1 GBP = 104.02

ടോവിനോ ഇനി സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡർ

ടോവിനോ ഇനി സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡർ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി ചലച്ചിത്ര താരം ടോവിനോ തോമസിനെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ബ്രാന്‍ഡ് അംബാസിഡര്‍ പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. സഹജീവികളുടെ നന്മയെയും സുരക്ഷയെയും കരുതി മുന്നോട്ടുവരുന്ന മനുഷ്യര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സംവിധാനം ഒരുക്കുവാനാണ് സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തമുഖങ്ങളില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കുക, ആവശ്യമായ ശാസ്ത്രീയപരിശീലനം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സാമൂഹിക സന്നദ്ധ സേനയില്‍ നിലവില്‍ 3.6 ലക്ഷം അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യഘട്ട പ്രീ മണ്‍സൂണ്‍ പരിശീലനം ഓണ്‍ലൈനായി നടക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനും ചിട്ടയായ പരിശീലനം താഴെ തട്ടില്‍ വരെ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണ്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീർത്ത വെല്ലുവിളികൾ ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തിൽ മറികടന്ന ഒരു ജനതയാണ് നമ്മൾ. ഒത്തൊരുമയോടെയും ദൃഢനിശ്ചയത്തോടെയും തങ്ങളുടെ സഹജീവികളുടെ നന്മയ്ക്കും സുരക്ഷയ്ക്കുമായി പ്രവർത്തിക്കാൻ സന്നദ്ധമായി മുന്നോട്ടു വന്ന മനുഷ്യരാണ് ഈ ഘട്ടങ്ങളിലെല്ലാം നമ്മുടെ കാവലായി മാറിയത്. ഈ കോവിഡ് കാലത്തും ആയിരക്കണക്കിനാളുകൾ ഈ നാടിനു വേണ്ടി അണിചേരുകയും സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയും ചെയ്തു. അവരെ കൂട്ടിച്ചേർക്കുവാനും, കൂടുതൽ ആളുകൾക്ക് സേവനസന്നദ്ധരായി മുന്നോട്ടു വരാനും പ്രവർത്തിക്കാനുമുള്ള ഒരു സംവിധാനം ഒരുക്കുവാനുമായാണ് സംസ്ഥാന സർക്കാർ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. 

ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ ഇത്തരമൊരു സന്നദ്ധ സേന നമുക്ക് വലിയ മുതൽക്കൂട്ടായി മാറും. സാമൂഹിക സന്നദ്ധ സേനയിലേയ്ക്ക് ഇനിയും ഒരുപാട് യുവാക്കാൾ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നത്. സാമൂഹ്യസേവനത്തിൻ്റെ ഈ മഹത് സന്ദേശം അവരിലേയ്ക്ക് പകരാനും, സന്നദ്ധ സേനയുടെ ഭാഗമാകാൻ അവരെ പ്രചോദിപ്പിക്കാനുമായി മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര നടന്മാരിലൊരാളായ ടൊവിനോ തോമസ് മുന്നോട്ടു വന്നിരിക്കുകയാണ്. സന്നദ്ധ സേനയുടെ ബ്രാൻ്റ് അംബാസഡർ ആകുവാനുള്ള ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തതിൽ നന്ദി പറയുന്നു. കഴിഞ്ഞ പ്രളയ കാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായി പങ്കു ചേർന്ന് സമൂഹത്തിനു മാതൃകയായി മാറിയ വ്യക്തികളിലൊരാളാണ് ടൊവിനോ തോമസ്. അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം കൂടുതൽ ആളുകളിലേയ്ക്ക് സന്നദ്ധ സേനയുടെ സന്ദേശമെത്തികാൻ സഹായകരമാകും. സാമൂഹിക സന്നദ്ധ സേനയ്ക്കും ടൊവിനോ തോമസിനും ഹൃദയപൂർവം ഭാവുകങ്ങൾ നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more