1 GBP =

ഉത്സവപ്പിറ്റേന്ന്; യുക്മ സംസ്കാരവേദി അംഗവും സ്ലോ മലയാളി അസ്സോസിയേഷൻ സജീവാംഗവുമായ ഡൊമിനിക് മാത്യു യുക്മ കലാമേളയെക്കുറിച്ച്

ഉത്സവപ്പിറ്റേന്ന്; യുക്മ സംസ്കാരവേദി അംഗവും സ്ലോ മലയാളി അസ്സോസിയേഷൻ സജീവാംഗവുമായ ഡൊമിനിക് മാത്യു യുക്മ കലാമേളയെക്കുറിച്ച്
മാത്യു ഡൊമിനിക്
ഷെഫീൽഡ്:- പത്തു വെളുപ്പിന് ഗർഷോം ടിവി ഡയറക്ടർ ശ്രീ ജോമോനുമൊത്ത് ഷെഫീൽഡിലെ, യുക്മയുടെ “ബാല ബാസ്കർ നഗറി “ലേക്ക് സ്ലൗവിൽ നിന്നും യാത്ര തിരിക്കുമ്പോൾ നാഷണൽ കലാമേളയുടെ കേളികൊട്ട് എന്റെ മനസ്സിൽ തുടങ്ങിക്കഴിഞ്ഞിരുന്നു.
യു.കെയുടെ അഷ്ടദിക്കുകളിൽ നിന്നും കലാപ്രതിഭകൾ തങ്ങളടെ വിജയ പ്രതീക്ഷയുടെ മണിത്തേരിൽ ഷെഫീൽഡിനെ ലക്ഷ്യമാക്കി കുതിക്കുന്നതിന്റെ അലയൊലികൾ എന്റെ സങ്കൽപത്തിന്റെ കർണ്ണപുടങ്ങളിൽ സംഗീതാത്മകമായി പതിച്ചു കൊണ്ടിരുന്നു.
ഇരുളിനെ കീറി മുറിച്ച് ഞങ്ങളുടെ വാഹനം ബർക് ഷയറിന്റേയും, ഓക്സ്ഫോർഡിന്റേയും, മിഡ്ലാന്റ് സിന്റേയും മറ്റും അതിരുകൾ കടന്ന് യോർക് ഷെയർ കൗണ്ടിയിലേക്ക് പ്രവേശിച്ചപ്പോളേയ്ക്കും പ്രഭാത വെളിച്ചത്തിൽ പുൽമേടുകളും അതിൽ മേയുന്ന ആടുമാടുകളും റോഡിന്റെ ഇരുവശത്തും കണ്ട് തുടങ്ങി. തങ്ങളുടെ നാവിഗേറ്ററുകളിൽ ഷെഫീൽഡ് എന്ന് സെറ്റ് ചെയ്തിരിക്കുന്ന മലയാളികളുടെ വാഹനങ്ങളും നിരനിരയായി റോഡിൽ ഒഴുകിക്കൊണ്ടിരിക്കുന്നതും കണ്ടു.
പ്രധാന വീഥിയിൽ നിന്നും ഷെഫീൽഡിലേക്ക് ഇറങ്ങിയ ഉടനെ തന്നെ പച്ചപ്പു പുതച്ച കുന്നുകളും മനോഹരമായ താഴ് വാരങ്ങളും ഇടതൂർന്ന വൃക്ഷ നിരകളും തലയുയർത്തി നിൽക്കുന ദേവാലയങ്ങളുടെ ഗോപുരങ്ങളും ദൃശ്യമായി. ഒരു കാലത്ത് സ്റ്റീൽ നഗരമായിരുന്ന ഇവിടെ നിറയെ കൃഷിയിടങ്ങളും നിരന്ന് കണ്ടു. ഗ്രീഷമകാലത്തിന്റെ വരവറിയിച്ചു കൊണ്ട് നേരിയ മഴച്ചാറ്റലും താഴ്ന്ന താപനിലയും ഉണ്ടായിരുന്നെങ്കിലും ഉദയ സൂര്യനായ “ബാല ബാസ്കരൻ ” പൊൻകിരണങ്ങൾ വിതറി നിന്നു.
വലയിൻ മാന്ത്രികനായിരുന്ന ശ്രീ.ബാല ബാസ്കറിന്റെ നാമധേയം പേറുന്ന കലോത്സവ നഗറിൽ എത്തിയപ്പോൾ എങ്ങും ഉത്സവ പ്രതീതി. ചിട്ടയായി കാര്യങ്ങൾ നോക്കി നടത്തുന്നതിന് യുക്മയുടെ എണ്ണയിട്ട യന്ത്രം ഭംഗിയായി ചലിച്ചുകൊണ്ടിരിക്കുന്നു. യുക്മയുടെ കരുത്തായി യുകെയുടെ നാനാ ദേശത്തു നിന്നുമുള്ള അസോസിയേഷൻ സാരഥികൾ പഴയവരും പുതിയവരും. എല്ലാവർക്കും ഒരേ മുഖം, ഒരേ ലക്ഷ്യം.
യഥാ സമയം അഞ്ച് വേദികളിലായി കലാ ദേവതയുടെ വിവിധ ഭാവങ്ങൾ പീലി വിടർത്തി ആടിത്തുടങ്ങി. കേരളത്തിലെ ഒരു യുവജനോത്സവ നഗറിൽ എത്തിപ്പെട്ട പോലെ മനോഹരമായ ഒരു അനുഭവം സമ്മാനിച്ചുകൊണ്ട് അവ പ്രഭാതം മുതൽ രാത്രിയുടെ അന്ത്യയാമം വരെ അനുസ്യൂതം തുടർന്ന് കൊണ്ടേയിരുന്നു. ഏത് വേദിയിൽ ഏത് മത്സരം കാണണം എന്ന ആശയക്കുഴപ്പത്തിൽ കാണികൾ വലഞ്ഞു. കാരണം അഞ്ച് വേദികളിലേയും കലാപ്രകടനങ്ങൾ ഒന്നിനെ ഒന്ന് വെല്ലുന്ന തരത്തിൽ എന്നതു തന്നെ. കലയുടെ ഉന്നത പീഠങ്ങൾ കയറിയ ഈ കലോത്സവത്തിൽ പ്രസംഗം, കവിത, കഥാകഥനം,  മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, തുടങ്ങി എല്ലാ ഇനങ്ങളിലും ഭാവിയുടെ വാഗ്ദാനങ്ങളുടെ വ്യക്തമായ മികവിന്റെ മിന്നലാട്ടങ്ങൾ കണ്ടു കൺകുളിർത്തു.
ഏതാണ്ട് സരസ്വതീയാമത്തോടടുത്ത് തിരശ്ശീല താണ ഈ കലാ മാമാങ്കം യുക്മയുടെ ചരിത്രത്തിൽ പുതിയ അദ്ധ്യായങ്ങൾ എഴുതിച്ചേർത്തു എന്നതിന് സംശയമില്ല. ബാല ബാസ്കർ നഗറിൽ നിന്നും തിരികെ പോരുമ്പോഴേയ്ക്കും, കലാദേവത ഇമവെട്ടാതെ തുറന്ന് വച്ച ഞങ്ങളുടെ മിഴികളെ നിദ്രാദേവി മെല്ലെ തഴുകാൻ തുടങ്ങിയിരുന്നു. ഷെഫീൽഡിന്റെ താഴ് വാരത്തിലെ മഞ്ഞ് തുള്ളികൾ അതാ ഗ്രീഷ്മത്തിന്റെ വരവും കാത്ത് ഇപ്പോഴും ഉറങ്ങാനിരിക്കുന്നു. അവയോട് മെല്ലെ കൈ വീശി യാത്ര പറഞ്ഞ് തങ്ങൾ മടക്കയാത്ര ആരംഭിച്ചു. ഒരു മികച്ച കലാവിരുന്ന് നൽകി സൽക്കരിച്ച ഷെഫീൽഡിനും എല്ലാ കലാകാരൻമാർക്കും, കലാകാരികൾക്കും യുക്മയ്ക്കും നന്ദി ഉരുവിട്ടു കൊണ്ട് അടുത്ത കലാമേളയ്ക്കും വീണ്ടും കാണാം എന്ന ശുഭപ്രതീക്ഷയിൽ നിറഞ്ഞ മനസോടെ ഞങ്ങൾ സ്ളൗ മലയാളികളുടെ നാട്ടിലേക്ക് മടങ്ങി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more