1 GBP = 103.87

ഡൊണാൾഡ് ട്രംപ് ജൂലൈ പതിമൂന്നിന് ബ്രിട്ടനിലെത്തും; സ്ഥിരീകരണവുമായി പ്രധാനന്ത്രിയുടെ ഓഫീസ്

ഡൊണാൾഡ് ട്രംപ് ജൂലൈ പതിമൂന്നിന് ബ്രിട്ടനിലെത്തും; സ്ഥിരീകരണവുമായി പ്രധാനന്ത്രിയുടെ ഓഫീസ്

ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജൂലൈ പതിമൂന്നിന് ബ്രിട്ടനിലെത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി തെരേസാ മേയുമായി ഉഭയകക്ഷി ചർച്ചകളും ട്രംപ് നടത്തുമെന്ന് ഓഫീസ് അറിയിച്ചു. സന്ദർശനത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വിടുമെന്നാണ് ഓഫീസ് അറിയിച്ചിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ട്രംപിന്റെ യുകെ സന്ദർശനം.

എന്നാൽ ട്രംപിന്റെ ബ്രിട്ടന്‍ സന്ദർ‌ശനങ്ങളിൽ അദ്ദേഹത്തെ കാത്തിരിക്കുന്നത് വൻ പ്രതിഷേധമായിരിക്കും. വിവിധ മുസ്‌ലിം സംഘടനകളും ആക്ടിവിസ്റ്റുകളും ട്രംപിനെതിരേ പ്രതിഷേധിക്കാനുള്ള തയാറെടുപ്പിലാണ്. ലണ്ടൻ മേയർ സാദിഖ് ഖാൻ ഉൾപ്പെടെയുള്ള പ്രമുഖരും ട്രംപിന്റെ സന്ദർശനത്തോട് പരസ്യമായി എതിർപ്പു പ്രകടിപ്പിച്ച് രംഗത്തുണ്ട്.

ലണ്ടനിലെ പുതിയ യുഎസ് എംബസിയുടെ ഉദ്ഘാടനത്തിനായി ജനുവരിയിൽ ബ്രിട്ടനിലെത്താൻ ട്രംപ് തയാറെടുപ്പ് നടത്തിയിരുന്നു. എന്നാൽ പുതിയ എംബസിയുടെ നിർമാണം മോശം ഡീലാണെന്നു കുറ്റപ്പെടുത്തി സന്ദർശനത്തിൽനിന്നും ട്രംപ് സ്വയം പിന്മാറുകയായിരുന്നു. ഇതിനു കാരണം പ്രതിഷേധഭയം തന്നെയായിരുന്നു.

ട്രംപ് 2016 നവംബറിൽ പ്രസിഡന്റായി ചുമതലയേറ്റയുടൻ അമേരിക്കയിലെത്തി അഭിനന്ദിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ബ്രിട്ടൻ സന്ദർശിക്കാൻ ട്രംപിനെ ക്ഷണിച്ചതാണ്. എന്നാൽ ജനങ്ങളുടെ പ്രതികരണം അനുകൂലമല്ലെന്ന് കണ്ടതോടെ പിന്നീട് തെരേസ മേയുടെ ഭാഗത്തുനിന്നോ ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നോ തുടർ നടപടികൾ ഉണ്ടായില്ല. പല വിഷയങ്ങളിലും പിന്നീട് തെരേസ മേയ് ട്രംപിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

അടുത്തിടെ സിറിയയിലെ രാസായുധ കേന്ദ്രങ്ങൾക്കു നേരേ അമേരിക്ക നടത്തിയ മിസൈൽ ആക്രമണത്തിന് ബ്രിട്ടൻ പിന്തുണ നൽകിയതോടെയാണ് വീണ്ടും സൗഹൃദം ഉടലെടുത്തത്. ഇതുമായി ബന്ധപ്പെട്ടു പലതവണ ട്രംപും തെരേസ മേയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അമേരിക്കയിൽ നടത്തിയ സന്ദർശനവും ബ്രിട്ടനെ ചിന്തിപ്പിച്ചിട്ടുണ്ട്. യുഎസിന്റെ അടുത്ത മിത്രമായി ഫ്രാൻസ് മാറുമോ എന്ന് ആശങ്ക ജനിപ്പിക്കാൻ ഇതു കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് താമസിയാതെ ട്രംപിനെ ബ്രിട്ടനിലെത്തിച്ച് ഇരു രാജ്യങ്ങളു തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ ശ്രമം നടക്കുന്നത്.

ബ്രെക്സിറ്റ് ഹിതപരിശോധന വേളയിൽ ലീവ് പക്ഷത്തെ അനുകൂലിച്ച് രംഗത്തെത്തിയതാണ് ട്രംപിനെ ഒരുപക്ഷത്തിന്റെ ശത്രുവാക്കിയത്. പിന്നീട് ട്രംപ് നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾ അദ്ദേഹത്ത ബ്രിട്ടനിലെ മുസ്‌ലിം ജനതയ്ക്കിടയിലും അനഭിമതനാക്കി. ലണ്ടൻ മേയർ ഉൾപ്പെടെയുള്ളവർ ട്രംപിനെതിരേ തിരിയാൻ കാരണമിതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more