1 GBP = 103.68

കവാനിയെ നമിച്ച് പോർച്ചുഗൽ; ഉറുഗ്വായ് ക്വാർട്ടറിൽ

കവാനിയെ നമിച്ച് പോർച്ചുഗൽ; ഉറുഗ്വായ് ക്വാർട്ടറിൽ

മോസ്ക്കോ: അർജന്‍റീനയും മെസിയും പുറത്തായ അതേദിനം ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും ലോകകപ്പിൽനിന്ന് പുറത്തായി. എഡിസൻ കവാനി നേടിയ ഇരട്ടഗോളുകളുടെ കരുത്തിൽ ഉറുഗ്വായ് പോർച്ചുഗലിനെ മറികടന്നു ക്വാർട്ടറിലെത്തി. പ്രീ ക്വാർട്ടറിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഉറുഗ്വായുടെ ജയം. ഏഴാം മിനിട്ടിലും 62-ാം മിനിട്ടിലുമാണ് കവാനി ലക്ഷ്യം കണ്ടത്. 55-ാം മിനിട്ടിൽ പെപ്പെയാണ് പോർച്ചുഗലിന്‍റെ ഗോൾ നേടിയത്. ക്വാർട്ടറിൽ ഫ്രാൻസാണ് ഉറുഗ്വായുടെ എതിരാളികൾ

ലോകോത്തര താരങ്ങളായ സുവാരസ്-കവാനി കൂട്ടുകെട്ടിലൂടെയാണ് ഉറുഗ്വായുടെ ആദ്യ ഗോൾ പിറന്നത്. ഏഴാം മിനിട്ടിൽ വലതു വിങിൽനിന്ന് ബോക്സിലേക്ക് മറിച്ചുനൽകിയ പന്ത് കവാനി തകർപ്പനൊരു ഹെഡറിലൂടെ വലയിലാക്കി. മൽസരത്തിൽ പന്തടക്കത്തിൽ ആധിപത്യം പുലർത്തുകയും നിരവധി തവണ ഗോളിനടുത്ത് എത്തുകയും ചെയ്തെങ്കിലും ലക്ഷ്യം കാണാൻ പറങ്കിപ്പടയ്ക്ക് സാധിച്ചില്ല. പുകൾപെറ്റ ഉറുഗ്വായ് പ്രതിരോധം റൊണാൾഡോയെയും കൂട്ടരെയും കൃത്യമായി പൂട്ടി. ഒന്നാം പകുതിയിൽ ഉറുഗ്വായ് ഒരു ഗോളിന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിൽ പെപ്പെയുടെ തകർപ്പൻ ഗോളിലൂടെ പോർച്ചുഗൽ ഒപ്പമെത്തി. കോർണറിൽനിന്ന് ഹെഡ് ചെയ്താണ് പെപ്പെ ലക്ഷ്യം കണ്ടത്. ഇതോടെ മൽസരത്തിന്‍റെ ആധിപത്യം പോർച്ചുഗലിനായി. അമിത പ്രതിരോധമാണ് ഉറുഗ്വായ്ക്ക് വിനയായത്.

എന്നാൽ പോർച്ചുഗലിന്‍റെ ആഹ്ലാദം അധികം നീണ്ടില്ല. കവാനി വീണ്ടും പ്രഹരിച്ചു. ബോക്സിന്‍റെ ഇടതുവശത്ത് നിന്ന് കവാനി പായിച്ച തകർപ്പൻ ഷോട്ടിന് മുന്നിൽ പോർച്ചുഗീസ് ഗോളി വെറും കാഴ്ചക്കാരൻ മാത്രമായിരുന്നു.

കളി അന്തിമനിമിഷത്തിലേക്ക് കടക്കുമ്പോൾ ഗോൾ മടക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പോർച്ചുഗലിന് ലക്ഷ്യം കാണാനായില്ല. മെസിക്ക് പിന്നാലെ റൊണാൾഡോയും റഷ്യയിൽനിന്ന് നിരാശയോടെ മടങ്ങിയ കാഴ്ച ആരാധകർക്ക് നൊമ്പരമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more