1 GBP = 104.00

ശശികലയുടെ സ്വപ്നങ്ങള്‍ക്ക് കൂച്ച് വിലങ്ങിട്ട് ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ട്; ഇപ്പോള്‍ മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല, എംഎല്‍എമാരെ തടവിലാക്കിയെന്ന ആരോപണവും അന്വേഷിക്കണം

ശശികലയുടെ സ്വപ്നങ്ങള്‍ക്ക് കൂച്ച് വിലങ്ങിട്ട് ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ട്; ഇപ്പോള്‍ മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല, എംഎല്‍എമാരെ തടവിലാക്കിയെന്ന ആരോപണവും അന്വേഷിക്കണം

ചെന്നൈ: മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് വന്‍തിരിച്ചടി നല്‍കി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനാകില്ലെന്നും ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനധികൃതസ്വത്ത് സമ്പാദനക്കേസിലെ കോടതിവിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനമെന്നും അതുവരെ തമിഴ്‌നാട്ടില്‍ നിലവിലെ സ്ഥിതി തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശശികല നിലവില്‍ എംഎല്‍എ അല്ലെന്നും ആറു മാസത്തിനുള്ളില്‍ എംഎല്‍എ ആകുമെന്ന് ഉറപ്പില്ലെന്നും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിയമവിദഗ്ദരില്‍ നിന്നും കൂടുതല്‍ പഠിച്ച ശേഷം മാത്രം, ഇക്കാര്യത്തില്‍ തീരുമാനം മതിയെന്നുമാണ് ഗവര്‍ണറുടെ നിര്‍ദേശമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എംഎല്‍എമാര്‍ തടവിലാണെന്ന് വാര്‍ത്തകളില്‍ ആശങ്കയുണ്ടെന്നും അക്കാര്യം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയ റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറിയത്. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കു ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ രൂക്ഷമായ ഭരണപ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്നും മൂന്നു പേജുള്ള റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നു.

അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ അന്തിമ വിധി വരുന്നതുവരെ ശശികല മുഖ്യമന്ത്രിയാകുന്നതു തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്കു മാറ്റിവച്ചിരുന്നു. ഈ മാസം പതിനേഴിലേക്കാണ് കേസ് മാറ്റിവച്ചത്. ശശികല അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയായശേഷം ശശികലയെ കോടതി ശിക്ഷിച്ചാല്‍ അവര്‍ രാജിവയ്‌ക്കേണ്ടിവരും. അങ്ങനെ വന്നാല്‍ തമിഴ്‌നാട്ടില്‍ കലാപമുണ്ടായേക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more