1 GBP = 103.65
breaking news

ചൈനക്ക് പിന്നാലെ കൈത്തറി ഉൾപ്പെടെയുള്ള 50ഓളം ഇന്ത്യൻ ഉത്പന്നങ്ങൾക്കും ഇറക്കുമതി ചുങ്കത്തിലെ ഇളവ് നീക്കി

ചൈനക്ക് പിന്നാലെ കൈത്തറി ഉൾപ്പെടെയുള്ള 50ഓളം ഇന്ത്യൻ ഉത്പന്നങ്ങൾക്കും ഇറക്കുമതി ചുങ്കത്തിലെ ഇളവ് നീക്കി

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള 50 ഉൽപന്നങ്ങൾക്ക് ഇറക്കുമതി ചുങ്കത്തിൽ അനുവദിച്ചിരുന്ന ഇളവ് അമേരിക്കൻ ഭരണകുടം റദ്ദാക്കി. കൈത്തറി, കാർഷിക ഉൽപന്നങ്ങളാണ് ഇവയിലേറെയും. ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ബന്ധം ഉലയുന്നതിന്റെ സൂചനയാണിതെന്ന് കരുതുന്നു.

ഇറക്കുമതി ചുങ്കത്തിൽ വിവിധ രാജ്യങ്ങളുടെ 90 ഉൽപന്നങ്ങൾക്കു നൽകിയിരുന്ന ഇളവ് പിൻവലിച്ച് ചൊവ്വാഴ്‌ചയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിറക്കിയത്. അമേരിക്കയ്‌ക്ക് ഏറ്റവും താത്‌പര്യമുള്ള രാജ്യങ്ങൾക്കുള്ള (മോസ്റ്റ് ഫേവേർഡ് നേഷൻ ) ഡ്യൂട്ടി നിരക്കുകളിൽ ഉൾപ്പെടുത്തി ഇവയ്‌ക്ക് തുടർന്നും ഇളവ് നൽകാനും ചട്ടമുണ്ട്.

ഏകദേശം 560 കോടി ഡോളറിന്റെ സാധനങ്ങൾ ഇളവ് നേടി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യയ്‌ക്ക് ട്രംപിന്റെ ഉത്തരവ് തിരിച്ചടിയാകും. 50 ഉൽപന്നങ്ങളിൽ ഏറെയും കൈത്തറി, കാർഷിക മേഖലയിൽ നിന്നുള്ളവ ആയതിനാൽ ചെറുകിട, ഇടത്തരം വ്യവസായങ്ങളെയാണ് അതു ബാധിക്കുക. ഉയർന്ന ചുങ്കം നൽകിയാലേ ഇവ തുടർന്നും കയറ്റുമതി ചെയ്യാനാകൂ.

സഖ്യ രാജ്യങ്ങളുടെ സാമ്പത്തിക വികസനം ലക്ഷ്യമിട്ട് ആയിരക്കണക്കിന് ഉൽപന്നങ്ങൾക്ക് പണ്ടുമുതൽ അമേരിക്ക ഇറക്കുമതി ചുങ്കത്തിൽ ഇളവ് നൽകുന്നുണ്ട്. ഇളവ് മുതലെടുത്ത് അനുവദിച്ചതിലും കൂടുതൽ ഉൽപന്നങ്ങൾ ഈ രാജ്യങ്ങൾ കയറ്റുമതി ചെയ്യുന്നതിനാലാണ് തീരുമാനമെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. ഇന്ത്യയ്‌ക്കൊപ്പം ബ്രസീൽ, അർജന്റീന, തായ്‌ലൻഡ്, സുരിനാം, പാകിസ്ഥാൻ, ഇക്വഡോർ, ഫിലിപ്പീൻസ്, ഇൻഡോനേഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്കും ഇളവ് നഷ്‌ടമായി. ഇളവ് പിൻവലിക്കുമെന്ന സൂചന കിട്ടിയപ്പോൾ തന്നെ ഇന്ത്യ ഔദ്യോഗികമായി ഇടപെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.

ഇളവ് നഷ്‌ടമായ ഇന്ത്യൻ ഉൽപന്നങ്ങൾ:

ഡൈ ഉള്ളതും ഇല്ലാത്തതുമായ പരുത്തി കൊണ്ടുള്ള സർട്ടിഫൈഡ് കൈത്തറി വസ്‌ത്രങ്ങൾ, കൈത്തറി കാർപ്പെറ്റുകൾ, വിരിപ്പുകൾ, മനുഷ്യ നിർമ്മിത തുണിത്തരങ്ങൾ, അടയ്‌ക്ക (ഉണക്കിയതും അല്ലാത്തതും), ടർപ്പന്റൈൻ ഗം, മാങ്ങ അച്ചാറുകളും മറ്റും, സാൻഡ്സ്‌റ്റോൺ, ബേരിയം ക്ളോറൈഡ്, ഉപ്പ്, ഈസ്‌റ്റ്, പുളി, ട്രൈ മീതൈൽ ഫോസ്‌ഫേറ്റ്, കന്നുകാലികളുടെ തുകൽ, സ്വർണം പൂശിയ ആഭരണങ്ങൾ, കീബോർഡ്, ഹാർമോണിയം തുടങ്ങിയ സംഗീത ഉപകരണങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more