1 GBP = 103.68

ദശാബ്ദം പിന്നിടുന്ന തിളക്കത്തിൽ യുക്മ നഴ്സസ് ഫോറത്തിന് (UNF) നവനേതൃത്വം

<strong>ദശാബ്ദം പിന്നിടുന്ന തിളക്കത്തിൽ യുക്മ നഴ്സസ് ഫോറത്തിന് (UNF) നവനേതൃത്വം</strong>

ബെന്നി അഗസ്റ്റിൻ

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ഹൃദയമായ യുകെയിൽ 2000 മുതൽ ആരംഭിച്ച ഇന്ത്യൻ നഴ്സ്മാരുടെ കുടിയേറ്റചരിത്രത്തിൽ ആർക്കും അവഗണിക്കാനാവാത്ത ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളി നഴ്സ്മാർ. അവരുടെ അവകാശ സംരക്ഷണത്തിനും സമഗ്ര പുരോഗതിക്കുമായി പ്രവർത്തിച്ച് വരുന്ന യുക്മ നഴ്സസ് ഫോറത്തിന്റെ ശതാബ്ദിവർഷത്തിൽ, വിവിധ നേഴ്സിംഗ് മേഖലകളിലായി പ്രവൃത്തി പരിചയവും സംഘാടക മികവും തെളിയിച്ച, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരുത്തുറ്റ സംഘടന പ്രവർത്തകർ ഉൾപ്പെടുന്ന പുതിയ നേതൃനിരയെ യുക്‌മ (UUKMA) നേതൃത്വം പ്രഖ്യാപിച്ചു.

യുക്മ നഴ്സസ് ഫോറത്തിന് ഇതിനോടകം തന്നെ എൻ.എച്ച്.എസ്സ്. ഇംഗ്ളണ്ട്, ഫ്ളോറൻസ് നൈറ്റിംഗേൽ ഫൌണ്ടേഷൻ പോലുള്ള പല അംഗീകൃത സംഘടനകളുടെയും അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഈ ഉന്നമനത്തിനായി പ്രവർത്തിച്ച യുക്മയുടെ മുൻകാല ഭാരവാഹികളുടെ ദീർഘവീക്ഷണത്തെ നന്ദിയോടെ സ്മരിക്കുന്നു. കഴിഞ്ഞ പത്ത് വർഷക്കാലഘട്ടത്തിൽ നഴ്സുമാരുടെ സമഗ്ര പുരോഗതിക്ക് വേണ്ടി രാജ്യത്തുടനീളം പഠനശിബിരങ്ങളും സമ്മേളനങ്ങളും പുരസ്കാര വിതരണവും നടത്തി മികച്ച പ്രവർത്തനം കാഴ്ച വെച്ച്, അവഗണിക്കാനാവാത്ത ശക്തിയായി യുക്‌മ നഴ്സസ് ഫോറം മാറിക്കഴിഞ്ഞിരിക്കുന്നു. യുക്മയുടെ 130 ഓളം വരുന്ന അംഗ അസ്സോസ്സിയേഷനുകളൂടെ പിന്തുണയിൽ രാജ്യത്തിന്റെ അങ്ങോളമിങ്ങോളം പടർന്ന് പന്തലിച്ച യുക്മ നഴ്സസ് ഫോറം, രാജ്യത്ത് നിലവിലുള്ള എല്ലാ മുൻനിര നേഴ്സസ്‌ സംഘടനകളോടും ഒപ്പത്തിനൊപ്പം എത്തിയിരിക്കുന്നു. രാജ്യത്ത് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന അവകാശ പോരാട്ടങ്ങളിൽ യുക്‌മ നഴ്സസ് ഫോറത്തിന്റെ അംഗങ്ങൾ നേതൃത്വം വഹിക്കുന്നത്‌ നമ്മൾ കണ്ടുകഴിഞ്ഞു. കോവിഡ് കാലത്തും, അതിനു മുമ്പും പിമ്പും യൂക്മ നഴ്സസ് ഫോറം ഓൺലൈൻ വെബ്നാറുകളും, ഹൈബ്രിഡ് മീറ്റിംഗുകളും, നവാഗത നഴ്സുമാർക്കുള്ള മീറ്റ് ആൻറ് ഗ്രീറ്റ് കോൺഫറൻസുകളും വിവിധ തലങ്ങളിലുള്ള പരിശീലന പരിപാടികളും നടത്തി മലയാളി നഴ്സുമാർക്കിടയിൽ പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. ഈ ദശാബ്ദി വർഷത്തിൽ സമഗ്ര വ്യക്തി വികസനത്തിനായി വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പദ്ധതികളാണ് യുക്മ നഴ്സസ് ഫോറത്തിന്റെ പ്രവർത്തന പരിപാടിയിൽ ഉള്ളത്. അതിലേക്ക് നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും, നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിശാല ഹൃദയത്തോടെ സ്വീകരിക്കുന്നതാണ്.

2013ൽ യുക്‌മയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത നഴ്സസ് ഫോറം, യുകെയിലേക്കുള്ള ഇന്ത്യൻ നഴ്സുമാരുടെ പ്രത്യേകിച്ച് മലയാളി നഴ്സുമാരുടെ കുടിയേറ്റത്തിന്റെ ഒരു പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയത്തിന്റെ പശ്ചാത്തലത്തിൽ മലയാളി നഴ്സുമാർ നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുക, അവരുടെ ജോലി സംബന്ധമായ പ്രശ്നങ്ങളിൽ ക്രിയാത്മകമായ ഇടപെടൽ നടത്തുക, ജോലി തലത്തിലുള്ള ഉയർച്ചയ്ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കുക തുടങ്ങിയ മഹത്തരമായ ലക്ഷ്യങ്ങളാണ് പദ്ധതി രേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഒരു പ്രവാസ മണ്ണിൽ അതിന്റെ എല്ലാ പ്രതിസന്ധികളെയും നേരിട്ടുകൊണ്ട് ഒരു മികച്ച സംഘടന എന്ന തലത്തിലേക്ക് കഴിഞ്ഞ 10 വർഷം കൊണ്ട് യുക്മ നഴ്സസ് ഫോറം എത്തി നിൽക്കുകയാണ്. എങ്കിൽപോലും അതിന്റെ ഉദ്ദേശശുദ്ധിയുടെ ഉൾക്കാമ്പിൽ ഇപ്പോഴും എത്തിച്ചേർന്നിട്ടില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. പോയ കാലങ്ങളിൽ ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട് എങ്കിലും നേതൃത്വത്തിന്റെ ഉദ്ദേശശുദ്ധി ഈ സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക്‌ നയിക്കുവാൻ സഹായകമാണ്.

യുക്‌മ നേഴ്സസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുവാനും എല്ലാവിധ പിന്തുണയും നൽകുവാനുമായി യുക്മ നാഷണൽ കമ്മിറ്റി യു.എൻ. എഫ് കോർഡിനേറ്ററേയും, അതോടൊപ്പം നഴ്സിംഗ് മേഖലയിലെ പ്രഗൽഭരും, പരിചയ സമ്പത്തുള്ളവരെയും പുതുതലമുറയിൽപെട്ട നഴ്സുമാരെയും ഉൾപ്പെടുത്തി പുതിയ ദേശീയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് പലവിധങ്ങളായ പരിമിതികൾ മൂലം ഉദ്ദേശിച്ച പോലെ നഴ്സസ് ഫോറത്തിന് ഫലപ്രദമായി പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ചുവെന്ന് പറയാൻ കഴിയില്ല, എന്നിരുന്നാലും പരിമിതികൾക്കുള്ളിൽ നിന്ന് കഴിയുന്നത്ര ജനങ്ങളിലേക്ക് എത്തിച്ചേരാൻ യുക്‌മ നഴ്സസ് ഫോറത്തിന് സാധിച്ചിട്ടുണ്ട്.

യുക്മ നാഷണൽ ജോയിന്റ് ട്രഷറർ കൂടിയായ ശ്രീ എബ്രഹാം പൊന്നുംപുരയിടത്തിനെ നേഴ്സസ് ഫോറം നാഷണൽ കോർഡിനേറ്ററായി യുക്‌മ ദേശീയ സമിതി ചുമതലപ്പെടുത്തി. സംഘടനയെ ഊർജ്ജസ്വലതയോടെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കണമെന്നുള്ള യു.എൻ.എഫ് നേതൃത്വത്തിന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് വളരെ പരിചയ സമ്പന്നരായ തികഞ്ഞ അർപ്പണബോധമുള്ള ഒരു കമ്മിറ്റിയെക്കൂടി യുക്‌മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. കോവിഡ് കാലത്ത് യുകെയിലെ ആരോഗ്യരംഗത്ത് നേരിട്ട ആരോഗ്യപ്രവർത്തകരുടെ ക്ഷാമത്തെ നേരിടാൻ വേണ്ടി ഇൻറർനാഷണൽ റിക്രൂട്ട്മെൻറ് വഴി എത്തിയ അനേകം വരുന്ന മലയാളി നഴ്സുമാർക്ക് താങ്ങും തണലും വേണ്ടമാർഗ്ഗനിർദ്ദേശങ്ങളും നൽകി അവരുടെ ജീവിതനിലവാരവും തൊഴിൽമുന്നേറ്റവും ഉയർത്തുവാൻ യുക്മ നേതൃത്വം പ്രതിജ്ഞാബദ്ധരാണ്.

യുക്‌മ നഴ്സസ് ഫോറത്തിന്റെ നാഷണൽ കോർഡിനേറ്റർ സ്ഥാനത്തേക്ക്, UNFന്റെ സ്ഥാപക സെക്രട്ടറി, മുൻ പ്രസിഡൻറ്, ഇപ്പോഴത്തെ RCN London Board Memberഉം യുക്മ ജോയിന്റ് ട്രഷററും ആയ ലണ്ടനിൽ നിന്നുള്ള എബ്രഹാം പൊന്നുംപുരയിടം,
National Advisors ആയി ലീഡ്സിൽ നിന്നുള്ള യുക്മ മുൻ ദേശീയ ജോയിന്റ് സെക്രട്ടറിയും യുക്മ നഴ്‌സസ് ഫോറം മുൻ നാഷണൽ കോർഡിനേറ്ററും യുക്‌മ ദേശീയ സമിതിയംഗവുമായ സാജൻ സത്യൻ, ലണ്ടനിൽ നിന്നുള്ള മിനിജ ജോസഫ്, ഐൽ ഓഫ് വൈറ്റിൽ നിന്നുള്ള എലീസ മാത്യു,
National Training Program Coordinator ആയി ലണ്ടനിൽ നിന്നുള്ള സോണിയ ലൂബി,
Legal Advisor ആയി ലിവർപൂളിൽ നിന്നുള്ള യുക്‌മ മുൻ ദേശീയ സമിതിയംഗം കൂടിയായ തമ്പി ജോസ്, Professional Development Advisor ആയി ലിവർപൂളിൽ നിന്നുള്ള യുക്‌മ നോർത്ത് വെസ്റ്റ്‌ റീജിയൺ പ്രസിഡൻറ് കൂടിയായ ബിജു പീറ്റർ, സ്റ്റീവനേജിൽ നിന്നുള്ള പ്രബിൻ എടയനാട്ട്‌ ബേബി, Education and Practice Development – of Resource Personnel ആയി മാഞ്ചസ്റ്ററിൽ നിന്നും ഡോ. ഡില്ല ഡേവിസ്, ലങ്കാഷയറിൽ നിന്നും ലീന വിനോദ്‌ എന്നിവരാണ് ചുമതലയേൽക്കുന്നത്.

യുക്‌മ നേഴ്സസ് ഫോറം ദേശീയ പ്രസിഡന്റായി ഡോർസെറ്റിൽ നിന്നുള്ള സോണി കുര്യൻ,
ജനറൽ സെക്രട്ടറിയായി ഗ്രേറ്റ് യാർ മൌത്തിൽ നിന്നുള്ള ഐസക്ക് കുരുവിള,
ട്രഷററായി നോട്ടിംഗ്ഹാമിൽ നിന്നുള്ള ഷൈനി കുര്യൻ, വൈസ് പ്രസിഡന്റ്മാരായി സൌത്ത് ലണ്ടനിൽ നിന്നുള്ള സനീഷ് സത്യൻ, ലിവർപൂളിൽ നിന്നുള്ള പ്രിൻസി സന്തോഷ്, സാലിസ്ബറിയിൽ നിന്നുള്ള സിൽവി ജേക്കബ്ബ്, സെക്രട്ടറിമാരായി ഹള്ളിൽ നിന്നുള്ള ഷാലു ശിശുപാലൻ, കവൻട്രിയിൽ നിന്നുള്ള സുമ സാജൻ, വിഗനിൽ നിന്നുള്ള രമ്യ ചന്ദ്രൻ നായർ,
ജോയിന്റ് സെക്രട്ടറിമാരായി ലിവർപൂളിൽ നിന്നുള്ള റാണി ജേക്കബ്ബ്‌, ബർട്ടൺ ഓൺ ട്രെന്റിൽ നിന്നുള്ള നീന മാത്യു,
ജോയിന്റ് ട്രഷറർമാരായി ഡാർട്ട്ഫോർഡ്, കെന്റിൽ നിന്നുള്ള റെനോൾഡ് മാനുവൽ, ഷെഫീൽഡിൽ നിന്നുള്ള സീന ഷാജു എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കൂടാതെ റീജിയണൽ കോർഡിനേറ്റർമാരായി ബൈജു ശ്രീനിവാസ് (സൌത്ത് ഈസ്റ്റ്), രാജേഷ് നടേപ്പിള്ളി (സൌത്ത് വെസ്റ്റ്), സിനി ആന്റണി (ഈസ്റ്റ്‌ ആന്റ് വെസ്റ്റ്‌ മിഡ്ലാൻഡ്സ്), ഷെയ്‌സ് ജേക്കബ്ബ്‌ (നോർത്ത് വെസ്റ്റ്), സീന പഴയാറ്റിൽ (ഈസ്റ്റ്‌ ആംഗ്ളിയ), പ്രിയ മോഹനൻ സുലഭ (യോർക്ക്ഷയർ & ഹംബർ), റോണു സക്കറിയ റോയി (വെയിത്സ്), ഷെല്ലി ഫിലിപ്പ് (നോർത്ത് ഈസ്റ്റ്), ബിന്ദു അബ്രാഹം (സ്കോട്ട്ലൻഡ്) എന്നിവരും, സോഷ്യൽ മീഡിയ കാമ്പയിൻ ടീം ലീഡറായി യുക്‌മ നോർത്ത് വെസ്റ്റ്‌ റീജിയൺ ട്രഷറർ കൂടിയായ പ്രിസ്റ്റണിൽ നിന്നുള്ള ബിജു മൈക്കിൾ, ടീം അംഗങ്ങളായി പോർട്സ്മൌത്തിൽ നിന്നുള്ള ടിസ്നമോൾ ടോമി, വോക്കിങ്ങിൽ നിന്നുള്ള അഖില അജിത്, നോർവിച്ചിൽ നിന്നുള്ള ഭാഗ്യലക്ഷ്മി പ്രഭു എന്നിവരും സ്ഥാനമേൽക്കുകയാണ്.

യുകെയിലെ മലയാളി നഴ്സസിന്റെ ശബ്‌ദമായി മാറുവാൻ യു.എൻ. എഫിന് സാധിക്കട്ടെയെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ് എന്നിവർ ആശംസിച്ചു. യുക്മ നഴ്സസ് ഫോറത്തിന്റെ കഴിവുറ്റ പുത്തൻ നേതൃത്വത്തിന് എല്ലാവിധ ഭാവുകങ്ങളും യുക്മ ദേശീയ സമിതി നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more