1 GBP = 104.21

പുരോഹിതർ അടക്കം 160 ജീവനക്കാർക്ക് കൊവിഡ്; തിരുപ്പതി ക്ഷേത്രം അടക്കില്ലെന്ന് അധികൃതർ

പുരോഹിതർ അടക്കം 160 ജീവനക്കാർക്ക് കൊവിഡ്; തിരുപ്പതി ക്ഷേത്രം അടക്കില്ലെന്ന് അധികൃതർ

പുരോഹിതർ അടക്കം 160 ജീവനക്കാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും തിരുപ്പതി ക്ഷേത്രം അടക്കില്ലെന്ന് അധികൃതർ. ശ്രീ പെഡ്ഡ ജീയാർ സ്വാമി മഠത്തിലെ പുരോഹിതനാണ് തിരുപ്പതി ക്ഷേത്രത്തിൽ അവസാനമായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു എന്നും മഠത്തിലിരുന്ന് തന്നെ ചികിത്സിക്കാമെന്ന് 63 കാരനായ പുരോഹിതൻ അറിയിച്ചതായി ക്ഷേത്രം അധികൃതർ പറയുന്നു.

ക്ഷേത്രത്തിലെ 16 പൂജാരിമാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ലഡ്ഡു ഉണ്ടാക്കുന്ന 16 ജോലിക്കാരും 56 സുരക്ഷാ ഉദ്യോഗസ്ഥരും കൊവിഡ് പോസിറ്റീവായെന്ന് എബിപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇവരൊക്കെ ദർശനത്തിനെത്തുന്ന ഭക്തരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്നവരാണ്. ഇതുവരെ ക്ഷേത്രദർശനം നടത്തിയ ഒരു ഭക്തനും കൊവിഡ് സ്ഥിരീകരിക്കാത്തതു കൊണ്ട് തന്നെ ക്ഷേത്രം അടക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. ഈ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. ക്ഷേത്രത്തിലെ ഒരു പൂജാരിയും അധികൃതരുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.

ലോക്ക്ഡൗണിൽ അടച്ച ക്ഷേത്രം ജൂൺ 11നാണ് വീണ്ടും തുറന്നത്. 6000 പേരെ മാത്രമെ ഒരു ദിവസം ദർശനത്തിന് അനുവദിക്കൂ എന്നായിരുന്നു തീരുമാനം. 10 വയസിൽ താഴെയുള്ളവരെയും 65 വയസിന് മുകളിൽ ഉള്ളവരെയും ദർശനത്തിന് അനുവദിക്കില്ല. മണിക്കൂറിൽ 300 മുതൽ 500 വരെ ഭക്തർക്കാവും ദർശന സൗകര്യം. ഇതിനായി ക്യൂ കോംപ്ലക്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പുനക്രമീകരിച്ചിരുന്നു.

ജൂൺ എട്ടു മുതൽ രാജ്യത്തെ ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകിയതോടെയാണ് തിരുപ്പതി ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more