1 GBP = 103.12

കിയവിൽ ഡ്രോൺ ആക്രമണം കടുപ്പിച്ച് റഷ്യ; യുക്രെയ്ന് സൈനികസഹായം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

കിയവിൽ ഡ്രോൺ ആക്രമണം കടുപ്പിച്ച് റഷ്യ; യുക്രെയ്ന് സൈനികസഹായം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

കിയവ്: യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ ഡ്രോൺ ആക്രമണം കടുപ്പിച്ച് റഷ്യ. കിയവിലെ നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കുനേരെ 23 ഡ്രോൺ ആക്രമണം നടന്നതായി യുക്രെയ്ൻ സൈന്യം പറയുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് കിയവും പരിസരപ്രദേശങ്ങളും ലക്ഷ്യമിട്ട് റഷ്യ ഡ്രോണുകൾ തൊടുത്തത്. യുക്രെയ്നിൽ ക്രിസ്മസ് അവധിക്കാലത്തിന്റെ ആരംഭം കുറിക്കുന്ന സെന്റ് നിക്കോളാസ് ദിനമായിരുന്നു തിങ്കളാഴ്ച. 

യുക്രെയ്ന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ 18 ഡ്രോണുകൾ വെടിവെച്ചിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ 11 മേഖലകളിൽ വൈദ്യുതി വിതരണം മുടങ്ങിയെന്നും ഗവർണർ ഒലെക്‌സി കുലേബ പറഞ്ഞു. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി മൂന്നു സിവിലിയന്മാർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. 

സെൻട്രൽ സോളോമിയൻസ്‌കി ജില്ലയിലെ ഒരു റോഡിന് കേടുപാടുണ്ടാവുകയും കിയവിലെ ഷെവ്‌ചെങ്കിവ്‌സ്‌കി ജില്ലയിലെ ബഹുനില കെട്ടിടത്തിന്റെ ജനാലകൾ തകരുകയും ചെയ്തതായി അധികൃതർ പറഞ്ഞു. യുക്രെയ്നിന്റെ തെക്കുകിഴക്കൻ തീരത്തുനിന്ന് റഷ്യ രാജ്യവ്യാപകമായി തൊടുത്ത 35 ഡ്രോണുകളിൽ 30 എണ്ണം നശിപ്പിക്കാൻ കഴിഞ്ഞതായി യുക്രെയ്ൻ വ്യോമസേന ടെലിഗ്രാമിൽ അറിയിച്ചു. 

ശൈത്യകാലത്ത് ചൂടും വെളിച്ചവും ലഭിക്കാതെ യുക്രെയ്ൻകാർ രാജ്യംവിടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് റഷ്യ ഒക്‌ടോബർ മുതൽ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ആക്രമിക്കുന്നത് പതിവാക്കിയത്. അതിനിടെ, റഷ്യക്കെതിരായ പ്രത്യാക്രമണം ശക്തമാക്കാൻ യുക്രെയ്‌ന് 30.4 കോടി ഡോളർ (ഏകദേശം 2511 കോടി രൂപ) സൈനികസഹായം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പാക്കേജിൽ ലക്ഷക്കണക്കിന് വെടിക്കോപ്പുകളും ഉൾപ്പെടുന്നു. കൂടാതെ, 2023ലും വെടിക്കോപ്പുകൾ നൽകുന്നത് തുടരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നുള്ള പ്രസ്താവനയിൽ അറിയിച്ചു. 

റോക്കറ്റ് ലോഞ്ച് സിസ്റ്റങ്ങളും അടുത്തിടെ 125 വിമാനവേധ തോക്കുകളും ലക്ഷത്തിലധികം വെടിക്കോപ്പുകളും യു.കെ നൽകിയിരുന്നു. ഫെബ്രുവരി 24ന് റഷ്യ അധിനിവേശം തുടങ്ങിയശേഷം ഇതുവരെ യു.കെ 743 കോടി ഡോളറിന്റെ (61,410 കോടി രൂപ) സഹായം നൽകിയിട്ടുണ്ടെന്ന് ജർമനി ആസ്ഥാനമായുള്ള കീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ വേൾഡ് ഇക്കണോമി വ്യക്തമാക്കുന്നു. എന്നാൽ, യു.എസ് 5100 കോടി ഡോളറിന്റെ മാനുഷിക, സാമ്പത്തിക, സൈനിക സഹായമാണ് നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more