിഷ്ക്കരണങ്ങൾക്ക് സ്വന്തം. ലോക പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും ജനകീയ ദേശീയ പ്രസ്ഥാനമായ യുക്മയുടെ ഏറ്റവും ജനകീയമായ കലാമേള നിയമാവലി ജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ മാറ്റിയെതുകയാണിവിടെ.
സബ് ജൂനിയേർസ് വിഭാഗത്തിൽ ഉണ്ടായിരുന്ന ‘സ്റ്റോറി ടെല്ലിങ്’ മത്സരം കിഡ്‌സ് വിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നത് സർവേയിൽ പങ്കെടുത്ത 79.69% ആളുകളുടെ പിന്തുണയോടെയാണ്. മലയാളത്തിലോ ഇംഗ്ളീഷിലോ കഥാകഥനം നടത്താവുന്നതാണ്. അനുവദനീയമായ സമയം നാല് മിനിറ്റ്.
വളരെ ശ്രദ്ധേയമായ മറ്റൊരു പരിഷ്‌കരണം മ്യൂസിക് മത്സരങ്ങളിലാണ്. കിഡ്‌സ് വിഭാഗത്തിൽ നിലവിൽ തുടർന്ന് വരുന്നതുപോലെ തന്നെ മലയാളത്തിലോ ഇംഗ്ലീഷിലോ ഇഷ്ട്ടപെട്ട ഗാനം ആലപിക്കാവുന്നതാണ്. എന്നാൽ സബ് ജൂനിയേർസ്, ജൂനിയേർസ്, സീനിയേഴ്‌സ് വിഭാഗങ്ങളിലും സമൂഹഗാന മത്സരങ്ങൾക്കും മലയാളം ലളിത ഗാനങ്ങൾ മാത്രമേ തെരഞ്ഞെടുക്കാനാവൂ. സിനിമാ ഗാനങ്ങൾ അനുവദനീയം അല്ല. കരൊക്കെ തുടർന്നും അനുവദനീയം അല്ല.
വളരെ വിപ്ലവകരമായ മറ്റൊരു പരിഷ്‌ക്കാരം ഫാൻസിഡ്രസ് മത്സരങ്ങൾ പാടെ നിറുത്തലാക്കി എന്നതാണ്. ഫാൻസിഡ്രസ്സിന് ഉപയോഗിക്കുന്ന കളർ ഡൈകൾ പടർന്ന് കിടക്കുന്നതുമൂലം മത്സരാനന്തരം ഉണ്ടാകുന്ന ക്ളീനിങ് ജോലികൾ ദുഷ്ക്കരമാവുന്നതോടൊപ്പം, സ്ഥാപനത്തിൽനിന്നും വലിയതുകകൾ പെനാൽട്ടി ആയി കൊടുക്കേണ്ടി വരുന്നതും മാറിചിന്തിക്കാൻ കാരണമായി. അതോടൊപ്പം തന്നെ കുട്ടികൾക്കും ഓഡിയന്സിനും മാനസീകമായി താങ്ങാൻ പറ്റാത്തവിധമുള്ള തീമുകൾ അവതരിപ്പിക്കപ്പെടുന്നു എന്ന വിധികർത്താക്കളുടെ കാലാകാലങ്ങളായുള്ള  ഓർമ്മപ്പെടുത്തലുകൾക്കും  ഇതോടെ വിധിതീർപ്പാകുന്നു.
സർവേയിൽ പങ്കെടുത്ത 82.35% ആളുകളുടെ പിന്തുണയോടെ കഥാപ്രസംഗം മത്സരത്തിൽനിന്നും ഒഴിവാക്കിക്കൊണ്ട്, മോണോആക്ട് തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ്. സബ് ജൂനിയേർസ്, ജൂനിയേർസ്, സീനിയേഴ്സ് വിഭാഗങ്ങളിൽ അഞ്ച് മിനിറ്റ്  സമയ പരിധിക്കുള്ളിൽ മലയാളത്തിൽ ആണ് മോണോആക്ട് മത്സരം നടക്കുന്നത്.
കേരള സർവകലാശാല യുവജനോത്സവത്തിലെ മാതൃകയിൽ “മൈം” എന്ന ഇനം പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സവിശേഷത. നാടകാഭിനയത്തിൽ അഭിരുചി ഉള്ളവരും, സ്കൂളുകളിൽ ഡ്രാമ പഠിക്കുന്നവരുമായവർക്ക് കൂടുതൽ അവസരങ്ങൾ തുറന്നിരിക്കുകയാണിവിടെ. സംഭാഷണം കൂടാതെ അഭിനയം വഴിമാത്രം ഒരു കഥയോ ഒരു സന്ദർഭമോ അവതരിപ്പിക്കുകയാണിവിടെ. ഇത് പൊതു വിഭാഗത്തിൽ ആയിരിക്കും ഉൾപ്പെടുത്തുന്നത്. കുറഞ്ഞത് നാല് പേരും, പരമാവധി ആറ് പേരുമായിരിക്കും ഈ ഗ്രൂപ്പ് മത്സര ഇനത്തിൽ ഒരു ടീമിൽ ഉണ്ടാകേണ്ടത്. ഇതിന്റെ വിശദമായ നിബന്ധനകൾ കലാമേള മാനുവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിനിമാറ്റിക്ക് ഡാൻസ് സിംഗിൾസ് സമയ ദൈർഘ്യം അഞ്ചുമിനിറ്റായി കുറച്ചിരുന്നു പുതിയ മനുവലിൽ. നേരത്തെ ഇത് ഏഴ് മിനിറ്റായിരുന്നു. ഗ്രൂപ്പ് ഇനത്തിൽ നിലവിലുള്ള ഏഴ് മിനിട്ടുതന്നെ തുടരുന്നതായിരിക്കും.
ജൂനിയേർസ് പ്രസംഗ മത്സരം ഇംഗ്ളീഷ് / മലയാളം ഇനങ്ങളിൽ ഇനിമുതൽ മത്സരത്തിന് ഏഴ് ദിവസങ്ങൾക്ക് മുൻപ് ഒരു വിഷയം നൽകുന്ന രീതി ആയിരിക്കും അവലംബിക്കുക. സബ് ജൂനിയേർസ് വിഭാഗത്തിൽ നിലവിൽ ഇതേ രീതിയാണ് പാലിച്ചു പോരുന്നത്.
സിനിമാറ്റിക് ഡാൻസുകളിൽ “പ്രോപ്പർട്ടീസ്”നു കൂടുതൽ മാർക്ക് നൽകുന്നു എന്നും, ഇത് ‘നടന’ത്തിന്റെ  പ്രാധാന്യം കുറക്കുന്നു എന്നുമുള്ള പരാതിക്ക് പരിഹാരമായി പരിഷ്‌ക്കരിച്ച കലാമേള മാനുവലിൽ “ജഡ്ജ്മെന്റ് മാനദണ്ഡ”ങ്ങളിൽ കൃത്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നൃത്തരംഗത്തു പ്രവർത്തിക്കുന്ന നിരവധിയാളുകളുടെ നിർദ്ദേശങ്ങൾ ഈ വിഷയത്തിൽ പരിഗണിച്ചിട്ടുണ്ട്.
റീജിണനുകളിൽനിന്നും ദേശീയ കലാമേളയിലേക്ക് ഓരോ ഇനത്തിലും രണ്ടു എൻട്രികൾ വീതമായിരിക്കും അനുവദിക്കുക. ഒന്നിലധികം ഒന്നാം സ്ഥാനക്കാരോ, ഒന്നിലധികം രണ്ടാം സ്ഥാനക്കാരോ റീജിയനുകളിൽ ഉണ്ടാകുന്നത് ദേശീയ മേളയിലേക്ക് എൻട്രികൾ അയക്കുന്നതിനെ ബാധിക്കുവാൻ പാടില്ല. ഒരു ഇനത്തിൽ രണ്ട് എൻട്രികൾ എന്നനിയമത്തിൽ യാതൊരുവിധ നീക്കുപോക്കുകളും ഉണ്ടാകുന്നതായിരിക്കില്ല.
യുക്മ കലാമേളകൾ തുടങ്ങിയ കാലം മുതലുള്ള “അപ്പീൽ കമ്മറ്റി” ഇനിമുതൽ “റിവ്യൂ കമ്മറ്റി” എന്നപേരിലായിരിക്കും അറിയപ്പെടുക. വിധികർത്താക്കൾ രേഖപ്പെടുത്തിയ മാർക്കുകൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുമ്പോഴോ കൂട്ടി എഴുതുമ്പോഴോ എന്തെകിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടോ എന്ന്   പരിശോധിക്കുക മാത്രമായിരിക്കും ഇതിൽ ചെയ്യുക.
കലാമേള മാനുവൽ പരിഷ്ക്കരണത്തിലെ അവസാനത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ മറ്റൊരു മാറ്റം സ്പെഷ്യൽ അവാർഡുകളെ സംബന്ധിക്കുന്നതാണ്. ഈ വർഷം മുതൽ കലാതിലകം, കലാപ്രതിഭ എന്നിവരെ തെരഞ്ഞെടുക്കുമ്പോൾ, മത്സരാർത്ഥികൾ  ഗ്രൂപ്പ് ഇനങ്ങളിൽ പങ്കെടുത്തു ലഭിക്കുന്ന ഗ്രേസ് പോയിന്റ്കൾ ഏറ്റവും അവസാനം ആവശ്യമെങ്കിൽ മാത്രമേ പരിഗണിക്കുകയുള്ളൂ. വ്യക്തിഗത അവാർഡുകൾക്ക് വ്യക്തിഗത പ്രകടനം തന്നെ പ്രധാനമായി പരിഗണിക്കണം എന്ന കാഴ്ചപ്പാടിലാണ് പുതിയ നിബന്ധന ഏർപ്പെടുത്തുന്നത്. അതനുസരിച്ചു സിംഗിൾസിൽ മത്സരാർത്ഥി നൃത്ത ഇനത്തിലും നൃത്തേതര ഇനത്തിലും ഓരോ ഒന്നാം സമ്മാനങ്ങൾ വീതം കരസ്ഥമാക്കിയിരിക്കണം. ഈ നിബന്ധന അനുസരിച്ചു ആരും യോഗ്യരാകാതിരിക്കുകയോ, ഒന്നിലധികം മത്സരാർത്ഥികൾ തമ്മിൽ തുല്യത വരികയോ ചെയ്‌താൽ,  സിംഗിൾ നൃത്ത ഇനത്തിലും സിംഗിൾ നൃത്തേതര ഇനത്തിലും കുറഞ്ഞത് ഒരു ഒന്നാം സമ്മാനമോ ഒരു രണ്ടാം സമ്മാനമോ കിട്ടിയവർ തമ്മിലുള്ള പോയിന്റ് നില ആയിരിക്കും പരിഗണിക്കുക.  വിശദമായ നിബന്ധനകൾക്കായി പരിഷ്‌ക്കരിച്ച കലാമേള മാനുവൽ പരിശോധിക്കുക.

യുക്മ ദേശീയ വൈസ് പ്രസിഡന്റ് ഡോക്റ്റർ ദീപ ജേക്കബ്, യുക്മ ദേശീയ കലാമേള ജനറൽ കൺവീനറും ദേശീയ ജോയിന്റ് സെക്രട്ടറിയുമായ ഓസ്റ്റിൻ അഗസ്റ്റിൻ, യുക്മ പി ആർ ഒ യും മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സജീഷ് ടോം, യുക്മ ദേശീയ കലാമേള ഓഫീസ് ഇൻചാർജ് സുനിൽ രാജൻ  എന്നിവരടങ്ങിയ സമിതി ക്രോഡീകരിച്ച നിയമാവലി പരിഷ്ക്കാരങ്ങൾ ഓക്സ്ഫോർഡിൽ യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ദേശീയ നിർവാഹകസമിതി യോഗം ആവശ്യമായ ചർച്ചകൾക്ക് ശേഷം അംഗീകരിക്കുകയായിരുന്നുവെന്ന് യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസ് അറിയിച്ചു. കലാമേള മാനുവലിന്റെ പരിഷ്‌ക്കരിച്ച കോപ്പി ഇതോടൊപ്പം ചേർത്തിട്ടുണ്ട്. മാറ്റങ്ങൾ വരുത്തിയിരിക്കുന്ന ഭാഗങ്ങൾ പ്രത്യേകം ‘ഹൈലൈറ്റ് ‘ ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക. മാറ്റങ്ങൾ കൃത്യമായി മനസിലാക്കുവാൻ കലാമേള മാനുവൽ കളർ പ്രിന്റ് എടുത്തു സൂക്ഷിക്കേണ്ടതാണെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.

കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർ നിങ്ങളുടെ സംശയങ്ങൾ താഴേ കൊടുത്തിരിക്കുന്ന ഈമെയിലിൽ അയച്ചു നൽകേണ്ടതാണ്. uukmakalamela@gmail.com .
കലാമേളയുടെ മാനുവൽ യുക്മയുടെ വെബ്സൈറ്റ് ആയ www.uukma.org ലഭ്യമാണ്.

യുക്മ കലാമേള മാനുവൽ

Post Your Comments Here ( Click here for malayalam )

Press Esc to close
show more