1 GBP = 103.14

ബോട്ടിങ്, കുട്ടികള്‍ക്ക് പ്ലേ ഏരിയ, ലൈവ് സ്റ്റേജ് പ്രോഗ്രാം, 2000 കാര്‍ പാര്‍ക്കിങ്, ഭക്ഷണ കൗണ്ടറുകള്‍; 650 ഏക്കര്‍ പാര്‍ക്കില്‍ വള്ളംകളിയ്ക്കൊപ്പം പ്രത്യേക സൗകര്യങ്ങള്‍…

ബോട്ടിങ്, കുട്ടികള്‍ക്ക് പ്ലേ ഏരിയ, ലൈവ് സ്റ്റേജ് പ്രോഗ്രാം, 2000 കാര്‍ പാര്‍ക്കിങ്, ഭക്ഷണ കൗണ്ടറുകള്‍; 650 ഏക്കര്‍ പാര്‍ക്കില്‍ വള്ളംകളിയ്ക്കൊപ്പം പ്രത്യേക സൗകര്യങ്ങള്‍…
യുകെയിലെ മലയാളികള്‍ ആകാംഷാപൂര്‍വം കാത്തിരിക്കുന്ന പ്രഥമവള്ളംകളി മത്സരത്തിനോടൊപ്പം കാണികളായി എത്തുന്നവര്‍ക്ക് ഒരു ദിവസം മുഴുവനായും കുടുംബമായി ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക സൗകര്യങ്ങള്‍ സംഘാടകര്‍ ഉറപ്പാക്കി കഴിഞ്ഞിട്ടുണ്ട്. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന ടീമുകള്‍ക്കും അതോടൊപ്പം ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരം കാണുന്നതിനുമായി എത്തിച്ചേരുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലുള്ള സജ്ജീകരണങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. യു.കെയിലെ വിവിധ  ഭാഗങ്ങളില്‍ നിന്നുമുള്ള 22 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള ടീമുകള്‍ക്കൊപ്പം മാറ്റുരയ്ക്കാന്‍ വെയില്‍സില്‍ നിന്നും സ്ക്കോട്ട്ലാന്റില്‍ നിന്നുമെല്ലാം ടീമുകള്‍ എത്തിച്ചേരുന്നുണ്ട്. പല ടീമുകളും ഒരു ഫാമിലി ടൂര്‍ എന്ന നിലയില്‍ പ്രാദേശിക അസോസിയേഷനുകള്‍ നേതൃത്വം നല്‍കി ബസ്സ് ബുക്ക് ചെയ്ത് വരുന്നതിനുള്ള തീരുമാനമാണ് എടുത്തിട്ടുള്ളത്. മത്സരാര്‍ത്ഥികള്‍ക്കെന്നത് പോലെ കുട്ടികള്‍ക്കും മറ്റും എന്‍ജോയ് ചെയ്യുന്നതിന് സൗകര്യങ്ങള്‍ ഉണ്ടാവുമോ എന്നുള്ളതും സംഘാടകരോട് അന്വേഷിക്കുന്നുണ്ട്. കുട്ടുകള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം എന്‍ജോയ് ചെയ്യുവാന്‍ കഴിയുന്ന തരത്തിലുള്ള വിവിധ സൗകര്യങ്ങള്‍ ജൂലൈ 29 ശനിയാഴ്ച്ച നടത്തപ്പെടുന്ന വള്ളംകളി മത്സരത്തോട് അനുബന്ധിച്ച് റഗ്ബിയിലെ ഡ്രേക്കോട്ട് വാട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മാമ്മന്‍ ഫിലിപ്പ്, ചീഫ് ഓര്‍ഗനൈസര്‍ റോജിമോന്‍ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.
650 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പാര്‍ക്കാണ് റഗ്ബിയിലെ ഡ്രേക്കോട്ട് വാട്ടര്‍. വള്ളംകളി മത്സരം അരങ്ങേറുന്നത് ഈ പാര്‍ക്കില വളരെ വിശാലമായ തടാകത്തിനുള്ളിലാണ്. 5 മൈല്‍ ദൈര്‍ഘ്യമുള്ള റോഡ് ഈ തടാകത്തിന് ചുറ്റിലുമുണ്ട്. യു.കെയിലെ ബോട്ട് റേസ് നടത്തുന്നതിന് സൗകര്യമുള്ള തടാകങ്ങളും ചെറു നദികളും വച്ച് നോക്കിയാല്‍ ഡ്രേക്കോട്ട് വാട്ടറിനൊപ്പം കിടപിടിയ്ക്കത്തക്ക സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ള മറ്റ് സ്ഥലങ്ങള്‍ ഇല്ലെന്ന് തന്നെ പറയാവുന്നതാണ്.
ഏറ്റവും ശ്രദ്ധേയമായത് വിശാലമായ പാര്‍ക്കിങ് സൗകര്യമാണ്.അഞ്ഞൂറോളം കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലം സാധാരണ നിലയില്‍ തന്നെ ലഭ്യമാണ്. പ്രത്യേക പരിപാടികള്‍ നടക്കുമ്പോള്‍ 2000ല്പരം കാറുകള്‍  പാര്‍ക്ക് ചെയ്യുന്നതിനായി ക്രമീകരണങ്ങള്‍ നടത്താം. ഇത് കൂടാതെ ടീമുകള്‍ എത്തിച്ചേരുന്ന ബസ്സുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ലഭ്യമാണ്. വള്ളംകളി മത്സരം നടക്കുന്ന ജൂലൈ 29 ശനിയാഴ്ച്ച രാവിലെ 8 മണിയ്ക്ക് തന്നെ രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ക്കായുള്ള കൗണ്ടറുകള്‍ തുറക്കുന്നതാണ്. പാര്‍ക്കിംഗ് അറ്റന്റുമാര്‍ ഡ്രേക്കോട്ട് വാട്ടറിലേയ്ക്ക് എത്തിച്ചേരുന്ന കാറുകള്‍ക്ക് പാര്‍ക്കിങിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് സ്ഥലത്ത് ഉണ്ടായിരിക്കുന്നതാണ്.
ഒരു കിലോമീറ്ററിലധികം ദൈര്‍ഘ്യം വരുന്ന മതില്‍ക്കെട്ടിന് ചേര്‍ന്ന് നിന്ന് വള്ളംകളി മത്സരം നേരിട്ട് കാണുന്നതിന്  അവസരമുണ്ടായിരിക്കും. ഈ മതില്‍കെട്ടിനോട് ചേര്‍ന്ന് നല്ല വീതിയിലുള്ള റോഡ് ആയതുകൊണ്ട് നാലോ അഞ്ചോ നിരയായി ആളുകള്‍ നിന്നാല്‍ പോലും മത്സരം വീക്ഷിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. ഒരേ സമയം അയ്യായിരത്തില്പരം ആളുകള്‍ക്ക് യാതൊരു തിരക്കും കൂട്ടാതെ തന്നെ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
മത്സരം നടക്കുന്നതിനു നേരേ എതിര്‍ ദിശയിലായിരിക്കും ലൈവ് പ്രോഗ്രാം നടക്കുന്ന സ്റ്റേജ് സജ്ജീകരിക്കുന്നത്. ഓപ്പണ്‍ എയര്‍ സ്റ്റേജുകളില്‍ ഏറ്റവും സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കുന്നതിനായി പത്ത് മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള വലിയ സ്റ്റേജ് ആയിരിക്കും ലൈവ് പ്രോഗ്രാമിന് അറേഞ്ച് ചെയ്തിട്ടുള്ളത്. രാവിലെ 10 മണിയ്ക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജുകളില്‍ തനത് കേരളീയ കലാ രൂപങ്ങളും നൃത്ത സംഗീത ഇനങ്ങളും അരങ്ങേറുന്നതായിരിക്കും.
ഡ്രേക്കോട്ട് സെയിലിങ് ക്ലബുമായി സഹകരിച്ചാണ്  മിതമായ നിരക്കില്‍ ബോട്ടിങിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും ബോട്ടിങ് ആരംഭിക്കുന്നത്. മത്സരം നടക്കുന്നതിന് തടസ്സമുണ്ടാവാത്ത വിധം തടാകത്തിന്റെ മറ്റൊരു ഭാഗത്ത് നിന്നാവും ഇതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നത്. ഇത് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ അന്നേ ദിവസം തയ്യാറാക്കിയിട്ടുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും ലഭിക്കുന്നതായിരിക്കും.
കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലം പാര്‍ക്കിലുണ്ട്. കുട്ടികള്‍ക്കായുള്ള സാധാരണ പാര്‍ക്കുകളില്‍ ലഭ്യമായിട്ടുള്ളതിലധികം ഇനങ്ങള്‍ ഇവിടെയുണ്ട്. കുട്ടികള്‍ക്കൊപ്പം ഇവിടെ  സമയം ചെലവഴിക്കുന്നവര്‍ക്ക് മത്സരങ്ങളും ലൈവ് സ്റ്റേജ് പ്രോഗ്രാമും നേരിട്ട് കാണുന്നതിന് സാധിക്കാതെ വരും. എന്നാല്‍ ഇവര്‍ക്ക് വേണ്ടി പടുകൂറ്റന്‍ ഓപ്പണ്‍ എയര്‍ എച്ച്.ഡി ക്വാളിറ്റി ബിഗ്സ്ക്രീന്‍ കുട്ടികളുടെ കളി സ്ഥലത്തിന് സമീപം അറേഞ്ച് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കായി ഫേസ് പെയിന്റിങ് പോലുള്ള വിനോദങ്ങളും ഉണ്ടായിരിക്കും.
മിതമായ നിരക്കില്‍ കേരളീയ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള കൗണ്ടറുകള്‍ അന്നേ ദിവസം പാര്‍ക്കില്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെയുള്ള ഭക്ഷണ പാനീയങ്ങള്‍ ഈ കൗണ്ടറുകളില്‍ നിന്നും ലഭ്യമായിരിക്കും. 
കൂടാതെ സൈക്ലിങ് ഇഷ്ടപ്പെടുന്ന ഫാമിലികള്‍ക്ക് ഡ്രേക്കോട്ട് പാര്‍ക്ക് ഒരു ഇഷ്ട കേന്ദ്രമായിരിക്കും. മത്സരം നടക്കുന്ന തടാകത്തിന് ചുറ്റിലുമുള്ള അഞ്ച് മൈല്‍ ദൈര്‍ഘ്യമുള്ള റോഡില്‍ സൈക്ലിങ് അനുവദനീയമാണ്. എന്നാല്‍ താത്പര്യമുള്ളവര്‍ സൈക്കിളുകള്‍ സ്വന്തം നിലയ്ക്ക് കൊണ്ടുവരേണ്ടതാണ്.
വള്ളംകളി മത്സരത്തില്‍ വിവിധ ടീമുകളെ  പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയില്‍ മലയാളി കുടുംബങ്ങള്‍ക്ക് പങ്കെടുക്കുന്നതിനുള്ള അവസരം കൂടിയാണ് യുക്മയുടെ നേതൃത്വത്തില്‍ കേരളാ ടൂറിസം, ഇന്ത്യാ ടൂറിസം, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ലണ്ടന്‍ എന്നിവരുടെ പിന്തുണയോടെ അണിയിച്ചൊരുക്കിയിട്ടുള്ളത്. യൂറോപ്പില്‍ ആദ്യമായി നടത്തപ്പെടുന്ന ഈ വള്ളംകളി മത്സരത്തില്‍ പങ്കാളികളാവുന്നതിനുള്ള അവസരം എല്ലാ യു.കെ മലയാളികളും വിനയോഗിക്കണമെന്ന് സ്വാഗതസംഘത്തിന് വേണ്ടി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more