1 GBP = 103.12

സുരക്ഷാ ഏജൻസി: വിശദീകരണം ആവശ്യപ്പെട്ട് ദിലീപിന് പൊലീസ് നോട്ടീസ് നൽകി

സുരക്ഷാ ഏജൻസി: വിശദീകരണം ആവശ്യപ്പെട്ട് ദിലീപിന് പൊലീസ് നോട്ടീസ് നൽകി

കൊച്ചി: സുരക്ഷയ്ക്കായി സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സഹായം തേടിയ നടൻ ദിലീപിനോട് വിശദീകരണം ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. എന്ത് കാരണത്താലാണ് സുരക്ഷ തേടിയതെന്നാണ് ദിലീപ് പ്രധാനമായും വിശദീകരിക്കേണ്ടി വരിക. തനിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്ന് ദിലീപ് ഇതുവരെ പൊലീസിനോട് പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സേവനം തേടിയതിനെ ഗൗരവമായാണ് പൊലീസ് കാണുന്നത്.
സുരക്ഷാ ഏജൻസിയെ കുറിച്ചുള്ള പൂർണ വിവരങ്ങളും പൊലീസ് തേടിയിട്ടുണ്ട്. ഏജൻസിയുടെ ലൈസൻസ് സംബന്ധിച്ച വിവരങ്ങൾ, പ്രവർത്തന രീതി, സുരക്ഷാ ചുമതലയുള്ള കമാൻഡോകൾ തോക്കുകൾ ഉപയോഗിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ ഏത് തരത്തിലുള്ള തോക്കുകളാണ് അവ, മറ്റേതെങ്കിലും തരത്തിലുള്ള ആയുധങ്ങളുണ്ടോ, സുരക്ഷാ കമാൻഡോകളുടെ പേരുവിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെല്ലാം വിലയിരുത്തിയ ശേഷമാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.

ഗോവ ആസ്ഥാനമായ തണ്ടർഫോഴ്സാണ് ദിലീപിന് സുരക്ഷ ഒരുക്കുന്നത്. ഏജൻസിയുടെ മൂന്ന് കമാൻഡോകൾ വെള്ളിയാഴ്ച മുതൽ ദിലീപിനൊപ്പം ചേർന്നിരുന്നു. ആയുധധാരികളായ ഇവർ 24 മണിക്കൂറും കൂടെയുണ്ടാകും. ഗോവക്കാരായ മുൻ പട്ടാളക്കാരാണ് കമോൻഡോകൾ. ഒരാൾക്ക് 25,000 രൂപയാണ് മാസ ശമ്പളം. ഭക്ഷണവും താമസസൗകര്യവും ദിലീപ് നൽകും. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന തണ്ടർഫോഴ്സിന്റെ ഉടമ നാവികസേനയിൽ നിന്ന് ലഫ്‌റ്റനന്റ് കമാൻഡറായി വിരമിച്ച കാസർകോട് സ്വദേശി അനിൽ നായരാണ്. കോഴിക്കോട് സിറ്റി പൊലീസ് മുൻ കമ്മിഷണർ പി.എ. വത്സൺ ഐ.പി.എസിനാണ് കേരളത്തിന്റെ ചുമതല. ഉപദ്രവിച്ചാൽ പ്രതിരോധിക്കുക, അക്രമികളെ കൈയോടെ പിടികൂടി പൊലീസിന് കൈമാറുക എന്നിവയാണ് കമാൻഡോകളുടെ ദൗത്യം. ഗോവ സർക്കാരിന്റെ ആൾ ലൈസൻസുള്ള പിസ്‌റ്റലാണ് ഉപയോഗിക്കുന്നത്.

11 സംസ്ഥാനങ്ങളിൽ തണ്ടർഫോഴ്‌സ് സജീവമാണ്. രാജ്യവ്യാപകമായി 7,000 ജീവനക്കാരുള്ള തണ്ടർഫോഴ്സിൽ ഭൂരിഭാഗവും വിരമിച്ച പട്ടാളക്കാരാണ്. കേരളത്തിൽ കോഴിക്കോടാണ് ആസ്ഥാനം. പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ ഓഫീസുണ്ട്. പത്തു വർഷമായി ഗോവയിലുണ്ടെങ്കിലും നാലു വർഷം മുമ്പാണ് തണ്ടർഫോഴ്സ് കേരളത്തിലെത്തിയത്. സംസ്ഥാനത്ത് മൂന്നു വ്യവസായികൾക്ക് ഇവരുടെ സുരക്ഷയുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more