1 GBP = 104.00
breaking news

യു.എസിന് പിന്നാലെ ന്യൂസിലാന്‍ഡിലും ടിക്ക് ടോക്കിന് നിരോധനം

യു.എസിന് പിന്നാലെ ന്യൂസിലാന്‍ഡിലും ടിക്ക് ടോക്കിന് നിരോധനം

യു.എസിന് പിന്നാലെ ന്യൂസിലാന്‍ഡിലും ടിക് ടോക്കിന് നിരോധനം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ന്യൂസിലാന്‍ഡ് പാര്‍ലമെന്‍റ് ടിക് ടോക്കിന് നിരോധനമേര്‍പ്പെടുത്തിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ നേരത്തെ ടിക് ടോക്കിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഈ മാസം അവസാനത്തോടെ ടിക് ടോക്ക് നിരോധിക്കും എന്നാണ് പാർലമെന്‍ററി സർവീസ് രാജ്യത്തെ എം.പിമാരെ അറിയിച്ചത്.

ടിക് ടോക്ക് ഉപഭോക്​തൃ ഡാറ്റ ചൈനീസ് സർക്കാരിന്‍റെ കൈകളിൽ എത്തുമെന്ന കാരണം പറഞ്ഞാണ് ആപ്പിന് നിരോധനം ഏർപ്പെടുത്തിയത്. പാർലമെന്‍റ് അംഗങ്ങൾക്ക് അയച്ച ഇമെയിലിൽ, മാർച്ച് 31ന് അവരുടെ കോർപ്പറേറ്റ് ഉപകരണങ്ങളിൽ നിന്ന് ആപ്പ് നീക്കം ചെയ്യുമെന്നും അതിനുശേഷം അത് വീണ്ടും ഡൗൺലോഡ് ചെയ്യാൻ കഴിയില്ലെന്നും വ്യക്തമാക്കുന്നു. ബ്രിട്ടനിലെ നാഷനൽ സൈബർ സെക്യൂരിറ്റി സെന്‍റര്‍ സർക്കാർ ഫോണുകളിൽ നിന്ന് ടിക് ടോക് നിരോധിക്കണമോ എന്ന് പരിശോധിച്ചു വരികയാണ്. കാനഡ, ബെൽജിയം, യൂറോപ്യൻ കമ്മീഷൻ എന്നിവ നേരത്തെ തന്നെ ആപ്പ് നിരോധിച്ചിരുന്നു. സൈബർ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഈ രാജ്യങ്ങളും ആപ്പ് നീക്കം ചെയ്യാൻ ഉത്തരവിട്ടത്. യുവാക്കൾക്കിടയിൽ വളരെ ജനപ്രിയമായ ടിക് ടോക്ക് ലോകത്തിലെ ഏറ്റവും വിജയകരമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. യു.എസില്‍ മാത്രം 100 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്. ടിക് ടോക്കിന്‍റെ യു.എസ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ കൈമാറാൻ ടിക് ടോക്കിനെയും മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിനെയും ചൈനീസ് സർക്കാർ ഉപയോഗിക്കുന്നുവെന്നാണ് യു.എസ് ആരോപിക്കുന്നത്.

എന്നാല്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന ആരോപണങ്ങള്‍ ടിക് ടോക്ക് നിഷേധിച്ചുവരികയാണ്​. അതേസമയം, യു.എസിനെതിരെ രൂക്ഷ പ്രതികരണവുമായി ചൈന തന്നെ രംഗത്തെത്തിയിട്ടുണ്ട്​. ടിക്​​ ടോക്കിനെ തകർക്കാർ യു.എസ്​ നീക്കം എന്നാണ്​ ചൈന പ്രതികരിച്ചത്​. തെറ്റായവിവരങ്ങൾ പ്രചരിപ്പിച്ച് മൊബൈൽ ആപ്ലിക്കേഷനായ ടിക് ടോക്കിനെ അമേരിക്ക തകർക്കാൻ ശ്രമിക്കുന്നുവെന്നാണ്​ ചൈന പറയുന്നത്​. ടിക് ടോക്കിലെ ഓഹരികൾ വിറ്റഴിക്കാൻ കമ്പനിയുടെ ചൈനീസ് ഉടമകളോട് അമേരിക്കൻഭരണകൂടം ആഹ്വാനംചെയ്തെന്ന വാർത്തകളെത്തുടർന്നായിരുന്നു ചൈനയുടെ പ്രതികരണം.

ദേശീയസുരക്ഷക്ക്​ ടിക് ടോക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കാൻ യു.എസിന് കഴിഞ്ഞിട്ടില്ല. ദേശീയസുരക്ഷയുടെ പേരിൽ വിദേശകമ്പനികളെ തകർക്കുന്ന സമീപനമാണ് യു.എസ് സ്വീകരിക്കുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. ഇത്തരം വ്യാജപ്രചാരണങ്ങൾ അമേരിക്ക അവസാനിപ്പിക്കണം. വിദേശകമ്പനികൾക്ക് പ്രവർത്തിക്കാൻ അനുയോജ്യമായ സാഹചര്യമൊരുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more