1 GBP = 103.89

ഡോണൾഡ്​ ട്രംപിന്‍റെ അക്കൗണ്ട്​ സ്​ഥിരമായി പൂട്ടി ട്വിറ്റർ

ഡോണൾഡ്​ ട്രംപിന്‍റെ അക്കൗണ്ട്​ സ്​ഥിരമായി പൂട്ടി ട്വിറ്റർ

വാഷിങ്​ടൺ: യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ അക്കൗണ്ട്​ ട്വിറ്റർ സ്​ഥിരമായി പൂട്ടി. കാപിറ്റോൾ ആക്രമണത്തെ തുടർന്നാണ്​ നടപടി. ട്രംപിന്‍റെ സമീപകാല ട്വീറ്റുകള്‍ ആക്രമണം പ്രോത്സാഹിപ്പിക്കുന്നതാണെന്ന്​ ട്വിറ്റര്‍ വിശദീകരിച്ചു. 

ഇതോടൊപ്പം ട്രംപിനെ ഇംപീച്ച്​ ചെയ്യാനുള്ള നടപടികൾക്കും അമേരിക്കയിൽ തുടക്കമായെന്നാണ്​ റിപ്പോർട്ടുകൾ​. ഡെമോക്രാറ്റുകളാണ്​ ട്രംപിനെ ഇംപീച്ച്​ ചെയ്യാൻ നീക്കം തുടങ്ങിയത്​. ട്രംപ് ഉടൻ രാജിവെക്കാൻ തയാറായില്ലെങ്കിൽ ഇംപീച്ച്മെന്‍റുമായി മുന്നോട്ട് പോകുമെന്ന് സ്പീക്കർ നാൻസി പെലോസി പറഞ്ഞു. അന്തിമ തീരുമാനമെടുക്കേണ്ടത് യു.എസ് കോണ്‍ഗ്രസാണെന്ന് ജോ ബൈഡന്‍ അറിയിച്ചു.

ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പ​ങ്കെടുക്കില്ലെന്ന്​ ട്രംപ്​ കഴിഞ്ഞ ദിവസം വ്യക്തമാക്കി.യു.എസ് പാർലമെന്‍റിൽ ട്രംപ് അനുകൂലികൾ അതിക്രമിച്ചു കയറിയുണ്ടായ ഏറ്റുമുട്ടൽ യു.എസിനെയാകെ ഞെട്ടിച്ചിരുന്നു. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് കടന്നത്.

കാപിറ്റോളിൽ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ട്രംപിന്‍റെ അക്കൗണ്ട്​ 12 മണിക്കൂർ സമയത്തേക്ക്​ സസ്​പെൻഡ്​ ചെയ്​തിരുന്നു. ഇതിന്​ ശേഷവും ട്രംപ്​ ട്വിറ്ററിന്‍റെ നയങ്ങൾ ലംഘിക്കാൻ തുടങ്ങിയതോടെയാണ്​ അക്കൗണ്ട്​ പൂട്ടിക്കാൻ ട്വിറ്റർ തീരുമാനിച്ചത്​. സമാനമായ സാഹചര്യത്തിൽ ട്രംപിന്‍റെ ഫേസ്​ബുക്ക്​ പേജും മരവിക്കപ്പെട്ടിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തു എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ട്രംപിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.

സമാധാനപരമായ അധികാര കൈമാറ്റം പൂർത്തിയാകുന്നതുവരെ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ ഫേസ്​ബുക്ക്​, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക്​ ഏർപ്പെടുത്തിയിരിക്കുന്ന ‘ബ്ലോക്ക്​’കുറഞ്ഞത്​ രണ്ടാഴ്​ച്ചത്തേക്ക്​ എങ്കിലും അനിശ്ചിതമായി നീട്ടിക്കൊണ്ടിരിക്കുകയാണെന്ന്​ ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സക്കർബർഗ് പറഞ്ഞു​.​ ആക്രമണങ്ങൾക്ക്​ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കു​വെക്കുന്നു എന്ന്​ കാണിച്ചാണ് ബുധനാഴ്​ച്ച​​ ട്രംപിനെതിരെ ട്വിറ്ററും ഫേസ്​ബുക്കും നടപടിയെടുത്തത്​​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more