1 GBP = 103.33

UGC | അനുവദിച്ചത് 14 കോടി; 56 കോടി ആവശ്യപ്പെട്ടുള്ള കത്ത് ജെഎൻയുവിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് യുജിസി

UGC | അനുവദിച്ചത് 14 കോടി; 56 കോടി ആവശ്യപ്പെട്ടുള്ള കത്ത് ജെഎൻയുവിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് യുജിസി

സർവ്വകലാശാലയ്ക്കുള്ള പ്രത്യേക ഗ്രാന്റായി 56 കോടി രൂപ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് 2021 സെപ്റ്റംബറിൽ യുജിസിക്ക് കത്ത് അയച്ചതായി ജെഎൻയു പ്രസ്താവനയിൽ അറിയിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് യുജിസിയുടെ വിശദീകരണം.

ഹോസ്റ്റൽ അറ്റകുറ്റപ്പണികൾക്കായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനിൽ (University Grants Commission) നിന്ന് 56 കോടിയുടെ ഗ്രാന്റ് അഭ്യർത്ഥിച്ചെന്ന ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ (Jawaharlal Nehru University (JNU)) വാദങ്ങളെ തള്ളി കമ്മീഷൻ. നവീകരണ പ്രവർത്തനങ്ങൾക്കായി 14 കോടി രൂപ അനുവദിച്ചതായും യുജിസി അറിയിച്ചു. സർവ്വകലാശാലയ്ക്കുള്ള പ്രത്യേക ഗ്രാന്റായി 56 കോടി രൂപ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് 2021 സെപ്റ്റംബറിൽ യുജിസിക്ക് കത്ത് അയച്ചതായി ജെഎൻയു പ്രസ്താവനയിൽ അറിയിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് യുജിസിയുടെ വിശദീകരണം.

അറ്റകുറ്റപ്പണികൾക്കും ‌നവീകരണ പ്രവർത്തനങ്ങൾക്കുമായി 2022 ജൂൺ 24 ന് യുജിസി 14 കോടി രൂപ ജെഎൻയുവിന് അനുവദിച്ചു. അതിനുശേഷം, ജൂണിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചെന്നു പറയുന്ന കത്ത് യുജിസിക്ക് ലഭിച്ചിട്ടില്ലെന്നും കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നും അതിനായി 14 കോടി രൂപ അനുവദിച്ചതായും യുജിസി പറഞ്ഞു.

ഒന്നാം ഘട്ടത്തിൽ ഗംഗ, കാവേരി, പെരിയാർ എന്നീ ഹോസ്റ്റലുകളിലെ അറ്റകുറ്റപ്പണികളും സബർമതി ഹോസ്റ്റലിലെ ഡൈനിംഗ് ഹാൾ, അടുക്കള, ടോയ്‌ലറ്റുകൾ എന്നിവയുടെ നവീകരണവും നടത്തും.

വിവിധ ഘട്ടങ്ങളിലായി 56 കോടി രൂപ അനുവദിക്കണമെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യുജിസിക്ക് കത്തയച്ചതായി ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ഡി പണ്ഡിറ്റ് പിടിഐയോട് പറഞ്ഞു. കാമ്പസിലെ ഹോസ്റ്റലുകൾ, ഗസ്റ്റ് ഹൗസുകൾ, അക്കാദമിക് ബ്ലോക്കുകൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾ, റെസിഡൻഷ്യൽ ഏരിയ, മറ്റ് കെട്ടിടങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനും ആവശ്യമായ തുക പ്രത്യേക ഗ്രാന്റായി അനുവദിക്കണമെന്ന് യുജിസിയോട് അഭ്യർത്ഥിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

രണ്ട് വർഷത്തിനുള്ളിൽ യുജിസി 56 കോടി നൽകുമെന്നും പണം നാല് ഗഡുക്കളായി തിരിച്ചിട്ടുണ്ടെന്നും വിസി പറഞ്ഞിരുന്നു. ആദ്യ ഗഡുവായ 14 കോടി ഈ മാസം ലഭിച്ചെന്നും ഉടൻ തന്നെ ബിൽഡിംഗ്, വർക്ക് കമ്മിറ്റി മീറ്റിംഗ് നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സബർമതി ഹോസ്റ്റലിലെ അറ്റകുറ്റപ്പണികൾ ആദ്യം ആരംഭിക്കാനും തീരുമാനം ആയിട്ടുണ്ട്.

അതിനിടെ, രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക കഴിഞ്ഞ മാസം യുജിസി പുറത്തുവിട്ടിരുന്നു. 21 സർവകലാശാലകളുടെ പേരുകൾ അടങ്ങിയ പട്ടികയാണ് പുറത്തുവിട്ടത്. പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഒരു സർവകലാശാലയുടെ പേരും ഉൾ‌പ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയിലെ കിശനറ്റം സെൻറ് ജോൺസ് സർവകലാശാലയാണ് പട്ടികയിൽ ഉള്ളത്. കൂടുതൽ വ്യാജ സർവകലാശാലകളുള്ളത് ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ്. ഡൽഹിയിൽ എട്ടും ഉത്തർപ്രദേശിൽ നാലും വ്യാജ സർവകലാശാലകളാണ് പട്ടികയിലുള്ളത്. പട്ടികയിലുള്ള സർവകലാശാലകൾക്ക് ഒരു തരത്തിലുള്ള ബിരുദവും നൽകാൻ അനുമതി ഇല്ലെന്ന് യുജിസി വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more