1 GBP = 104.05

ബ്രിട്ടനിലെ കുടിയേറ്റ നിരക്കിൽ ഗണ്യമായ കുറവ്; കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ലക്ഷത്തിലധികം പേരുടെ കുറവ് വന്നതായി റിപ്പോർട്ട്

ബ്രിട്ടനിലെ കുടിയേറ്റ നിരക്കിൽ ഗണ്യമായ കുറവ്; കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ലക്ഷത്തിലധികം പേരുടെ കുറവ് വന്നതായി റിപ്പോർട്ട്

ലണ്ടൻ∙ ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിൽ ഒറ്റ വർഷംകൊണ്ട് ഉണ്ടായത് ഒരുലക്ഷം പേരുടെ കുറവ്. ഇതിൽ ഭൂരിഭാഗവും യൂറോപ്യൻ യൂണിയനിൽ നിന്നും ഉള്ളവരാണെന്നത് ബ്രെക്സിറ്റിന്റെ ഫലം കൂടുതൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ രാജ്യങ്ങളിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറി താമസമാക്കിയത് 230,000 പേരാണ്. മുൻ വർഷം ഇത് 336000 ആയിരുന്നു, ഏകദേശം 106000 പേരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈവർഷം ജൂണിനു മുമ്പ് ബ്രിട്ടനിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തിയ വിദേശികൾ 572,000 ആണ്. ഇതിൽ 342,000 പേർ മടങ്ങിപ്പോയി. ഇങ്ങനെ വരുന്നവരും മടങ്ങിപ്പോകുന്നവരും തമ്മിലുള്ള അന്തരമാണ് കുടിയേറ്റമായി (നെറ്റ് മൈഗ്രേഷൻ) ആയി കണക്കാക്കുന്നത്. കുടിയേറ്റക്കാരുടെ എണ്ണം ലക്ഷങ്ങളുടെ കണക്കിൽ നിന്നും പതിനായിരങ്ങളാക്കി മാറ്റുകയാണ് ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. ഇത് അത്രവേഗം സാധ്യമല്ലെങ്കിലും ബ്രെക്സിറ്റിന്റെ ഫലമായുണ്ടായ മാറ്റം സർക്കാരിന് ആശ്വാസം പകരുന്നതാണ്.

ബ്രിട്ടനിലേക്ക് വരുന്നവരുടെ എണ്ണത്തിലുണ്ടായ കുറവിൽ ഭൂരിഭാഗവും യൂറോപ്യൻ യൂണിയനിൽനിന്നുമാണ്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽനിന്നും ബ്രിട്ടനിലേക്ക് ജോലി അന്വേഷിച്ച് വരുന്നവരുടെ എണ്ണത്തിൽ 43 ശതമാനം കുറവാണ് ഒരുവർഷംകൊണ്ട് ഉണ്ടായത്. ഇത് ബ്രെക്സിറ്റ് ഇഫക്ട് കൂടുതൽ വ്യക്തമാക്കുന്നു.

നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ ഒരു വർഷം മൈഗ്രേഷനിലുണ്ടായ 106,000 പേരുടെ കുറവ് രാജ്യചരിത്രത്തിലെ സർവകാല റെക്കോർഡാണ്. ബ്രിട്ടനിൽ ജനിച്ച യൂറോപ്യൻ യൂണിയൻ പൗരന്മാർപോലും രാജ്യം വിട്ടുപോകുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇതോടൊപ്പം ബ്രിട്ടീഷ് പൗരത്വം നേടാൻ അപേക്ഷ നൽകുന്ന യൂറോപ്യൻ പൗരന്മാരുടെ എണ്ണത്തിലും വൻ വർധനയാണുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 80 ശതമാനത്തോളം വർധനയാണ് ഇക്കാര്യത്തിൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more