1 GBP = 103.96

പ്രിയസഖാവിനരികിൽ പിണറായി; കോടിയേരിയുടെ ഭൗതികശരീരത്തിന് സമീപത്ത് നിന്ന് മാറാതെ മുഖ്യമന്ത്രി

പ്രിയസഖാവിനരികിൽ പിണറായി; കോടിയേരിയുടെ ഭൗതികശരീരത്തിന് സമീപത്ത് നിന്ന് മാറാതെ മുഖ്യമന്ത്രി

തലശേരി ടൗൺ ഹാളിൽ കോടിയേരിയുടെ മൃതദേഹത്തിന് അരികെ തന്നെ തുടരുകയാണ് മുഖ്യമന്ത്രി

കണ്ണൂർ: പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതീകശരീരത്തിന് അരികെ നിന്ന് മാറാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം മുതൽ തന്നെ മുഖ്യമന്ത്രി തലശേരി ടൗൺ ഹാളിലുണ്ടായിരുന്നു. ഇപ്പോഴും അദ്ദേഹം കോടിയേരിയുടെ മൃതദേഹത്തിന് അരികെ തന്നെ തുടരുകയാണ്. എം എ ബേബിയും എസ് രാമചന്ദ്രൻ പിള്ളയും ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പിണറായിക്ക് സമീപത്തുണ്ട്.

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദർശനത്തിനായി തലശ്ശേരിയിൽ എത്തിച്ചപ്പോൾ അതിവൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷിയായത്. മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. ടൗണ്‍ ഹാളിലേക്ക് എത്തിയ കോടിയേരിയുടെ ഭാര്യ വിനോദിനി വിങ്ങിപ്പൊട്ടി തളർന്നുവീണു. തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് കണ്ണൂരിലേക്ക് ഒഴുകിയെത്തുന്നത്.

വൈകുന്നേരം മൂന്നരയോടെ ടൗണ്‍ ഹാളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിനരികെ എത്തിയ കോടിയേരിയുടെ കുടുംബത്തോട് മുഖ്യമന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ കമല ഇവരെ ആശ്വസിപ്പിച്ച് മൃതദേഹത്തിനടുത്തേക്ക് എത്തിച്ചു. തുടർന്ന് മൃതദേഹത്തിനരികിലേക്ക് പോയ വിനോദിനി വിങ്ങിപ്പൊട്ടി മോഹാലസ്യപ്പെട്ട് വീഴുകയായിരുന്നു. ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി, മകന്റെ ഭാര്യ, സിപിഎം നേതാക്കളായ പികെ ശ്രീമതി, കെകെ ഷൈലജ അടക്കമുള്ളവർ ചേർന്ന് ഇവരെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു കോടിയേരിയുടെ അന്ത്യം. ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള വിലാപ യാത്രയില്‍ ആയിര കണക്കിന് പേര്‍ അഭിവാദ്യങ്ങള്‍പ്പിച്ചു. ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ മൃതദേഹം വഹിച്ചുള്ള വാഹനം നിര്‍ത്തിയിരുന്നു.

തലശ്ശേരിയിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രി 12 മണിയോടെ മൃതദേഹം കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെപത്ത് മണിവരെ അവിടെ പൊതുദര്‍ശനം ഉണ്ടാകും. 11 മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more