1 GBP =
breaking news

കടുത്ത പോരാട്ടത്തിനൊരുങ്ങി രണ്ടാം ഹീറ്റ്​സ്; യു.കെ വള്ളംകളി മത്സരം ആവേശഭരിതം

കടുത്ത പോരാട്ടത്തിനൊരുങ്ങി രണ്ടാം ഹീറ്റ്​സ്; യു.കെ വള്ളംകളി മത്സരം ആവേശഭരിതം

അനീഷ് ജോണ്‍ യുക്മ പി.ആര്‍ .ഒ

യൂറോപ്പില്‍ ആദ്യമായി മലയാളികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വള്ളംകളിയുടെ രണ്ടാം ഹീറ്റ്സ് മത്സരങ്ങളിലെ ഏറ്റവും കടുത്ത പോരാട്ടം കാഴ്ച്ചവയ്ക്കപ്പെടുന്നതാവും. പരസ്പരം കിടപിടിയ്ക്കത്തക്ക മികച്ച കായികപാരമ്പര്യമുള്ള ടീമുകളാണ് രണ്ടാം ഹീറ്റ്സില്‍ ഏറ്റുമുട്ടുന്നത്. നെടുമുടി, കാവാലം, ആലപ്പാട്ട്, പായിപ്പാട് എന്നീ കുട്ടനാടന്‍ പേരുകളിലുള്ള വള്ളങ്ങള്‍ തുഴയാനെത്തുന്ന ബോട്ട് ക്ലബുകളാവട്ടെ കായിക മേഖലയില്‍ കരുത്ത് പ്രകടിപ്പിച്ചിട്ടുള്ളവരും. എന്നാല്‍ വള്ളംകളി മത്സരത്തില്‍ ആരാണ് മുന്നിലെത്തുക എന്നുള്ളത് ഏവരിലും ആകാംഷയുളവാക്കുന്നു.

ജൂലൈ 29 ശനിയാഴ്ച്ച വാര്‍വിക്​ഷെയറിലുള്ള റഗ്ബി ഡ്രേക്കോട്ട് വാട്ടര്‍ തടാകത്തിലാണ് വള്ളംകളി അരങ്ങേറുന്നത്. നറുക്കെടുപ്പിലൂടെയാണ് ഹീറ്റ്സ് മത്സരങ്ങളില്‍ പോരാടുന്ന ടീമുകളെ തെരഞ്ഞെടുത്തത്. ആകെ മത്സരിക്കുന്നതിനുള്ള 22 ടീമുകള്‍ ആറ് ഹീറ്റ്സുകളിലായിട്ടാണ് ആദ്യ റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. ആദ്യറൗണ്ട് ഹീറ്റ്സ് മത്സരങ്ങള്‍ നോക്കൗട്ട് രീതിയിലാണെന്നുള്ളത് പോരാട്ടത്തിന്റെ വീറും വാശിയും വര്‍ദ്ധിപ്പിക്കും. ആറ് ഹീറ്റ്സ് മത്സരങ്ങളിലും അവസാന സ്ഥാനങ്ങളില്‍ എത്തുന്നവര്‍ ഈ വള്ളംകളി മത്സരത്തില്‍ നിന്നും പുറത്താവും. മറ്റ് 16 ടീമുകള്‍ സെമി ഫൈനലിലേയ്ക്ക് പ്രവേശിക്കുകയും ചെയ്യും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത് നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിലാവും.

നോര്‍ത്താംപ്ടണ്‍ഷെയറിലുള്ള മലയാളികളാണ് നെടുമുടി വള്ളവുമായി മത്സരത്തിനെത്തുന്നത്. സിബു ജോസഫ് ക്യാപ്റ്റനായുള്ള കെറ്ററിങ് ബോട്ട് ക്ലബ് നാളുകള്‍ക്ക് മുന്‍പ് തന്നെ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനവും ആരംഭിച്ചിരുന്നു. പരിശീലനവും മറ്റും തങ്ങള്‍ക്ക് മേല്‍കൈ നല്‍കുമെന്ന ശുഭപ്രതീക്ഷയിലാണ് ടീം നെടുമുടി.

യുകെ മലയാളികള്‍ക്കിടയില്‍ ക്രിക്കറ്റിലെ കരുത്തുറ്റ ക്ലബ് ആയി അറിയപ്പെടുന്ന കാര്‍ഡിഫ് കാമിയോസിന്റെ ചുണക്കുട്ടികള്‍ തന്നെയാണ് കാവാലം വള്ളത്തില്‍ സുധീര്‍ സുരേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന കാമിയോസ് ബോട്ട് ക്ലബ്, കാര്‍ഡിഫ്. ഈ വള്ളംകളി മത്സരത്തില്‍ വെയില്‍സില്‍ നിന്നും പങ്കെടുക്കുന്ന ഏക ടീം എന്നുള്ള പ്രത്യേകതയും ഇവര്‍ക്കുണ്ട്. ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം വള്ളംകളിയിലും തുടരുമെന്ന വാശിയിലാണ് കാവാലം വള്ളത്തില്‍ തുഴയെറിയാനെത്തുന്ന വെയില്‍സിന്റെ കരുത്തന്മാര്‍.

യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ സ്വന്തം മണ്ണില്‍ നിന്നും അങ്കത്തിനിറങ്ങുമ്പോള്‍ ചാമ്പ്യന്‍ പട്ടത്തില്‍ കുറഞ്ഞൊന്നും ആലപ്പാട്ട് വള്ളത്തില്‍ തുഴയാനിറങ്ങുന്ന സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ് ലക്ഷ്യമിടുന്നില്ലെന്നു വ്യക്തം. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ യുവനിരയാണ് റൈക്കോ സെല്‍വിന്റെ നേതൃത്വത്തില്‍ ആലപ്പാട്ട് വള്ളം തുഴയുന്നതിനിറങ്ങുന്നത്. കലാ-കായിക മേളകളില്‍ റീജണല്‍-നാഷണല്‍ തലങ്ങളില്‍ പലതവണ കരുത്ത് തെളിയിച്ചിട്ടുള്ള സ്റ്റോക്കിന്റെ പ്രതീക്ഷ മുഴുവനും യുവനിരയുടെ കരുത്തിലാണ്. തുഴയുന്നവരുടെ ശരാശരി പ്രായമെടുത്താല്‍ ഈ മത്സരത്തിലെ ബേബി ടീമാണ് ആലപ്പാട് വള്ളത്തില്‍ വിജയകിരീടം നേടുവാനെത്തുന്നത്

റാന്നി സംഗമത്തില്‍ നിന്നുള്ള കരുത്തന്മാര്‍ കുര്യാക്കോസ് ഉണ്ണീട്ടന്റെ നേതൃത്വത്തില്‍ റാന്നി ബോട്ട് ക്ലബിനു പിന്നില്‍ അണിനിരക്കുമ്പോള്‍ ഈ ഹീറ്റ്സിലെ മത്സരത്തിനും വീറും വാശിയുമേറും. പായിപ്പാട് വള്ളത്തിലാണ് റാന്നി ബോട്ട് ക്ലബ് മത്സരിക്കുന്നത്. നാട്ടില്‍ നിന്നും കുടിയേറിയ സ്ഥലത്തിന്റെ പേരില്‍ യു.കെയില്‍ ആദ്യകാലത്ത് ​ തുടങ്ങിയ സംഗമങ്ങളിലൊന്നായ റാന്നി കൂട്ടായ്മയിലും ടീം വര്‍ക്കിലുമെല്ലാം തങ്ങള്‍ മിടുക്കരാണെന്ന് വിവിധ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ച് കഴിഞ്ഞവരാണ്. ഈ ടീം വര്‍ക്ക് വള്ളംകളിയിലും ആവര്‍ത്തിക്കാനായാല്‍ വിജയവും ഇവര്‍ക്കൊപ്പം നില്‍ക്കും

ബോട്ടിങ്, കുട്ടികള്‍ക്ക് പ്ലേ ഏരിയ, ലൈവ് സ്റ്റേജ് പ്രോഗ്രാം, 2000 കാര്‍ പാര്‍ക്കിങ്, ഭക്ഷണ കൗണ്ടറുകള്‍, സൈക്ലിങ് നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ 650 ഏക്കര്‍ പാര്‍ക്കില്‍ വള്ളംകളി മത്സരത്തിനൊപ്പം ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയില്‍ മലയാളി കുടുംബങ്ങള്‍ക്ക് ആസ്വദിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിരിക്കുമെന്ന് സ്വാഗതസംഘത്തിന് വേണ്ടി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ് (ചെയര്‍മാന്‍): 07885467034, സ്പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്ക്; റോജിമോന്‍ വര്‍ഗ്ഗീസ് (ചീഫ് ഓര്‍ഗനൈസര്‍): 07883068181എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

ആരാവും യു.കെയിലെ ജലരാജാവ്; കരുത്തന്മാര്‍ ഏറ്റുമുട്ടുന്ന ഹീറ്റ്‌സ് മത്സരങ്ങള്‍

Post Your Comments Here ( Click here for malayalam )

Press Esc to close
show more