എബ്രാഹം പൊന്നുംപുരയിടം
(യുക്മ നേഴ്സ്സ്‌സ് ഫോറം മുന്‍ പ്രസിഡന്റ്)
യു.കെ.യിലെ സാധാരണ ജനവിഭാഗങ്ങളുടെയും, ഇവിടുത്തെ തൊഴിലാളി സംഘടനകളുടെയും ഭാഗത്തുനിന്നും ചിന്തിക്കുമ്പോള്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ബ്രിട്ടനെ സംബന്ധിച്ചിടത്തോളം തികച്ചും ചരിത്രപരമായ ഒരു ദിനം ആയിരുന്നു. എന്‍.എച്ച്.എസ്. സംരക്ഷണ ബഹുജന റാലി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ദിനം ‘ചരിത്രദിനം’ എന്ന് പറയുന്നത് തന്നെയാണ് ഏറ്റവും ഉചിതമായ പ്രയോഗം എന്നാണെന്റെ അഭിപ്രായം. രണ്ടര ലക്ഷം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു എന്നാണ് ഔദ്യോഗിക കണക്കുകള്‍.
എന്‍.എച്ച്.എസ്.ന് അനുവദിച്ചിരിക്കുന്ന ഫണ്ടുകള്‍ വെട്ടിച്ചുരുക്കുന്ന സര്‍ക്കാര്‍ നടപടികള്‍ മൂലം ആരോഗ്യ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന അസുഖകരമായ മാറ്റങ്ങള്‍ സാധാരണ ജനജീവിതം ദുരിത പൂര്‍ണ്ണമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടത്. ഗവണ്‍മെന്റ് ഫണ്ട് ആവശ്യത്തിന് അനുവദിക്കപ്പെടാത്തതിനാല്‍ ബെഡ്ഡുകളുടെ എണ്ണവും, ക്ലിനിക്കല്‍ സ്റ്റാഫിന്റെ അനുപാതവും എല്ലാം അന്യായമായ രീതിയില്‍ കുറക്കേണ്ടിവരുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് ഇന്ന് യു.കെ.യില്‍ മിക്കയിടങ്ങളിലും അഭിമുഖീകരിക്കേണ്ടി വരുന്നത്. ആശുപത്രി വരാന്തകളിലും, വെയ്റ്റിംഗ് റൂമുകളിലും, ആംബുലന്‌സുകളിലുമെല്ലാം വച്ച് മരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വന്നിരിക്കുന്ന വന്‍ വര്‍ദ്ധനവ് ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. എന്‍.എച്ച്.എസ്.നെ ക്രമേണ സ്വകാര്യ മേഖലയിലാക്കുവാനുള്ള സര്‍ക്കാരിന്റെ അടവുനയങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ് ലക്ഷങ്ങളെ ലണ്ടന്‍ തെരുവുകളില്‍ അണിചേര്‍ത്ത്.

രാവിലെ 11 മണിക്ക് സെന്‍ട്രല്‍ ലണ്ടനിലെ ടവിസ്റ്റോക്ക് സ്‌ക്വയറില്‍ നിന്നും ആരംഭിച്ച റാലി മൂന്ന് മണിയോടെ ബ്രിട്ടീഷ് പാര്‍ലമെന്റ് ചത്വരത്തില്‍ എത്തിയപ്പോഴേക്ക് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബന്‍ ഉള്‍പ്പെടെയുള്ള വന്‍ നേതൃനിര അവിടെ അണിനിരന്നിരുന്നു. സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ മേഖലാ സേവനങ്ങളെ, ക്രമേണെ സ്വകാര്യ മേഖലക്ക് മറിച്ചുവില്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ നിശിതമായി അപലപിച്ചു. ജനസംഖ്യാനുപാതികമായി എന്‍.എച്ച്.എസ്.ന് കൂടുതല്‍ തുക വകകൊള്ളിക്കേണ്ടതിന് പകരം, കണക്കിലെ സാങ്കേതികത്വങ്ങള്‍ പറഞ്ഞു നിലവിലുള്ള തുകകള്‍ പോലും വെട്ടിക്കുറക്കുന്ന സര്‍ക്കാര്‍ നടപടികള്‍ സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിശദീകരിക്കുന്നവയായിരുന്നു ഓരോ പ്രസംഗങ്ങളും, ഉയര്‍ന്നുകേട്ട ഓരോ മുദ്രാവാക്യങ്ങളും, ഉയര്‍ത്തിപ്പിടിച്ച ഓരോ ബാനറുകളും പ്ലക്കാര്‍ഡുകളും.
ബ്രിട്ടനിലെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന വിവിധ യൂണിയനുകളെയും സംഘടനകളെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ‘ഹെല്‍ത്ത് ക്യാമ്പയിന്‍സ് ടുഗെതര്‍’ന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട പാര്‍ലമെന്റ് മാര്‍ച്ചില്‍ രാജ്യത്തെ പ്രബലങ്ങളായ യൂണിസെന്‍, യുണൈറ്റ്, ബി.എം.എ., ആര്‍.സി.എന്‍. എന്നിവ ഉള്‍പ്പെടെ ഇരുപതോളം തൊഴിലാളി യൂണിയനുകള്‍ പങ്കെടുത്തു. യൂണിയനുകള്‍ക്കുപരി നിരവധി പ്രാദേശിക കൂട്ടായ്മകളും ലണ്ടന്‍ റാലിയില്‍ അണിചേര്‍ന്നു.

റാലിയിലെ മലയാളി സാന്നിദ്ധ്യം ചര്‍ച്ചചെയ്യപ്പെടേണ്ടുന്ന ഒരു കാര്യമാണെന്ന് കൂടി പറയാതെ ഈ റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കുക ഉചിതമായിരിക്കില്ല. ഇത് ആരെയും കുറ്റപ്പെടുത്താനല്ല. നമ്മള്‍ ഒരു ആത്മവിമര്‍ശനം നടത്തേണ്ടുന്ന വിഷയമാണിത്. ഒരു ലക്ഷത്തി മുപ്പതിനായിരം മലയാളികള്‍ യു.കെ.യില്‍ ജീവിക്കുന്നു എന്നാണ് ഔദ്യോഗിക കണക്കുകള്‍. അതില്‍ അമ്പതിനായിരത്തോളം മലയാളികള്‍ എന്‍.എച്ച്.എസ്.ലും അനുബന്ധ ആരോഗ്യ മേഖലകളിലും ജോലിചെയ്യുന്നു.നമ്മളെ സംബന്ധിച്ചിടത്തോളം എന്‍.എച്ച്.എസ്. സൗജന്യ ചികിത്സാ സേവനങ്ങള്‍ നല്‍കുന്ന പൊതുമേഖലാ സ്ഥാപനം എന്നതിനൊപ്പം നമ്മുടെ ‘അന്നന്ന അപ്പം’ (daily dread) കൂടിയാണ്. നമ്മളും നമ്മുടെ മക്കളും അവരുടെ തലമുറകളും ഈ മണ്ണിലാണ് ഇനിയുള്ളകാലം ജീവസന്ധരണം നടത്തേണ്ടത്. എന്‍.എച്ച്.എസ്.നുണ്ടാകുന്ന പ്രതിസന്ധി മറ്റേതൊരു ജനവിഭാഗത്തേക്കാളേറെ നമ്മെ ബാധിക്കുമെന്ന് ചുരുക്കം.
ഇതൊക്കെയാണ് യാഥാര്‍ഥ്യമെങ്കിലും നാമമാത്രമായ മലയാളി സാന്നിധ്യമായിരുന്നു പാര്‍ലമെന്റ് മാര്‍ച്ചിന് ഉണ്ടായിരുന്നത്. അതും ഏതെങ്കിലും തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മാത്രം. ‘യൂണിസണ്‍’ ഹാംഷെയര്‍ കൗണ്ടിയെ പ്രതിനിധീകരിച്ചു യുക്മ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം പങ്കെടുത്തപ്പോള്‍, ആര്‍.സി.എന്‍. ലണ്ടണ്‍ പ്രതിനിധിയായി ഈ ലേഖകനും മാര്‍ച്ചില്‍ പങ്കെടുത്തു. യൂണിയനുകളുടെ സജീവ പ്രതിനിധികളായ ഏതാനും മലയാളികളും കൂടി റാലിയില്‍ പങ്കെടുത്തിട്ടുണ്ടാകുമെന്ന് കരുതപ്പെടുന്നു.
ചരിത്രം കുറിച്ച പാര്‍ലമെന്റ് മാര്‍ച്ചിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട സ്പ്രിംഗ് ബജറ്റിലും എന്‍.എച്ച്.എസ്.ന് ആശാവഹകമായ ഒന്നുമില്ലെന്ന യാഥാര്‍ഥ്യം വരും നാളുകള്‍ പോരാട്ടത്തിന്റേതാകുമെന്ന സൂചനകളാണ് നല്‍കുന്നത്. ലണ്ടന്‍ നഗരം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ബഹുജന റാലികളിലൊന്നിലേക്ക് രാജ്യം മുഴുവന്‍ ഒഴുകിയെത്തിയപ്പോഴും, തങ്ങളുടെ വാല്മീകങ്ങളില്‍നിന്നും പുറത്തിറങ്ങാന്‍ മടിച്ച യു.കെ.മലയാളികള്‍, നമ്മുടെ തനതായ പ്രതികരണശേഷി പ്രകടിപ്പിച്ചുകൊണ്ട് പൊതു സമൂഹത്തിന്റെ ഭാഗമായി വരും നാളുകളില്‍ രംഗത്തുവരണമെന്നുകൂടി വിനീതമായി ഓര്‍മ്മപ്പെടുത്തുവാന്‍ കൂടി ഈ അവസരം വിനിയോഗിക്കട്ടെ.
click on malayalam character to switch languages