1 GBP = 103.69

ത്രിപുരയില്‍ താമരപൂത്തുലഞ്ഞു, നാഗാലാന്‍ഡില്‍ ബിജെപി സഖ്യം, മേഘാലയയില്‍ കോണ്‍ഗ്രസിന് ആശ്വാസം

ത്രിപുരയില്‍ താമരപൂത്തുലഞ്ഞു, നാഗാലാന്‍ഡില്‍ ബിജെപി സഖ്യം, മേഘാലയയില്‍ കോണ്‍ഗ്രസിന് ആശ്വാസം

ദില്ലി: മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപിക്ക് വന്‍നേട്ടം. ചെങ്കോട്ടയായിരുന്ന ത്രിപുരയില്‍ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടിയപ്പോള്‍ നാഗാലാന്‍ഡില്‍ ബിജെപി സഖ്യം ഭരണത്തിലേറുമെന്ന് ഉറപ്പായി. മേഘാലയയിലെ ചിത്രത്തിന് വ്യക്തത വന്നിട്ടില്ല. ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത ഇവിടെ തൂക്കുനിയമസഭ വരുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയേക്കും. 60 നിയമസഭാ സീറ്റുകളുള്ള മൂന്ന് സംസ്ഥാനങ്ങളിലും 31 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

25 വര്‍ഷം നീണ്ട സിപിഐഎം ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി ത്രിപുരയില്‍ ഭരണത്തിലേറിയിരിക്കുന്നത്. 60 അംഗനിയമസഭയില്‍ 59 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. 59 സീറ്റുകളില്‍ ബിജെപി-ഐപിഎഫ്ടി സഖ്യം 41 സീറ്റുകള്‍ കരസ്ഥമാക്കി. ബിജെപി തനിച്ച് ഭൂരിപക്ഷം നേടി എന്നതാണ് എടുത്തുപറയേണ്ട വസ്തുത. ഒരു അടിത്തറയും ഇല്ലാതിരുന്ന സംസ്ഥാനത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ശക്തി തെളിയിച്ചിരിക്കുകയാണ് ബിജെപി. ഇടതുപക്ഷം 19 സീറ്റുകളില്‍ ഒതുങ്ങി. ഒന്‍പത് സീറ്റുകളില്‍ മത്സരിച്ച ഐപിഎഫ്ടി എട്ട് സീറ്റുകളിലും വിജയം കരസ്ഥമാക്കി. ഗോത്രമേഖലകളില്‍ ഐപിഎഫ്ടി നടത്തിയ മുന്നേറ്റം ബിജെപി സഖ്യത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി. കഴിഞ്ഞ തവണ 10 സീറ്റുകളും 36 ശതമാനം വോട്ടുകളും നേടിയ കോണ്‍ഗ്രസ് ഇത്തവണ വെറും ഒന്നര ശതമാനം വോട്ടില്‍ മാത്രം ഒതുങ്ങി.

60 അംഗ നാഗാലാന്‍ഡ് നിയമസഭയില്‍ ഭരണകക്ഷിയായ ബിജെപി-എന്‍ഡിപിപി സഖ്യം കേവലഭൂരിപക്ഷം നേടി. 31 സീറ്റുകളിലാണ് സഖ്യം മുന്നേറുന്നത്. ഭരണകക്ഷിയായ എന്‍പിഎഫ് 26 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ എട്ട് സീറ്റുകള്‍ സ്വന്തമാക്കിയ കോണ്‍ഗ്രസ് ഇത്തവണ സംപൂജ്യരായിരിക്കുകയാണ്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന മേഘാലയയിലും ഇത്തവണ ഭരണമാറ്റം ഉണ്ടാകാനാണ് സാധ്യത. തെരഞ്ഞെടുപ്പ് നടന്ന 59 സീറ്റുകളില്‍ 23 സീറ്റുകളിലെ ലീഡോടെ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. വോട്ടെണ്ണല്‍ പൂര്‍ത്തായാകാത്തതിനാല്‍ ചിത്രം വ്യക്തമായിട്ടില്ല. പ്രാദേശികപാര്‍ട്ടിയായ എന്‍പിപി 18 സീറ്റുകളില്‍ മുന്നേറുന്നുണ്ട്. ബിജെപിയ്ക്ക് സംസ്ഥാനത്ത് രണ്ട് സീറ്റുകള്‍ മാത്രമാണ് സ്വന്തമാക്കാനായത്. ഇത്തവണ വന്‍ തയ്യാറെടുപ്പായിരുന്നു ബിജെപി സംസ്ഥാനത്ത് നടത്തിയത്. എന്നാല്‍ അതൊന്നും ഫലവത്തായില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് വ്യക്തമാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more