1 GBP = 103.12

യു.പിയിൽ ഗംഗാ തീരത്ത്​ മൃതദേഹങ്ങൾ മണലിൽ പൂഴ്​ത്തിയ നിലയിൽ

യു.പിയിൽ ഗംഗാ തീരത്ത്​ മൃതദേഹങ്ങൾ മണലിൽ പൂഴ്​ത്തിയ നിലയിൽ

ലഖ്​നോ: ഉത്തർപ്രദേശിൽ ഗംഗാ തീരത്ത്​ മൃതദേഹങ്ങൾ കുന്നുകൂട്ടി മണലിൽ പൂഴ്​ത്തിയ നിലയിൽ. ലഖ്​നോവിൽനിന്ന്​ 40 കിലോമീറ്റർ അകലെയുള്ള ഉന്നാവിലാണ്​ സംഭവം.

ഗംഗാ നദിയുടെ തീരത്ത്​ രണ്ടിടങ്ങളിലായാണ്​ നിരവധി മൃതദേഹങ്ങൾ മണലിൽ പൂഴ്​ത്തിയ നിലയിൽ കണ്ടെത്തിയത്​. വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിലാണ്​ മൃതദേഹങ്ങൾ. 

യു.പിയിൽനിന്ന്​ നൂറുകണക്കിന്​ പേരുടെ മൃതദേഹങ്ങൾ മധ്യപ്രദേശിലേക്കും ബിഹാറിലേക്കും ഗംഗയിലൂടെ ഒഴുകിയെത്തിയിരുന്നു. കൂടാതെ കിഴക്കൻ യു.പി ഭാഗങ്ങളിൽ നദിയുടെ കരയിൽ നിരവധി മൃതദേഹങ്ങൾ അടിയുകയും ചെയ്​തിരുന്നു. ഇതിനുപിന്നാലെയാണ്​ ഉന്നാവിൽ നദിക്കരയിൽ മൃതദേഹങ്ങൾ മണലിൽ പൂഴ്​ത്തിയ നിലയിൽ കണ്ടെത്തിയത്​. 

കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ മൃതദേഹങ്ങളാണെന്നാണ്​ പ്രാഥമിക നിഗമനം. തീരത്ത് മണലിൽ പൂഴ്​ത്തിയ നിലയിൽ കണ്ടെത്തിയ ​ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.

മൃതദേഹങ്ങൾ കണ്ടെത്തിയ ഒരു സ്​ഥലം ശ്​മശാനമായി ഉപയോഗിച്ചുവരുന്നതാണെന്നും കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ മൃതദേഹങ്ങളാണോ ഇവയെന്ന്​ വ്യക്തമല്ലെന്നുമായിരുന്നു ഉന്നാവ്​ അധികൃതരുടെ പ്രതികരണം. 

‘ചിലർ മൃതദേഹങ്ങൾ കത്തിക്കാതെ നദീ തീരത്ത്​ അടക്കം ചെയ്യുന്ന പതിവുണ്ട്​. വിവരം ലഭിച്ചയുടൻ സംഭവസ്​ഥലത്തേക്ക്​ അധികൃതരെ അയച്ചിരുന്നു. അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇതിൽ കൃത്യമായ നടപടികൾ സ്വീകരിക്കും’ -ജില്ല മജിസ്​ട്രേറ്റ്​ രവീന്ദ്ര കുമാർ പ്രതികരിച്ചു. 

കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ യു.പിയിലെ ഗാസിപ്പൂരിൽ ഗംഗാ തീരത്ത്​ നിരവധി മൃതദേഹങ്ങൾ അടിഞ്ഞുകൂടിയിരുന്നു. കൂടാതെ ബിഹാറിലേക്കും മധ്യപ്രദേശിലേക്കും നൂറുകണക്കിന്​ മൃതദേഹങ്ങൾ ഒഴുകിയെത്തുകയും ചെയ്​തിരുന്നു. ഇത്തരത്തിൽ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത്​ രോഗവ്യാപനം രൂക്ഷമാക്കിയേക്കാം എന്ന ആശങ്കയെ തുടർന്ന്​ ബിഹാർ ഉത്തർപ്രദേശ്​ അതിർത്തിയിൽ ബിഹാർ അധികൃതർ വലക്കെട്ടിയിരുന്നു. കഴിഞ്ഞദിവസം മാത്രം 71 മൃതദേഹങ്ങളാണ്​ ബിഹാറിലേക്ക്​ ഒഴുകിയെത്തിയത്​. യു.പിയി​ൽ യമുന നദിയിലൂടെയും മൃതദേഹങ്ങൾ ഒഴുകിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more