1 GBP = 103.81

പതിറ്റാണ്ടിന്റെ ആഘോഷനിറവില്‍ ചാരിറ്റി രജിസ്ട്രേഷനുമായി യുക്‌മ; എട്ട്‌ അംഗ ട്രസ്റ്റി ബോര്‍ഡ്‌

പതിറ്റാണ്ടിന്റെ ആഘോഷനിറവില്‍ ചാരിറ്റി രജിസ്ട്രേഷനുമായി യുക്‌മ; എട്ട്‌ അംഗ ട്രസ്റ്റി ബോര്‍ഡ്‌
ബാലസജീവ് കുമാർ
 
ആഗോള പ്രവാസി മലയാളി സംഘടനാ കൂട്ടായ്മകളില്‍ ഏറ്റവും വലിയ സംഘടനയായ യുക്‌മ (യൂണിയന്‍ ഓഫ്‌ യു.കെ മലയാളി അസോസിയേഷന്‍സ്‌) ഒരു പതിറ്റാണ്ട്‌ പൂര്‍ത്തിയാക്കുമ്പോള്‍ ഇരട്ടി മധുരവുമായെത്തുന്നത്‌ ചാരിറ്റി രജിസ്ട്രേഷന്‍. ഇതോടെ യുക്‌മ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി മാറുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടെ നിലവിലുണ്ടായിരുന്ന അഞ്ച്‌ ഭരണസമിതികള്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ചാരിറ്റി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്‌ വിവിധ കാരണങ്ങളാല്‍ തടസ്സം നേരിടുകയായിരുന്നു. മാമ്മന്‍ ഫിലിപ്പ്‌ പ്രസിഡന്റായുള്ള നിലവിലുള്ള ഭരണസമിതി അധികാരമേറ്റെടുത്തപ്പോള്‍ ഏറ്റവുമധികം പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ട വിഷയമാണ്‌ ചാരിറ്റി രജിസ്ട്രേഷന്‍ എന്ന്‌ ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതനുസരിച്ച്‌ ചാരിറ്റി രജിസ്ട്രേഷനുള്ള ചുമതല ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്‌ ഏറ്റെടുക്കുകയും ചെയ്തു.
യുക്‌മ അസോസിയേഷനുകളുടെ കൂട്ടായ്മ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിനുള്ളിലെ പല സംഘടനകളും ചാരിറ്റി ട്രസ്റ്റുകളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയാണ്‌. മാത്രവുമല്ല യുക്‌മയുടെ ഭരണഘടനയ്ക്ക്‌ അനുസൃതമായ രീതിയില്‍ ചാരിറ്റി ട്രസ്റ്റിന്റെ ഭരണഘടനയും ഉണ്ടാവേണ്ടതുണ്ട്‌. ഇതിനു മുന്‍പുള്ള ഭരണസമിതികള്‍ ചാരിറ്റി രജിസ്ട്രേഷന്‌ ശ്രമിച്ചപ്പോഴെല്ലാം ഇത്തരം ചില സാങ്കേതിക കാരണങ്ങളാല്‍ അപേക്ഷ നിരസ്സിക്കപ്പെടുകയായിരുന്നു. ഇത്തവണ അപേക്ഷ നല്‍കിയപ്പോഴും ചാരിറ്റി കമ്മീഷന്‍ ഇത്‌ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കൃത്യമായ സമയത്ത്‌ അതിനെല്ലാം മറുപടി നല്‍കി ഒടുവില്‍ 12 മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ യുക്‌മയുടെ പേരില്‍ ചാരിറ്റി രജിസ്ട്രേഷന്‍ അനുവദിച്ചുള്ള അറിയിപ്പ്‌ നല്‍കിയതെന്ന്‌ ജനറല്‍ സെക്രട്ടറി പറഞ്ഞു.
താഴെ പറയുന്നവരാണ്‌ ചാരിറ്റി ട്രസ്റ്റി ബോര്‍ഡ്‌ അംഗങ്ങള്‍
മാമ്മന്‍ ഫിലിപ്പ്‌, റോജിമോന്‍ വറുഗ്ഗീസ്‌, അലക്സ്‌ വര്‍ഗ്ഗീസ്‌, അഡ്വ. ഫ്രാന്‍സിസ്‌ മാത്യു, ലാലിച്ചന്‍ ജോര്‍ജ്‌, ബൈജു തോമസ്‌, ബാബു മങ്കുഴി, വര്‍ഗ്ഗീസ്‌ ഡാനിയേല്‍
ചാരിറ്റി ട്രസ്റ്റിന്റെ ആദ്യ യോഗത്തിനു ശേഷം ഭാവി പരിപാടികള്‍ പ്രഖ്യാപിക്കുമെന്ന്‌ പ്രസിഡന്റ്‌ മാമ്മന്‍ ഫിലിപ്പ്‌, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്‌ എന്നിവര്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more